Image

ചെറുക്കനും പെണ്ണിനും ഇഷ്ടമായ സ്ഥിതിക്ക് ബാക്കി കാര്യങ്ങളിലേയ്ക്ക് കടക്കാം

ജോബിന്‍സ് തോമസ് Published on 22 June, 2021
ചെറുക്കനും പെണ്ണിനും ഇഷ്ടമായ സ്ഥിതിക്ക് ബാക്കി കാര്യങ്ങളിലേയ്ക്ക് കടക്കാം
'ചെറുക്കനും പെണ്ണിനും ഇഷ്ടമായ സ്ഥിതിക്ക് ബാക്കി കാര്യങ്ങളിലേയ്ക്ക് കടക്കാം ' .പെണ്ണ് കാണാന്‍ വന്ന ചെറുക്കന്‍ വീട്ടുകാരിലെ കാരണവരായിരിക്കും സാധാരണ ഈ ഡയലോഗ് പറയുക. ഈ ഡയലോഗിലെ 'ഇഷ്ടം ' ഒരു പക്ഷെ വീട്ടുകാരുടെ നിര്‍ബന്ധം കൊണ്ടുള്ള ഇഷ്ടമായിരിക്കാം. എന്നാല്‍ എന്താണ് ഈ ബാക്കികാര്യങ്ങള്‍
 വിവാഹതിയതിയും നടത്തേണ്ട സ്ഥലവുമൊക്കെ ഇതില്‍ പെടും എന്നാല്‍ ഈ ബാക്കികാര്യങ്ങള്‍ എന്നതിലെ പ്രധാന കാര്യം സ്ത്രീധനം തന്നെയാണ്. 

വധുവരന്‍മാരുടെ മാതാപിതാക്കളും വേണ്ടപ്പെട്ടവരും ഒന്നിച്ചിരുന്നു ജാതിയുടേയും മതത്തിന്റേയും തറവാട്ടുമഹിമയുടേയും വിദ്യാഭ്യാസത്തിന്റേയും ജോലിയുടേയും ഒത്തുനോക്കലുകള്‍ക്ക് ശേഷം പറഞ്ഞുറപ്പിക്കുന്ന സ്ത്രീധന കണക്ക് തന്നെയാണിത്

ഏറ്റവുമൊടുവില്‍ കേരളത്തിലെ രണ്ടു സംഭവങ്ങള്‍ രാജന്‍ പി ദേവിന്റെ മകന്റെ ഭാര്യയും മണിക്കൂറുകള്‍ക്കുമുമ്പ് കൊല്ലത്ത് വിസ്മയ എന്ന പെണ്‍കുട്ടിയും ജീവിതം തന്നെ വേണ്ടെന്നുവെച്ചത് മടുപ്പിക്കുന്ന ഈ സ്ത്രീധനക്കണക്കിന്റെ ഏറ്റക്കുറച്ചിലുകളുടെ ബാക്കി പത്രം തന്നെയാണ്. 

കേരളത്തില്‍ ഇന്ന് സ്ത്രീ തന്നെയാണ് ധനം എന്ന് പറയാതെ വയ്യ കാരണവുമുണ്ട്. മുമ്പ് പറഞ്ഞ മാട്രിമോണ്യല്‍ വെബ്‌സൈറ്റുകളിലും പത്രങ്ങളിലെ മാട്രിമോണിയല്‍ പേജുകളിലും വധുവിനെ ആവശ്യമുണ്ട് എന്ന പരസ്യം 85 ശതമാനവും വരനെ ആവശ്യമുണ്ട് എന്ന പരസ്യം കേവലം 15 ശതമാനവും മാത്രമാണുള്ളത് അതായത് പെണ്‍കുട്ടികള്‍ക്ക് ക്ഷാമമാണെന്ന്. അങ്ങനെയെങ്കില്‍ ഡിമാന്‍ഡ് കൂടുമ്പാള്‍ വിലകൂടും എന്ന സാമ്പത്തീകശാസ്ത്ര തത്വം വെച്ചു നോക്കിയാല്‍ പോലും സ്ത്രീ തന്നെയാണ് ധനം. 

സ്ത്രീധനം ഒന്നും വേണ്ട എന്നു പറഞ്ഞ് വിവാഹത്തിനൊരുങ്ങി നില്‍ക്കുന്ന ആണുങ്ങള്‍ ഇന്ന് ഒരുപാട് ഉണ്ട് മലയാളനാട്ടില്‍. പാവപ്പെട്ട വീടുകളിലെ പെണ്‍കുട്ടികളെ ഇങ്ങോട്ട് പണവും വീവാഹച്ചെലവും സ്വര്‍ണ്ണവും നല്‍കി കല്ല്യാണം കഴിക്കുന്ന ആണുങ്ങളും ഒരുപാടുണ്ട്. 

ഇങ്ങനെയുള്ള നാട്ടിലാണ് ചെറുക്കന്റെ ജോലിയും തറവാട്ട് മഹിമയും നോക്കി അവര്‍ ചോദിക്കുന്ന പൊന്നും പണവും കൊടുത്ത് പെണ്‍കുട്ടികളെ കെട്ടിച്ചയക്കുന്നത് എന്നതും വാസ്തവമാണ്. എന്നാല്‍ പെണ്‍കുട്ടിക്കെന്തെങ്കിലും കൊടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ പോലും സ്ത്രീധനം ചോദിക്കുന്നവര്‍ക്ക് പെണ്ണ് കൊടുക്കാന്‍ മനസ്സില്ല എന്നു ഇന്നാട്ടിലെ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ തീരുമാനമെടുത്താല്‍ തീരാവുന്നതേയുള്ള പെണ്ണ്‌കെട്ടി സമ്പന്നനാകാമെന്ന ആണുങ്ങളുടെ മോഹവും തന്റെ പെണ്‍മക്കളെ ഇറക്കിവിട്ടപ്പോള്‍ കൊടുത്തതിന്റെ നഷ്ടം മകനെ കെട്ടിച്ച് വസൂലാക്കാന്‍ കാത്തിരിക്കുന്ന മാതാപിതാക്കളുടെ അത്യാഗ്രഹവും. 

തറവാട്ട് മഹിമയും അന്തസ്സും കൊടുക്കുന്ന സ്ത്രീധനത്തിന്റെ അളവിലാണിരിക്കുന്നതെന്ന് ആരാണ് മലയാളിയെ പഠിപ്പിച്ചത്. കെട്ടുന്ന പെണ്ണിനെ നോക്കാന്‍ അവളുടെ വീട്ടില്‍ നിന്നും പണം കൊണ്ടുവരണം എന്നു പറയുന്ന ആണുങ്ങളുടെ അന്തസ്സെന്താണ്.

 പഞ്ചാബി ഹൗസ് എന്ന സിനിമയില്‍ നടന്‍ ലാല്‍ കൈകാര്യം ചെയ്യുന്ന സിക്കന്ദര്‍ എന്ന കഥാപാത്രത്തിന്റെ പെങ്ങളെ പെണ്ണുകാണാന്‍ വരുന്ന ഒരു രംഗമുണ്ട്. പെണ്‍കുട്ടിക്ക് സംസാരശേഷിയില്ലാത്തതിനാല്‍ പെണ്ണുകാണാന്‍വന്നവര്‍ ചോദിക്കുന്ന സ്ത്രീധനം ആരേയും ഞെട്ടിക്കുന്നതാണ് . ഇതിന് സിക്കന്ദറിന്റെ മറപടി ഇങ്ങനെയാണ് നിങ്ങള്‍ ചോദിച്ച സ്വത്തെല്ലാം ഞാന്‍ തരാം പക്ഷെ എന്റെ പെങ്ങളെ തരില്ല എന്ന്.

പണം ചോദിക്കുന്നവന് പെണ്ണില്ല എന്ന് പറയാന്‍ ധൈര്യം കാണിക്കുന്ന മാതാപിതാക്കള്‍ക്കെ ഇനിയുള്ള തലമുറയെ ഈ ദുരാചാരത്തില്‍ നിന്നും രക്ഷിക്കാനാവൂ. അതിന്റെ പേരില്‍ കല്ല്യാണം നടക്കാതെ പോവുമെന്ന് ആരെങ്കിലും കരുതെന്നെങ്കില്‍ ആ പേടി വേണ്ട കാരണം ഒന്നും സ്ത്രീധനം വാങ്ങാതെ കെട്ടി ജീവിതകാലം മുഴുവന്‍ പൊന്നുപോലെ നോക്കാന്‍ മനസ്സുള്ള ആണ്‍കുട്ടികള്‍ ഒരുപാടുള്ള നാടാണിത്. 

ചെറുക്കന് സ്വകാര്യസ്ഥാപനത്തിലാണ് ജോലിയെങ്കില്‍ വേണ്ട , കൃഷിയാണെങ്കില്‍ ഒട്ടും വേണ്ട, ഇപ്പോല്‍ ഗള്‍ഫിലാണെങ്കിലും വേണ്ട. ഒന്നെങ്കില്‍ കോടീശ്വരനായിരിക്കണം അല്ലെങ്കില്‍ ഗവണ്‍മെന്റ് ജോലിയോ വെല്‍ സെറ്റില്‍ഡായ വിദേശ ജോലിയോ വേണം അതിന് എത്ര സ്ത്രീധനം കൊടുക്കാനും തയ്യാറാണ്. ഇങ്ങനെയുള്ള നിലപാടില്‍ നിന്നും മാതാപിതാക്കള്‍ മാറിയാലെ നമ്മുടെ പെണ്‍കുട്ടികള്‍ രക്ഷപെടൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക