Image

നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ (മിനി നായർ, അറ്റ്‌ലാന്റാ)

Published on 22 June, 2021
നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ (മിനി നായർ, അറ്റ്‌ലാന്റാ)

ഹൃദയത്തിൽ തട്ടിയ പാട്ടുകളുടെ കൈവരി പിടിച്ചു പോയാൽ അവിടെ നിങ്ങൾക്ക് ഒരു പ്രിയപ്പെട്ട മനുഷ്യനെക്കാണാം. ഓരോ വരികൾ കൊണ്ടും നമ്മളെ വിസ്മയിപ്പിച്ച  പൂവച്ചൽ ഖാദർ എന്ന കവിയെയും ഗാനരചയിതാവിനെയും കാണാം. കാൽപ്പനികത യിലെ ഏറ്റവും ഭംഗിയുള്ള മുഹൂർത്തങ്ങളെ ജീവിതത്തിന്റെ തീക്ഷ്ണമായ പ്രണയാർദ്രമായ നിമിഷങ്ങളിലേക്ക് അയാൾ ചേർത്തെഴുതിയപ്പോഴെല്ലാം, നമ്മൾ  മലയാളികൾ നട്ടുച്ചകളെയും ഉറങ്ങാതിരിക്കുന്ന രാത്രികളെയും പകലിനെയും വരികളിലൂടെ തൊട്ടറിഞ്ഞു. ഒരു മനുഷ്യനെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഒന്നാണ് പാട്ടുകൾ. പാട്ടുകൾ കൊണ്ട് പ്രണയിക്കാനും അതിജീവിക്കാനും ജീവിക്കാനുമെല്ലാം കഴിയും.

 മരണം ഒരു വലിയ നോവാണെന്ന്. ഈണങ്ങളുടെ വരികളുടെ കുത്തി തുളക്കുന്ന വേദനയാണെന്ന് പൂവച്ചൽ ഖാദറിന്റെ മരണവാർത്ത യിലൂടെയാണ് നമ്മൾ പ്രേക്ഷകർ അനുഭവിച്ചറിഞ്ഞത്.

'നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ
കാതോർത്തു ഞാനിരുന്നു
താവക വീഥിയിൽ ഇൻ മിഴിപ്പക്ഷികൾ തൂവൽ വിരിച്ചു നിന്നു '

 ഓരോ ദിനവും പുതിയ പുതിയ അനുഭവങ്ങളാണ് പൂവ്വച്ചൽഖാദറിന്റെ വരികൾ നമുക്ക് സമ്മാനിക്കുന്നത്. ഓർമ്മകളായി മറഞ്ഞു പോയിട്ടും ഇപ്പോഴും ഹൃദയത്തിൽ ഒരുപിടി നല്ല പാട്ടുകളുടെ എഴുത്തുകാരനായി അയാൾ ജീവിക്കുന്നു. എഴുത്തുകാരനെ ജീവിതം അല്ലെങ്കിലും ഒരു പുനരധിവാസം പോലെയാണല്ലോ. ഹൃദയത്തിൽ നിന്ന് പ്രേക്ഷകനിലേക്ക് അവിടെനിന്ന് പ്രേക്ഷകൻ വികാരനിർഭരമായ നിമിഷങ്ങളിലേക്ക് അവിടെനിന്ന് ഓർമ്മകളിലേക്ക്.

 പ്രണയമായിരുന്നു അയാളുടെ എല്ലാ വരികളിലും. ഈ ഭൂമിയിൽ അയാൾ ഇനി അവശേഷിക്കുന്നില്ല എന്ന് കേട്ടപ്പോഴും ഹൃദയത്തിലേക്ക് ഓടിയെത്തിയത് അയാൾ എഴുതിയ വരികളായിരുന്നു.
മുന്നൂറിലേറെ സിനിമകൾക്കായി 1200ലേറെ പാട്ടുകൾ എഴുതിയിട്ടുണ്ട്. ചാമരം, ചൂള, തകര, പാളങ്ങൾ, ആട്ടക്കലാശം, താളവട്ടം, ദശരഥം തുടങ്ങി പ്രശസ്ത ചിത്രങ്ങൾക്ക് ഗാനം എഴുതിയത് അദ്ദേഹമായിരുന്നു. കെജി ജോർജ്, ഐവി ശശി, ഭരതൻ, പത്മരാജൻ, പ്രിയദർശൻ തുടങ്ങിയവരുടെ ഇഷ്ടപ്പെട്ട ഗാനരചയിതാവ് കൂടിയായിരുന്നു ഖാദർ

'ശരറാന്തൽതിരിതാണു മുകിലിൻ‌കുടിലിൽ
മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ'

 ഒരു കവിയായിരുന്നതുകൊണ്ടുതന്നെ കഥയ്ക്ക് അനുയോജ്യമായ വരികളായിരുന്നു പൂവച്ചൽ ഖാദരിന്റേത്. പാട്ടുകേട്ടാൽ കഥ തിരിച്ചറിയാൻ കഴിയുന്ന. പാട്ടിന്റെ വരികളിലൂടെ സിനിമയിലേക്ക് കടന്നു ചെല്ലാൻ കഴിയുന്ന ഒരു പിടി നല്ല ഓർമ്മകൾ സൃഷ്ടിച്ച മനുഷ്യൻ ആണ് അയാൾ. കാൽപ്പനികതയുടെ പഴയ കാല സിനിമാ ഗാനങ്ങളിലെല്ലാം കൊച്ചിൻ ഖാദറിനെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

അതെ ഒരു കവിക്ക് പെട്ടെന്നൊന്നും ഭൂമിയിൽനിന്ന് മരിച്ചു പോകാൻ കഴിയില്ല. അയാൾ എഴുതി വെച്ചതെല്ലാം പലയിടങ്ങളിലായി ചിതറിക്കിടന്ന്. പല മനുഷ്യരിലൂടെ വീണ്ടും വീണ്ടും ജീവിച്ചു കൊണ്ടേയിരിക്കും. എൺപതുകളിലെയും എഴുപതുകളിലെയും ഒട്ടു മിക്ക സിനിമാഗാനങ്ങളും പൂവ്വച്ചൽഖാദറിന്റെതായിരുന്നു.

 അതെ അയാൾ മരണപ്പെടുകയില്ല. എഴുതിവെച്ച വരികളിലൂടെയും പാട്ടുകളിലൂടെയും അയാൾ വീണ്ടും ഓർമിക്കപ്പെട്ടു കൊണ്ടേയിരിക്കും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക