Image

സ്വര്‍ണ്ണതട്ടിപ്പുകാരെ തട്ടിക്കുന്നര്‍ ; രാമനാട്ടുകരയില്‍ സംഭവിച്ചത്

ജോബിന്‍സ് തോമസ് Published on 22 June, 2021
സ്വര്‍ണ്ണതട്ടിപ്പുകാരെ തട്ടിക്കുന്നര്‍ ; രാമനാട്ടുകരയില്‍ സംഭവിച്ചത്
കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ പോയവാരാണ് രാമനാട്ടുകരയില്‍ അപകടത്തില്‍പ്പെട്ടതെന്ന് ഇന്നലെത്തന്നെ പോലീസ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്തെ നിയമ - സുരക്ഷാ സംവിധാനങ്ങളെ തട്ടിച്ചാണ് സ്വര്‍ണ്ണ കള്ളക്കടത്തുകാര്‍ സ്വര്‍ണ്ണം വിദേശരാജ്യങ്ങളില്‍ നിന്നും കൊണ്ടുവന്ന് വിമാനത്താവളത്തിന് പുറത്തെത്തിക്കുന്നത്. ഇങ്ങനെയെത്തിക്കുന്ന സ്വര്‍ണ്ണം തട്ടിയെടുക്കാനും സംഘങ്ങളുണ്ടെന്ന വിവരമാണ് ഈ അപകടത്തോടെ പുറത്തു വന്നത്. 

കൊടുവള്ളിയിലുള്ള സ്വര്‍ണ്ണകള്ളക്കടത്തുകാര്‍ക്ക് വേണ്ടി ദുബായില്‍ നിന്നുള്ള വിമാനത്തില്‍ കോഴിക്കോട് വിമാനത്താവളത്തിലേയ്ക്ക് രണ്ടര കിലോഗ്രാം സ്വര്‍ണ്ണം കൊണ്ടുവരുന്നു എന്ന വിവരം ലഭിച്ചിട്ടാണ് അപകടത്തില്‍പെട്ട ചെര്‍പ്പുള്ളശേരിയില്‍ നിന്നുള്ള സംഘം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്നത്. മൂന്ന് വാഹനങ്ങളിലായി 15 പേരാണ് സംഘത്തിലുണ്ടായിരുന്നത്. 

എന്നാല്‍ സ്വര്‍ണ്ണം വിമാനത്താവളത്തിനകത്തുവെച്ചു തന്നെ എയര്‍ ഇന്റലിജന്‍സ് പിടികൂടിയിരുന്നു. ഇതോടെ കൊടുവള്ളിയില്‍ നിന്നും സ്വര്‍ണ്ണം കൈപ്പറ്റാനെത്തിയ സംഘം നിരാശരായി മടങ്ങി. എന്നാല്‍ ഇവര്‍ക്ക് സ്വര്‍ണ്ണം ലഭിച്ചെന്നും ഇവരുടെ വാഹനത്തില്‍ സ്വര്‍ണ്ണമുണ്ടെന്നുമായിരുന്നു ചെര്‍പ്പുളശേരിയില്‍ നിന്നുള്ളവര്‍ വിചാരിച്ചത്. ഇവര്‍ ഈ വാഹനത്തെ പിന്തുടര്‍ന്നു. 

എന്നാല്‍ പോയവഴിയില്‍ സ്വര്‍ണ്ണം പിടികൂടിയ വിവരം ഇവര്‍ക്കു ലഭിച്ചു. ഇതോടെ വാഹനം തിരിച്ച് ഇവര്‍ ചെര്‍പ്പുളശേരിക്ക് മടങ്ങുന്നവഴിയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചു.  ആദ്യം എയര്‍പോര്‍ട്ടില്‍ ഒരാളെ കൊണ്ടുപോയി വിടാന്‍ പോയിട്ടു മടങ്ങുന്ന വഴിയാണെന്നാണ് ഒപ്പമുണ്ടായിരുന്ന വാഹനത്തിലെ ആളുകള്‍ പോലീസിനോട് പറഞ്ഞത്. 

എന്നാല്‍ പാലക്കാട് പോകേണ്ടവര്‍ എന്തിന് കോഴിക്കോട് ഭാഗത്തേയ്ക്ക് പോയി എന്നതായിരുന്നു പോലീസിന്റെ ആദ്യ സംശയം. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഇത്രയധികം ആളുകള്‍ എന്തിന് ഒരാളെ കൊണ്ടുപോയി വിടാന്‍ പോയി എന്നതായിരുന്നു രണ്ടാമത്തെ സംശയം. 

ചേദ്യം ചെയ്യലില്‍ ആദ്യം ഇവര്‍ പറഞ്ഞത് തങ്ങള്‍ കള്ളക്കടത്ത് സ്വര്‍ണ്ണത്തിന് അകമ്പടി പോയതാണെന്നാണ്. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യലില്‍ തങ്ങള്‍ കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ പോയവരാണെന്ന് സമ്മതിക്കുകയായിരുന്നു. 

വിമാനത്താവളത്തിന് പുറത്ത് നൂഹ്‌മാന്‍ ജംഗ്ഷനില്‍ വെച്ച് കൊടുവള്ളി സംഘവും ചെര്‍പ്പുളശേരി സംഘവും തമ്മില്‍ ചെറിയ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇവിടെ വെടിയൊച്ച കേട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരുടെ സന്നാഹങ്ങളും ഗുണ്ടായിസവും ഇതില്‍ നിന്നുതന്നെ വ്യക്തമാണ്. 

ചെര്‍പ്പുളശേരിയിലെ ക്വട്ടേഷന്‍ സംഘത്തലവന്‍ ചരല്‍ഫൈസലുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് സൂചന. ചരല്‍ ഫൈസലിനെക്കുറിച്ചുള്ള അന്വേഷണം ഇപ്പോള്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ അനസ് പെരുമ്പാവൂരിലേയ്ക്കും നീങ്ങുന്നുണ്ട്. കാപ്പാ ചുമത്തി ശിക്ഷിക്കപ്പെട്ടശേഷം എറണാകുളത്ത് പ്രവേശന വിലക്കുള്ള അനസിന് ചെര്‍പ്പുളശേരിയില്‍ താമസ സൗകര്യമൊരുക്കിയത് ഫൈസലാണെന്നാണ് വിവരം. ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇതോടെ സ്വര്‍ണ്ണ തട്ടിപ്പു സംഘത്തിന്റെ ഗുണ്ടാ ക്വട്ടേഷന്‍ ബന്ധങ്ങള്‍ വളരെ വിപുലമാകാനിടയുണ്ടെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.

കള്ളക്കടത്ത് സ്വര്‍ണ്ണം ഏത് വിധേനയും തട്ടിയെടുത്താല്‍ പിന്നീട് കേസുണ്ടാകില്ലെന്നതാണ് ഇവരുടെ ബലം. കള്ളക്കടത്ത് സ്വര്‍ണ്ണമായതിനാല്‍ ആരും കേസ് കൊടുക്കില്ല. പക്ഷെ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയും ഏറ്റുമുട്ടലുകളും തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക