Image

കോവിഡ് വകഭേദങ്ങൾ, വാക്സിനെടുക്കാത്തവർക്ക്  ഭീഷണി; വാക്സിൻ പുരുഷ ബീജത്തിന്റെ എണ്ണം കുറക്കില്ല 

Published on 21 June, 2021
കോവിഡ് വകഭേദങ്ങൾ, വാക്സിനെടുക്കാത്തവർക്ക്  ഭീഷണി; വാക്സിൻ പുരുഷ ബീജത്തിന്റെ എണ്ണം കുറക്കില്ല 

സിഡിസി പുറത്തുവിട്ട കണക്കുപ്രകാരം, യുഎസ് ജനസംഖ്യയുടെ 45.1 % മാത്രമേ വാക്സിൻ സീരീസ് പൂർത്തിയാക്കിയിട്ടുള്ളു. 50 സംസ്ഥാനങ്ങളുള്ള രാജ്യത്ത് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചവരിൽ പകുതിയിൽ അധികവും 16 സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. അതായത്, ചില സംസ്ഥാനങ്ങൾ വാക്സിനേഷൻ പ്രക്രിയയിൽ മുന്നേറ്റം കാഴ്ച്ചപ്പോൾ ഭൂരിഭാഗം സ്റ്റേറ്റുകളും ഒപ്പം നടന്നെത്തിയിട്ടില്ലെന്ന് മാത്രമല്ല ഏറെ പിന്നിലുമാണ്. അലബാമ, അർകൻസാസ്,ലൂസിയാന, മിസിസിപ്പി,ടെന്നസി,വ്യോമിംഗ് എന്നീ സ്റ്റേറ്റുകളിൽ 35 ശതമാനത്തിൽ താഴെ ആളുകൾക്കേ വാക്സിനേഷൻ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുള്ളൂ.
കോവിഡ് പൊട്ടിപ്പുറപ്പെട്ട് 500 ദിവസങ്ങൾകൊണ്ട്, അമേരിക്കയിലെ 6 ലക്ഷത്തിലധികം പേർ രോഗത്തിന് കീഴടങ്ങി മരണംവരിച്ചു. നിലവിൽ, റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ സിംഹഭാഗവും ഉഗ്രവ്യാപനശേഷിയുള്ള ഡെൽറ്റ വേരിയന്റ് മൂലമാണ്. ഈ ഭീഷണിയെ മറികടക്കാനുള്ള ഏക പോംവഴി വാക്സിനേഷൻ ഊർജ്ജിതപ്പെടുത്തുക മാത്രമാണെന്ന് മുൻ എഫ് ഡി എ കമ്മീഷണർ സ്കോട്ട് ഗോട്ലീബ് വ്യക്തമാക്കി. വെർമോണ്ടിലും കണക്റ്റികട്ടിലും വാക്സിനേഷൻ നിരക്ക് 80 ശതമാനത്തിലധികം ആയിരിക്കെ പലയിടങ്ങളിലുമത് 50 ശതമാനത്തിൽ താഴെയാണെന്നും  ചൂണ്ടിക്കാട്ടി.
അടുത്തിടെ നടന്ന ഗവേഷണം വിരൽ ചൂണ്ടുന്നതും വാക്സിനേഷൻ നിരക്ക് കുറഞ്ഞ പ്രദേശങ്ങളിൽ കോവിഡ് മൂലമുള്ള  അപകടസാധ്യത കൂടുമെന്നാണ്.
രാജ്യം എന്ന നിലയിൽ അമേരിക്ക കോവിഡ് പ്രതിരോധത്തിൽ മികച്ച മുന്നേറ്റം കൈവരിച്ചെങ്കിലും വാക്സിൻ വിതരണത്തിലെ അസമത്വം ആശങ്ക ഉണർത്തുന്നു  എന്നും ഗോട്ലീബ് അഭിപ്രായപ്പെട്ടു.  
ഗാമാ വേരിയന്റ് അഥവാ P.1 വകഭേദവും അപകടകാരിയാണെന്നും മുന്നറിയിപ്പുണ്ട് .ബ്രസീലിൽ കണ്ടെത്തിയ ഈ വേരിയന്റിനെ നേരിടാനും ആളുകളിലേക്ക് എത്രയും വേഗം വാക്സിൻ എത്തിക്കേണ്ടതുണ്ട്. 
ഫൈസറിന്റെയും മോഡേണയുടേയുടെയും ഇരു ഡോസ് അടങ്ങുന്ന വാക്സിൻ, വകഭേദങ്ങൾ നേരിടുന്നതിൽ 96 % ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സിംഗിൾ ഡോസ് വാക്സിനായ ജോൺസൺ ആൻഡ് ജോൺസൺ കോവിഡ് വേരിയന്റിനെതിരെ എത്രമാത്രം ഫലപ്രദമാണെന്ന് തെളിയിക്കുന്ന ഡാറ്റ ലഭിച്ചിട്ടില്ലെന്നാണ് സർജൻ ജനറൽ വിവേക് മൂർത്തി പറഞ്ഞിരുന്നത്. എന്നാൽ, ജെ & ജെ യുടെ ഒറ്റ ഡോസ് സ്വീകരിച്ചവർക്കും ഡെൽറ്റ വേരിയന്റ് മൂലം  രോഗം ബാധിച്ചപ്പോൾ ആശുപത്രിയിൽ പ്രവേശിക്കേണ്ട സാഹചര്യം വന്നില്ലെന്നും രോഗതീവ്രത കുറയ്ക്കാനും മരണസാധ്യത ഇല്ലാതാക്കാനും വാക്സിൻ സഹായകമാണെന്നും  കണ്ടെത്തിയിട്ടുണ്ട്.

ഫൈസർ, മോഡേണ വാക്സിനുകൾ ബീജങ്ങളുടെ എണ്ണം കുറയ്ക്കുന്നില്ലെന്ന് പഠനം 

ഫൈസറിന്റെയോ  മോഡേണയുടെയോ കോവിഡ് വാക്സിൻ ലഭിച്ച പുരുഷന്മാരുടെ ബീജങ്ങളുടെ എണ്ണത്തിലോ ഗുണത്തിലോ കുറവുണ്ടായിട്ടില്ലെന്ന് മയാമി യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ  പുതിയ പഠനത്തിൽ കണ്ടെത്തി.

18 നും 50 നും ഇടയിൽ പ്രായമുള്ള ആരോഗ്യവാന്മാരായ  45 പുരുഷന്മാരെയാണ് പഠനവിധേയരാക്കിയത്. ആദ്യ വാക്സിൻ ഡോസ് സ്വീകരിക്കുന്നതിന് മുമ്പും രണ്ടാമത്തെ ഡോസ് സ്വീകരിച്ച്  70 ദിവസത്തിനുശേഷവും ബീജത്തിന്റെ ഗുണനിലവാരം പരിശോധിച്ചാണ് പഠനം നടത്തിയത്. വാക്സിന് മുൻപും പിൻപും ബീജത്തിൽ മാറ്റങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് പഠന റിപ്പോർട്ട്.

എം‌ആർ‌എൻ‌എ അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ച ഫൈസർ, മോഡേണ എന്നീ  വാക്സിനുകളിൽ  ശുക്ലത്തെ ബാധിക്കുന്ന ഘടകങ്ങൾ ഇല്ലെന്നതാണ് ഇതിന്റെ കാരണമായി  
മയാമി യൂണിവേഴ്സിറ്റിയിലെ പുരുഷ പ്രത്യുത്പാദന വിഭാഗം ഡയറക്ടർ ഡോ. രഞ്ജിത്ത് രാമസാമി പറഞ്ഞത്.
അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേണലിൽ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച കണ്ടെത്തൽ, വാക്സിൻ മൂലം പ്രത്യുത്പാദന ശേഷി കുറയുമോ എന്ന് ആശങ്കപ്പെടുകയും പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന പുരുഷന്മാരുടെ ഭയാശങ്കകൾ ഇല്ലാതാക്കാൻ സഹായകമാകുമെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു.

300 മില്യൺ ഷോട്ടുകൾ നൽകി യു എസ് പുതിയ നാഴികക്കല്ല് തീർത്തെന്ന് ബൈഡൻ 

ന്യൂയോർക്ക്, ജൂൺ 19 : കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വളരെഊഷ്മളമായ ഒരു  വേനൽക്കാലത്തെയാണ് രാജ്യം വരവേൽക്കാൻ ഒരുങ്ങുന്നതെന്ന് 300 മില്യൺ വാക്സിൻ ഡോസുകൾ അമേരിക്കൻ ജനതയ്ക്ക് എത്തിച്ച സന്തോഷം പങ്കുവച്ചുകൊണ്ട് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. അദ്ദേഹം അധികാരമേറ്റ 150 ദിവസത്തിനുള്ളിൽ വലിയൊരു നേട്ടമാണ് ഉണ്ടായിരിക്കുന്നത്.

ജൂലൈ നാലിന് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി  ആയിരത്തിലധികം പേർക്ക് ആതിഥേയത്വം വഹിക്കാനുള്ള പദ്ധതികളും  വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു.
അതിഥികൾ എന്ന നിലയിൽ പ്രധാനമായും മുൻ‌നിര പ്രവർത്തകരെയും അവരുടെ കുടുംബങ്ങളെയും ഉൾപ്പെടുത്തും.

ബൈഡന്റെ പ്രസിഡൻസിയിൽ  ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച്  ഏറ്റവും വലിയ വ്യക്തിഗത സംഭവങ്ങളിലൊനന്നായിരിക്കും ഇത്. കോവിഡിന്റെ പശ്ചാത്തലത്തിൽ, അദ്ദേഹത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ഉൾപ്പെടെയുള്ള പരിപാടികൾക്ക്  പരിധി ഏർപ്പെടുത്തിയിരുന്നു.

ജൂലൈ 4 നകം 70 ശതമാനം അമേരിക്കക്കാർക്കും  ഒരു ഡോസ് വാക്സിനെങ്കിലും നൽകാനാണ് ബൈഡൻ ഭരണകൂടം ലക്ഷ്യമിട്ടിരുന്നത്. പ്രതിരോധ കുത്തിവയ്പ്പുകളുടെ വേഗത ഏപ്രിലിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ നിന്ന് കുത്തനെ ഇടിഞ്ഞു. നിലവിൽ  65 ശതമാനമാണ് വാക്സിനേഷൻ നിരക്ക്.
 അമേരിക്കയിലെ ആകെയുള്ള  50 സംസ്ഥാനങ്ങളിൽ 26 സംസ്ഥാനങ്ങളിൽ  50 ശതമാനത്തിന് മുകളിലാണ് വാക്സിനേഷൻ നിരക്കെന്ന്  വൈറ്റ് ഹൗസ് കണക്കുകൾ വ്യക്തമാക്കുന്നു.

സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഡാറ്റയുടെ അടിസ്ഥാനത്തിൽ, യുഎസ് ജനസംഖ്യയുടെ 42.6 ശതമാനം ഇപ്പോൾ പൂർണ്ണമായും വാക്സിനേഷൻ സ്വീകരിച്ചിട്ടുണ്ട് . യുഎസിലെ കോവിഡ് കേസുകളും ആശുപത്രികളിൽ കഴിയുന്നവരുടെ എണ്ണവും  മരണസംഖ്യയും  ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്.

 വാക്സിനേഷൻ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നുണ്ടെങ്കിലും, ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ വകഭേദമായ  ഡെൽറ്റ വേരിയന്റ് മൂലമുള്ള കേസുകൾ കുതിച്ചുയരുന്നത്കു ആശങ്ക ഉണർത്തുന്നു. ഇത് യുഎസിലെ പ്രധാന സമ്മർദ്ദമായി മാറുമെന്നും സിഡിസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിലവിലെ വാക്സിൻ ഡെൽറ്റ വേരിയന്റിൽ നിന്ന് സംരക്ഷിക്കുമെന്ന് സിഡിസി അമേരിക്കക്കാരോട് പറയുന്നു. അതുകൊണ്ടുതന്നെ എത്രയും വേഗം ആളുകൾ ഡോസ് സ്വീകരിക്കേണ്ടത് പ്രധാനമാണ്.
വകഭേദങ്ങളിൽ വച്ച് ഏറ്റവും അപകടകാരിയാണ് കണക്കാക്കുന്ന ഡെൽറ്റ വാരിയന്റിൽ നിന്ന് പരിരക്ഷ ഉറപ്പാക്കാൻ വാക്സിന്റെ ഇരുഡോസുകൾ എടുക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക