Image

പുതിയ കണ്‍വീനറോ ? താനറിഞ്ഞിട്ടില്ലെന്ന് എംഎം ഹസന്‍

ജോബിന്‍സ് തോമസ് Published on 22 June, 2021
പുതിയ കണ്‍വീനറോ ?  താനറിഞ്ഞിട്ടില്ലെന്ന് എംഎം ഹസന്‍
പുതിയ യുഡിഎഫ് കണ്‍വീനറെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെ അതൃപ്തി പ്രകടിപ്പിച്ച് നിലവിലെ കണ്‍വീനര്‍ എംഎം ഹസ്സന്‍. കണ്‍വീനര്‍ സ്ഥാനത്തു നിന്നും മാറ്റുന്ന കാര്യം ആരും തന്നോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ കണ്‍വീനര്‍ക്കായി ചര്‍ച്ചകള്‍ നടക്കുന്നു എന്നത് വായിച്ചുള്ള അറിവ് മാത്രമേ ഉള്ളുവെന്നും മാറ്റുന്ന രീതി ശരിയായില്ലെങ്കില്‍ അപ്പോള്‍ പ്രതികരിക്കുമെന്നും എംഎം ഹസ്സന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

കണ്‍വീനര്‍ സ്ഥാനത്തു നിന്നും മാറിയാല്‍ മറ്റെന്തെങ്കിലും പദവി ലഭിക്കുമോ എന്ന ചോദ്യത്തിന് അത് താനല്ല പറയേണ്ടെതെന്നും പദവി തരാന്‍ അധികാരമുള്ളവരാണെന്നുമായിരുന്നു ഹസ്സന്റെ പ്രതികരണം. കോണ്‍ഗ്രസില്‍ ജാംബോ കമ്മറ്റികള്‍ വേണ്ട എന്ന അഭിപ്രായം നല്ലതാണെന്നും സ്‌മോള്‍ ഈസ് ബ്യൂട്ടിഫുള്‍ എന്നാണല്ലോ എന്നും അദ്ദേഹം ചോദിച്ചു. 

കെ.സുധാകരനെക്കുറിച്ചുണ്ടായ പൈങ്കിളിക്കഥയ്ക്ക് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഔന്നത്യത്തില്‍ നിന്നിറങ്ങി മറുപടി പറയാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല ദേശീയ നേതൃസ്ഥാനത്തെത്തുന്നത് നല്ലകാര്യമാണെന്നു പറഞ്ഞ അദ്ദേഹം ദേശീയ നേതാവാകാന്‍ ഹിന്ദി അറിയണമെന്നില്ലന്നും കാമരാജും കരുണാകരനും ദേശീയ നേതാക്കളായത് ഹിന്ദി അറിഞ്ഞിട്ടല്ലെന്നും കെ.മുരളീധരന് മറുപടിയായി പറഞ്ഞു. 

സംസ്ഥാനത്ത് എട്ടു ജില്ലകളിലായി നടന്നത് 250 കോടിയുടെ മരം കൊള്ളയാണെന്നും ഇതില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഈ മാസം 24 ന് സംസ്ഥാനത്തെ 1000 സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ യുഡിഎഫ് ധര്‍ണ്ണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക