Image

40കാരനെ ലാത്തികൊണ്ട് അടിച്ചുകൊന്നു; തമിഴ്‌നാട്ടില്‍ സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

Published on 23 June, 2021
40കാരനെ ലാത്തികൊണ്ട് അടിച്ചുകൊന്നു; തമിഴ്‌നാട്ടില്‍ സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍
ചെന്നൈ: സേലം എഡപ്പാട്ടി സ്വദേശിയായ 40കാരന്‍ പോലിസിന്റെ ലാത്തിയടിയേറ്റു മരിച്ചു. സേലം പപ്പാനായ്ക്കന്‍പട്ടി ചെക്ക്‌പോസ്റ്റില്‍ ചൊവ്വാഴ്ചയാണ് സംഭവം.

 യുവാവിനെയും സംഘത്തേയും ചെക്ക്‌പോസ്റ്റില്‍ വച്ച്‌ വാഹന പരിശോധനയ്ക്കായി തടഞ്ഞുനിര്‍ത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് യുവാവ് അടിയേറ്റു മരിച്ചത്. പോലിസ് ആക്രമണത്തില്‍ ബോധരഹിതനായി നിലത്തുവീണ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബുധനാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ സേലം പോലിസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

കര്‍ഷകനായ മുരുകേശനാണ് പോലിസ് അതിക്രമത്തില്‍ മരിച്ചത്. മദ്യപിച്ച ശേഷം കൂട്ടുകാരുമൊന്നിച്ച്‌ ബൈക്കില്‍ വീട്ടിലേക്ക് വരുമ്ബോഴാണ് സംഭവം. ചെക്ക്‌പോസ്റ്റില്‍ വച്ച്‌ പോലിസുകാര്‍ വാഹനം തടഞ്ഞതോടെ വാക്കുതര്‍ക്കം ഉടലെടുക്കുകയും മുരുകേശന്‍ പോലിസിനോട് തട്ടിക്കയറുകയുമായിരുന്നു.

അതിനിടെ സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍ പെരിയസ്വാമി മുരുകേശനെ ക്രൂരമായി ലാത്തി കൊണ്ട് തല്ലുകയായിരുന്നു. പോലിസുകാരന്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അടിയേറ്റ് ബോധരഹിതനായി നിലംപതിച്ച മുരുകേശനെ ഉടന്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കൊണ്ടുപോയി. ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രഥമ ശ്രൂശ്രൂഷയ്ക്ക് ശേഷം അറ്റൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സേലം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക