Image

മാപ്പിന്റെ തുറന്ന വാതില്‍ സ്വാഗതാര്‍ഹം (സുധാ കര്‍ത്താ)

Published on 22 June, 2021
മാപ്പിന്റെ തുറന്ന വാതില്‍ സ്വാഗതാര്‍ഹം (സുധാ കര്‍ത്താ)

ഫിലാഡല്‍ഫിയയിലേയും, അമേരിക്കയില്‍ തന്നെയും പ്രവാസികള്‍ക്ക് നിരവധി സേവനങ്ങളര്‍പ്പിച്ച മാപ്പ് (മലയാളി അസോസിയേഷന്‍ ഓഫ് ഫിലാഡല്‍ഫിയ), മറ്റ് ദേശീയ, പ്രാദേശിക സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്.

ഫൊക്കാനയുടെ തുടക്കകാലം മുതല്‍, ഒരു നിര്‍ണ്ണായക ശക്തിയായി കൂടെനിന്ന്, ഫൊക്കാനയിലെ കാലാനുസൃത മാറ്റങ്ങള്‍ക്കെല്ലാം പങ്കാളിത്തം നല്‍കിയ സംഘടനയാണ് മാപ്പ്. അനുഭവ സമ്പത്തുള്ള, വിശാല ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിരവധി നേതാക്കളെ ഫൊക്കാനയ്ക്ക് സംഭാവന ചെയ്ത സംഘടനയാണ് മാപ്പ്. അതുകൊണ്ടുതന്നെ മാപ്പ് എന്ന സംഘടനയ്ക്ക് ഫൊക്കാനയുടെ ചരിത്രത്തില്‍ പ്രത്യേക സ്ഥാനം എന്നുമുണ്ട്.

ഫിലാഡല്‍ഫിയയിലെ പ്രവാസി സമൂഹത്തിന് മാപ്പ് എന്നും ഒരാശ്വാസമാണ്. അടുത്ത കാലങ്ങളിലുണ്ടായ സംഘടനയിലെ നേതൃമാറ്റം നല്ലൊരു മാറ്റത്തിന്റെ ശംഖൊലിയാണ്, അടുത്ത തലമുറയുടെ ആഹ്വാനമാണ്. സമൂഹത്തിന്റെ ആവശ്യങ്ങള്‍ മനസിലാക്കി തല്‍ക്ഷണം പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത പ്രസിഡന്റ് ശാലു പുന്നൂസിന്റേയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടേയും എടുത്തുപറയാവുന്ന പ്രത്യേകതയാണ്. കോവിഡ് കാലഘട്ടത്തില്‍ വിവിധ സേവനങ്ങളുമായി മാപ്പിന്റെ സാന്നിധ്യം പ്രത്യേക പ്രശംസ അര്‍ഹിക്കുന്നുമുണ്ട്.

ഫൊക്കാനയും മാപ്പുമായുള്ള പങ്കാളിത്തം കുറഞ്ഞിട്ട് ഒരു ദശകത്തിലേറെയായി. പില്‍ക്കാലത്തുണ്ടായ പല ദേശീയ പ്രവാസി ശൃംഖലകളിലും അവര്‍ പങ്കാളികളായിട്ടുണ്ട്. സംഘടനാ ശക്തി ഒറ്റയ്ക്കു നില്‍ക്കുന്നതിലല്ല, സമാന സംഘടനകളോടൊത്ത് കൈകോര്‍ത്ത് പിടിക്കുമ്പോഴാണ് എന്ന സന്ദേശമാണ് ഈ തീരുമാനം സമൂഹത്തെ ഓര്‍മ്മിപ്പിക്കുന്നത്.

സ്ഥാനമാനങ്ങള്‍ കൈയ്യടക്കിവയ്ക്കല്‍, എതിര്‍ശബ്ദങ്ങളെ വെട്ടിനിരത്തല്‍, സംഘടനാരേഖകള്‍ പൂഴ്ത്തിവയ്ക്കുക, നശിപ്പിക്കല്‍, തെറ്റായ ശൈലിയും, കാഴ്‌വഴക്കവും നേതൃസ്ഥാനവും അടിച്ചേല്‍പ്പിക്കല്‍, ഊരുവിലക്ക് കല്‍പിക്കല്‍, സംഘടനാവിലക്ക് കല്‍പിക്കല്‍...ഇങ്ങനെ പോകുന്നു അപരിഷ്കൃതവും വൈകൃതവും, കുലംകുത്തിയതുമായ പ്രവാസി പ്രമാണിമാരുടെ സ്ഥിരം ശൈലികള്‍. ഇതെല്ലാം അടിസ്ഥാന അംഗങ്ങളും, ഉപഭോക്താക്കളും, ഗുണഭോക്താക്കളുമായ പ്രവാസി ജനതയെ അകറ്റുവാനേ ഉപകരിക്കൂ.

പരസ്യമായ വിയോജനക്കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടു. വളരെ അനുഭവസമ്പത്തുള്ള നേതാക്കളാണിവര്‍. മാറ്റങ്ങള്‍ക്ക് ഒരു അവസരം കൊടുക്കണമെന്നാണ് ഇവരോട് എന്റെ അഭ്യര്‍ത്ഥന. നിങ്ങള്‍ കാണിക്കുന്ന കരുതലും ശ്രദ്ധയും പുതിയ നേതൃത്വവും ഉള്‍ക്കൊള്ളുമെന്ന് നമുക്ക് വിശ്വസിക്കാം.

ഫൊക്കാനയില്‍ എന്നും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വികലമായ നേതൃത്വശൈലിയും, വിഭിന്നമായ ലക്ഷ്യങ്ങളും സംഘടനയുടെ അസ്ഥിത്വത്തെ പലതവണ ഉലച്ചിട്ടുണ്ട്. സംഘശക്തിയും സാമൂഹിക അടിത്തറയും നഷ്ടപ്പെട്ടിട്ടുണ്ട്. ഭരണഘടനയും, ജനാധിപത്യ മര്യാദയും മറക്കുമ്പോള്‍ഏതു സംഘടനയിലും നടക്കാവുന്ന അപചയങ്ങളാണ് ഫൊക്കാനയിലും സംഭവിച്ചത്. സ്വതന്ത്രമായ നേതൃത്വവും സുതാര്യമായ നടപടിക്രമങ്ങളുമാണ് ഏതൊരു സംഘടനയുടേയും സുസ്ഥിരതയ്ക്ക് ആവശ്യം. ഐക്യത്തിന്റെ ഒരു സുദിനം ഫൊക്കാനയ്ക്ക് ഉണ്ടാകുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്.

മാപ്പിന്റെ അകമഴിഞ്ഞ സഹകരണം, നേതൃത്വപരിചയം, ക്രിയാത്മകത, എല്ലാം ഞങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ഫൊക്കാനയ്ക്ക് ഒരു മുതല്‍ക്കൂട്ടാകുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. അതുപോലെ തന്നെ നിരവധി പ്രാദേശിക സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന് ആവേശമാകുമെന്ന് പ്രത്യാശിക്കുന്നു. പമ്പയ്ക്ക് ഒരു നല്ല പങ്കാളിയാകുവാന്‍ കഴിയട്ടെ എന്നു  പ്രാര്‍ത്ഥിക്കുന്നു.

see also:

മാപ്പിൽ മാറ്റത്തിന്റെ ശംഖൊലി – ഫൊക്കാനയും ഫോമയും പ്രാദേശിക സംഘടനകളുമായി സഹകരിക്കുവാൻ തീരുമാനം

മാപ്പ് വന്‍ പ്രതിഷേധത്തില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക