Image

മെറീനയുടെ ശക്തമായ നഴ്‌സ് കഥാപാത്രവുമായി 'വെയില്‍ വീഴവേ'; ആന്തോളജി ചിത്രം 'ചെരാതുകള്‍'

Published on 21 June, 2021
മെറീനയുടെ ശക്തമായ നഴ്‌സ് കഥാപാത്രവുമായി 'വെയില്‍ വീഴവേ'; ആന്തോളജി ചിത്രം 'ചെരാതുകള്‍'

ആറ് നവാഗത സംവിധായകരുടെ ആറു കഥകള്‍ ചേര്‍ന്ന 'ചെരാതുകള്‍' എന്ന ആന്തോളജി ചിത്രം പുറത്തിറങ്ങി. ജൂണ്‍ 17ന്  പ്രമുഖ പത്ത് ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ ആയിരുന്നു റിലീസ്. മറീന മൈക്കില്‍, ആദില്‍ ഇബ്രാഹിം, മാല പാര്‍വതി, ഐ.വി ജുനൈസ്, മനോഹരി ജോയ്, ദേവകി രാജേന്ദ്രന്‍, പാര്‍വതി അരുണ്‍, ശിവജി ഗുരുവായൂര്‍, ബാബു അന്നൂര്‍ എന്നിവരാണ് ആറു കഥകളിലായി പ്രധാന വേഷത്തില്‍ എത്തുന്നത്.

'വെയില്‍ വീഴവേ' എന്ന കഥയിലാണ് കരിയറിലെ തന്നെ തികച്ചും വ്യത്യസ്തമായ റോളില്‍ മറീന മൈക്കിള്‍ എത്തിയിരിക്കുന്നത്. വയോധികനെ ശുശ്രൂഷിക്കാന്‍ എത്തുന്ന ഹോം നഴ്‌സ് ആയാണ് മറീന ചിത്രത്തില്‍ എത്തുന്നത്. നിര്‍മാതാവ് കൂടിയായ ഡോ. മാത്യു മാമ്പ്രയാണ് വയോധികന്റെ വേഷത്തില്‍ അഭിനയിച്ചിരിക്കുന്നത്. മുന്‍പ്, അല്‍പം തന്റേടിയായ വേഷങ്ങളിലാണ് പ്രേക്ഷകര്‍ മറീനയെ കൂടുതലും കണ്ടിരിക്കുന്നത്. എന്നാല്‍ ചെരാതുകളിലെ  'വെയില്‍ വീഴവേ' എന്ന കഥയിലെ കഥാപാത്രത്തെ  വളരെ ബോള്‍ഡായി തന്മയത്വത്തോടെ പ്രേക്ഷകരിലേക്ക് എത്തിച്ചുകൊണ്ട് തനിക്ക് എല്ലാത്തരം വേഷങ്ങളിലും പെര്‍ഫോം ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് മറീന മൈക്കിള്‍. പപ്പ എന്ന് വിളിക്കുന്ന വയോധികനും അയാളെ ശുശ്രൂഷിക്കാന്‍ പുതുതായി എത്തുന്ന ഹോം നഴ്‌സിന്റെയും കഥയാണ് വെയില്‍ വീഴവേ. തന്റെ കാഴ്ചപ്പാടും ഇഷ്ടങ്ങളും സമൂഹം എങ്ങനെ സ്വീകരിച്ചാലും പ്രശ്‌നമില്ലെന്ന് ഓര്‍മപ്പെടുത്തുന്ന കഥാപാത്രമാണ് മറീനയുടേത്.  

മുന്‍പ് മമ്മൂട്ടി, സുരേഷ് ഗോപി, ആസിഫ് അലി തുടങ്ങി നാല്പതോളം ചലച്ചിത്ര പ്രവര്‍ത്തകര്‍ ചേര്‍ന്ന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറില്‍ ഡോ. മാത്യു മാമ്പ്രയാണ് ചെരാതുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഷാജന്‍ കല്ലായി, ഷാനൂബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കല്‍, ശ്രീജിത്ത് ചന്ദ്രന്‍, ജയേഷ് മോഹന്‍ എന്നീ ആറ് സംവിധായകര്‍ ചേര്‍ന്നാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

ജോസ്‌കുട്ടി ഉള്‍പ്പടെ ആറു ഛായാഗ്രഹകരും, സി.ആര്‍ ശ്രീജിത്ത് അടങ്ങുന്ന ആറു ചിത്രസംയോജകരും ഒരുമിക്കുന്ന ചിത്രത്തിന്റെ സംഗീതം മെജ്ജോ ജോസഫ് തുടങ്ങിയ ആറു സംഗീത സംവിധായകര്‍ നിര്‍വഹിക്കുന്നു. വിധു പ്രതാപ്, നിത്യ മാമ്മന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക