Image

കേരളത്തില്‍ പൗരത്വഭേദഗതി നിയമം നടപ്പാക്കില്ല ; നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

Published on 22 June, 2021
കേരളത്തില്‍ പൗരത്വഭേദഗതി നിയമം നടപ്പാക്കില്ല ; നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി


തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വനിയമഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി ബില്ലില്‍ സംസ്ഥാനത്തിന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ആ നിലപാടില്‍ തന്നെയാണ് സര്‍ക്കാര്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തര മന്ത്രി ചില ഘട്ടങ്ങളിലായി പൗരത്വനിയമം നടപ്പിലാക്കുമെന്ന രീതിയില്‍ പ്രഖ്യാപനം നടത്തിയിരുന്നു. രാജ്യത്തെ ചിലയിടങ്ങളില്‍ നിയമം നടപ്പിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പക്ഷേ അപ്പോഴെല്ലാം ആവര്‍ത്തിച്ചുപറഞ്ഞിട്ടുള്ളത് ഇവിടെ അത് നടപ്പിലാക്കാന്‍ പോകുന്നില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, പൗരത്വനിയമവുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

എന്നാല്‍ അടുത്തിടെ പൗരത്വഭേദഗതി ബില്ല് നടപ്പിലാക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനമുണ്ടായതിന് പിന്നാലെ തിരുവനന്തപുരത്ത് ക്യാമ്പ് നിര്‍മ്മിച്ചെന്നടക്കം അഭ്യൂഹങ്ങളുണ്ടായി. ഈ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക