Image

ഭാര്യയെ തല്ലുന്നത് ആണത്തമല്ല, സഹിക്കുന്നത് സ്ത്രീത്വവുമല്ല: മുഖ്യമന്ത്രി

Published on 23 June, 2021
ഭാര്യയെ തല്ലുന്നത് ആണത്തമല്ല, സഹിക്കുന്നത് സ്ത്രീത്വവുമല്ല: മുഖ്യമന്ത്രി
തിരുവനന്തപുരം:സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനവും ജീവഹാനിയും നടക്കുന്ന ഇടമായി കേരളം മാറുക എന്നത് നാം ആര്‍ജിച്ചിട്ടുള്ള സംസ്കാര സമ്പന്നതയ്ക്കു യോജിക്കാത്തതാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന വാര്‍ത്താ സമ്മേളനത്തിലായിരുന്നു പരാമര്‍ശം. ഇപ്പോള്‍ ഉണ്ടായിട്ടുള്ള സംഭവങ്ങളില്‍ പഴുതുകളടച്ച അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഒരിടവേളയ്ക്കു ശേഷം വീണ്ടും സമൂഹത്തില്‍ ചര്‍ച്ചയാവുകയാണ്. രാജ്യത്തു സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ട് 6 പതിറ്റാണ്ട് പിന്നിട്ടു. എന്നിട്ടും പല രൂപത്തിലും അളവിലും സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുകയാണ്. ഇത് അങ്ങേയറ്റം ഗൗരവമുള്ള സാമൂഹ്യവിപത്താണ്. ആ നിലയ്ക്ക് സ്ത്രീധനത്തേയും ഗാര്‍ഹിക പീഡനത്തെയും കാണാനും കൈകാര്യം ചെയ്യാനും നമുക്കു കഴിയണം. സ്ത്രീപുരുഷ ഭേദമന്യേ, ഭര്‍ത്താവിന്റെ കുടുംബമെന്നോ ഭാര്യയുടെ കുടുംബമെന്നോ ഉള്ള വ്യത്യാസം കൂടാതെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കാന്‍ നമുക്കാവണം.

ഇതുമായി ബന്ധപ്പെട്ട രണ്ടു കാര്യങ്ങള്‍ പ്രത്യേകമായി ഓര്‍ക്കണം. ഒന്നാമത്തേത്, പെണ്‍കുട്ടികളും അവരുടെ മാതാപിതാക്കളും ശ്രദ്ധിക്കേണ്ട വിഷയമാണ്. സ്ത്രീധനം ചോദിച്ചപ്പോള്‍ ആ കല്യാണം എനിക്കു വേണ്ട എന്നുപറഞ്ഞ പെണ്‍കുട്ടികളെ നാം സമൂഹത്തിനു മുന്നില്‍ കണ്ടിട്ടുണ്ട്. കുടുംബത്തിന്റെ നിലയും വിലയും കാണിക്കാനുള്ള ഒന്നല്ല വിവാഹവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും. പെണ്‍കുട്ടിക്ക് എന്താണ് കൊടുത്തത് അല്ലെങ്കില്‍ എത്രയാണ് കൊടുത്തത് എന്നതാവാന്‍ പാടില്ല കുടുംബത്തിന്റെ മഹിമയുടെ അളവുകോല്‍. അങ്ങനെ ചിന്തിക്കുന്നവര്‍ സ്വന്തം മക്കളെ വില്‍പ്പനചരക്കായി മാറ്റുകയാണ് എന്നോര്‍ക്കണമെന്നും പിണറായി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക