Image

ആശയങ്ങളെ അതിരു തിരിച്ചു കണ്ട എഴുത്തുകാരൻ പ്രൊഫ. എം ടി ആന്റണി (സുധീർ പണിക്കവീട്ടിൽ)

Published on 23 June, 2021
ആശയങ്ങളെ അതിരു തിരിച്ചു കണ്ട എഴുത്തുകാരൻ പ്രൊഫ. എം ടി ആന്റണി (സുധീർ പണിക്കവീട്ടിൽ)
അമേരിക്കൻ മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരനും, സുഹൃത്തും മാഷും, ചേട്ടനും ആയ പ്രൊഫസ്സർ എം ടി ആന്റണി  വിട്ടുപിരിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ രചനകൾ അവരോടു കൂടെയുണ്ട്.  ജൂൺ മാസം (2021) ഇരുപതിന്‌ ന്യുയോർക്കിലെ സർഗ്ഗവേദി, പ്രൊഫസ്സർ എം ടി ആന്റണിയുടെ തെരഞ്ഞെടുത്ത രചനകൾ എന്ന പുസ്തകം പ്രകാശനം  ചെയ്യുകയുണ്ടായി. ഈ പുസ്തകത്തിൽ   അദ്ദേഹത്തിന്റെ കഥകൾ, ലേഖനങ്ങൾ, കവിതകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. സാഹിത്യരചനകളുടെ ഒരു മിശ്രിതം (Literature medley) ആണ് ഈ പുസ്തകം. ഇതു വായിക്കുന്ന ഒരാൾ ന്യായമായും ചിന്തിക്കാൻ സാധ്യതയുണ്ട് “എഴുത്തിന്റെ ലോകത്തിൽ ആന്റണി ചേട്ടൻ ആരായിരുന്നു, കവി, ലേഖകൻ, കഥാകൃത്ത്?”
 
സാഹിത്യത്തിലെ ഒരു വിഭാഗത്തിൽ (Genre) മാത്രം ഒതുങ്ങുക അദ്ദേഹത്തിന് പ്രയാസമായിരിന്നിരിക്കും. ആശയങ്ങളെ അതാതു സാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അതിനെ നമുക്ക്  ആശയ രാസവിദ്യ എന്നുപറയാമോ? (idea  alchemy) . സർഗ്ഗഭാവനകളെ സ്വർണ്ണമാക്കി മാറ്റാൻ ശ്രമിക്കുന്നയാൾ. എഴുത്തുകാരന്റെ കൃതികൾ വായനക്കാരൻ സ്വീകരിക്കണമെങ്കിൽ അത് എങ്ങനെ അവതരിപ്പിക്കുന്നവെന്നതിനെ ആശ്രയിച്ചിരിക്കുന്നു.  സങ്കീർണമായ മനുഷ്യമനസ്സിലെ വികാരങ്ങളെ അക്ഷരങ്ങളിലേക്ക് പകർത്താൻ സർഗ്ഗശേഷി ആവശ്യമാണ്.  അതു മാത്രം പോരാ തന്റെ സർഗ്ഗഭാവനയെ എങ്ങനെ പറയണമെന്നും അറിയണം.  ആന്റണി ചേട്ടൻ ആശയങ്ങൾ ലേഖനരൂപത്തിൽ അവതരിപ്പിച്ചുകൊണ്ട് അതിനു കരുത്ത്  പകർന്നു. ചിലതെല്ലാം കഥയിലൂടെ, കവിതയിലൂടെ പറഞ്ഞു.
 
സഹൃദയമനസ്സുകളിലേക്ക് അതു ഇടിച്ചിറങ്ങി. സാഹിത്യരൂപങ്ങൾക്ക് അദ്ദേഹം അതിരു നിശ്ചയിച്ചു. ആശയങ്ങൾ മനസ്സിൽ ഊറികൂടുമ്പോൾ അവ അവതരിപ്പിക്കേണ്ട സാഹിത്യരൂപങ്ങൾ അദ്ദേഹം തിരഞ്ഞെടുത്തു. അതുകൊണ്ട് അദ്ദേഹം കഥകളും , ലേഖനങ്ങളും, കവിതകളും എഴുതി.
 
എല്ലാ രചനകൾക്കും പുറകിലും ഒരു പ്രചോദനമുണ്ട്. അതിനെ ഈശ്വര പ്രേരണ എന്നും പറയാം. എല്ലാവരും ചിന്തിക്കുന്നെങ്കിലും അവർക്കൊന്നും ആ പ്രചോദനം കിട്ടുന്നില്ല. അത് കിട്ടുന്നവരാണ് അനുഗ്രഹീത എഴുത്തുകാർ. അതിനു സത്യസന്ധതയും ആത്മാർത്ഥതയും ആവശ്യമാണ്. നമുക്ക് ചുറ്റും കാണുന്ന ജീവിതത്തിലെ പൊരുത്തകേടുകൾ കാണുമ്പോൾ അതിനെതിരെ പ്രതികരിക്കാനുള്ള സന്മനസ്സ്. ആന്റണി ചേട്ടൻ സമുദായത്തിലെ ക്രമക്കേടുകൾക്ക് നേരെ പ്രതികരിച്ചു. അദ്ദേഹത്തിൽ ഒരു വിമർശകൻ സദാ  ജാഗരൂകനായിരുന്നു.  നിശിതമായി വിമർശിക്കുമ്പോഴും അതിൽ ഹാസ്യം കലർത്താനുള്ള അദ്ദേഹത്തിന്റെ നർമ്മനൈപുണ്യം പ്രശംസനീയമാണ്. ഭാവനപരവും സര്ഗാത്മകവുമായ പ്രതിഭ അദ്ദേഹത്തിനുണ്ടായിരുന്നു.
 
പതിമൂന്നു ലേഖനങ്ങൾ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലേഖനങ്ങൾ പലതരമുണ്ടെങ്കിലും ആന്റണി ചേട്ടന്റെ ലേഖനങ്ങൾ വിവരണാത്മകവും, വിമർശനാത്മകവും, ചരിത്രരേഖകൾ ഉൾകൊള്ളുന്നതുമാണ്. ലേഖനങ്ങളിൽ ചിലതെല്ലാം സുഹൃത്തുക്കളെ പ്രകീർത്തിക്കുന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ സുഹൃസ്നേഹം മൂലമായിരിക്കാം ചില സത്യങ്ങൾ മൂടിവയ്ക്കാൻ ആന്റണി ചേട്ടൻ ശ്രമിച്ചിട്ടുണ്ട്. സ്വന്തം അഭിപ്രായങ്ങൾ ധീരമായി പ്രഖ്യാപിക്കുന്ന വ്യക്തിയാണ് ആന്റണി ചേട്ടൻ. ഉദാഹരണം ശ്രീ സുകുമാർ അഴിക്കോടിനെ ശ്രീ സുകുമാരൻ എന്ന് സംബോധന ചെയ്യുന്നുണ്ട്. അതേസമയം പ്രൊഫസ്സർ എം ലീലാവതിയെ ലീലാവതി ടീച്ചർ എന്നും സംബോധനചെയ്തിരിക്കുന്നത് കൗതുകമുളവാക്കി. ശ്രീ എം കൃഷ്ണൻ നായർ നിരൂപകനല്ലെന്നു പ്രസ്താവിക്കുന്നുണ്ട്. ശ്രീ ചെറിയാന്റെ ഉയർത്തെഴുന്നേൽപ്പ്‌ (പേജ് 42 )എന്ന ലേഖനത്തിൽ ചെറിയാനെ ഉയർത്തെഴുന്നേൽപ്പിച്ചത് ആറ്റൂർ രവിവർമ്മയും, കെ സി നാരായണനും, സച്ചിദാനന്ദനും എന്ന കണ്ടുപിടിത്തം പൂർണ്ണമായി ശരിയല്ല. ചെറിയാച്ചന്റെ ഉയർത്തെഴുന്നേൽപ്പ് കഴിഞ്ഞു കുറച്ചു  സമയം കഴിഞ്ഞപ്പോഴാണ് മേല്പറഞ്ഞ വ്യക്തികൾ അടുത്ത് വന്നു ആണിപ്പഴുതുകൾ പരിശോധിക്കാൻ തുടങ്ങിയത്. ചെറിയാന്റെ അളിയനും അമേരിക്കൻ മലയാളസാഹിത്യസാമ്രാജ്യത്തിലെ രാജകുമാരനുമായ ശ്രീ മനോഹർ തോമസും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഏഴു പേരുമാണ് ശ്രീ ചെറിയാനെ ഉയർത്തെഴുന്നേൽപ്പിച്ചത്. അതിനുമുമ്പ് യശ്ശശരീരനായ ശ്രീ ജോയൻ  കുമരകം ചെറിയാന്റെ പുസ്തകങ്ങൾ അമേരിക്കയിൽ നിന്നും പ്രസിദ്ധീകരിക്കുകയുണ്ടായി.
 
ഇരുപതുവർഷത്തോളം ആരുമറിയാതെ ന്യുയോർക്കിൽ ടാക്സി ഓടിച്ചിരുന്ന ചെറിയാനെ  മനോഹർ തോമസും പിന്നെ മറ്റു ഏഴു  പേരും ചേർന്ന് സർഗ്ഗവേദി എന്ന സംഘടന സ്ഥാപിച്ച് ആദരിച്ചപ്പോൾ ഉണ്ടായ ഒച്ചപ്പാട് നാട്ടിൽ മുഴങ്ങുകയും അവിടെയുള്ളവർ ചെറിയാനെ വീണ്ടും അറിയാൻ തുടങ്ങുകയും  ചെയ്തു. സർഗ്ഗവേദി ആദ്യം ചെയ്ത സർഗ്ഗകർമ്മം ചെറിയാന്റെ അറുപതാംപിറന്നാൾ   അദ്ദേഹത്തെ പൊന്നാട അണിയിച്ച് സമുചിതമായി ആഘോഷിക്കുകയും നാട്ടിലെയും ഇവിടെത്തെയും കവികളുടെ കവിതകൾ സമാഹരിച്ച് "സമുദ്രശില" എന്ന പുസ്തകം പിറന്നാൾ ഉപഹാരമായി അദ്ദേഹത്തിന് സമർപ്പിക്കുകയും ചെയ്തതാണ്.
 
അതിനുശേഷം അദ്ദേഹത്തിന് പുത്തൻകാവ് മാത്തൻ തരകൻ അവാർഡ് കിട്ടുകയും പിന്നെ അംഗീകാരങ്ങൾ ഓരോന്നായി ലഭിക്കുകയും ചെയ്തു. അതിനു പ്രത്യുപകാരമായി ചെറിയാൻ ഇവിടത്തെ മലയാളി എഴുത്തുകാർ കാലമാടന്മാരും തല്ലിപ്പൊളികളുമാണെന്നു കലാകൗമുദിയിൽ എഴുതി. അമേരിക്കൻ മലയാളി എഴുത്തുകാരുടെ മേൽ ആദ്യമായി ചെളി വാരി എറിഞ്ഞു. കൂടാതെ സർഗ്ഗവേദി പിളർത്തി വേറൊന്നു തുടങ്ങുകയും ചെയ്തു. അമേരിക്കൻ മലയാള സാഹിത്യത്തിൽ ഒരു ഭസ്മാസുരന്റെ സ്ഥാനമാണ് ശ്രീ ചെറിയാന്. സർഗ്ഗവേദിയുടെ സ്ഥാപകപിതാക്കളിൽ ഒരാളായ ശ്രീ മനോഹർ തോമസ് സർഗ്ഗവേദിവിട്ടു ചെറിയാനൊപ്പം പോയി അദ്ദേഹത്തിന് പിന്തുണ നൽകി. ചെറിയാൻ സർഗ്ഗവേദിക്കെതിരായി സൃഷ്ടിച്ച  സാഹിതി സഖ്യം  ഉപേക്ഷിച്ച് ന്യൂയോർക്ക് വിട്ടുപോകാൻ ഒരുങ്ങിയപ്പോൾ ശ്രീ മനോഹർ സർഗ്ഗവേദിയിലേക്ക് മടങ്ങി വന്നു. അങ്ങനെയുള്ള ശ്രീ മനോഹറും സർഗ്ഗവേദി എന്ന സംഘടനയിൽ ഉറച്ച് നിന്നവരും ചെറിയാന്റെ പ്രശസ്തിയിൽ ഒരു മുഖ്യസ്വാധീനമാണെന്നു സത്യസന്ധതയുള്ളവർ മനസ്സിലാക്കും. അവരെയൊക്കെ  ഒരിക്കലും അറിഞ്ഞോ അറിയാതെയോ ഒരു രേഖകളിൽ നിന്നും ആരും ഒഴിവാക്കരുത്. (ഇപ്പറഞ്ഞതിനൊക്കെ സാക്ഷ്യം വഹിക്കുന്ന പ്രമാണങ്ങൾ ആവശ്യക്കാർക്ക് പരിശോധിക്കാൻ ലഭ്യമാണ്.) പാദസേവയുടെ പേരിൽ സത്യങ്ങൾ കുഴിച്ചുമൂടപ്പെടാതിരിക്കാൻ ഇത്രയും എഴുതേണ്ടി വന്നു.
 
ചില ലേഖനങ്ങൾ നല്ല സാഹിത്യ പഠനങ്ങൾ പോലെ സാഹിത്യതല്പരർക്ക് സന്തോഷം പകരുന്നവയാണ്. ആശാന്റെ ചിന്താവിഷ്ടയായ സീതയെക്കുറിച്ച് നല്ല ഒരു ലേഖനം ആന്റണി ചേട്ടൻ നൽകുന്നുണ്ട്. അതോടൊപ്പം ആധുനിക കവികളെ ആശാനുമായി പരിചയപ്പെടുത്തുന്നുമുണ്ട്. “പഞ്ചമുഖ ഗണപതിയും ധ്യാനപീഠവും” അസ്സൽ ആക്ഷേപിക ഹാസ്യപ്രയോഗമാണ്. ഇതിൽ മിത്തും യാഥാർഥ്യവും കൂട്ടിച്ചേർത്ത് ഒരു അത്ഭുതം സൃഷ്ടിക്കുന്നുണ്ട്. ചാക്കോ എന്ന സാഹിത്യകാരന് ധ്യാനപീഠം അവാർഡ് കിട്ടിയത് പഞ്ചമുഖ ഗണപതിയെ വീട്ടിൽ വച്ചിട്ടാണെന്നു ; അത് മിത്ത്. പക്ഷെ യാഥാർഥ്യം ആന്റണി ചേട്ടൻ മിത്തിൽ പൊതിയുന്നു. പഞ്ചമുഖ ഗണപതി നമ്മുടെ പഞ്ചേന്ദ്രിയങ്ങളെ പ്രദാനം ചെയ്യുന്നു. അതേപോലെ തന്നെ പഞ്ചഭൂതങ്ങളെയും. ഭൂമി, ജലം, അഗ്നി, വായു, ആകാശം, ഇവയിൽ തന്നെ വകഭേദങ്ങളുള്ളതുകൊണ്ട് അവയെ ഗണം  തിരിക്കുന്നു.  അതുകൊണ്ട് ഗണപതി എന്ന പേര് വന്നിരിക്കുന്നു. ഒരാൾ പഞ്ചമുഖ ഗണപതിയെ വീട്ടിൽ വച്ചാൽ അയാൾക്ക് ഐശ്വര്യം ഉണ്ടാകുമെന്ന വിശ്വാസത്തെ സ്വർണ്ണ കച്ചവടക്കാരനായ ഫ്രാൻസിസിന്റെ പണവുമായി ബന്ധിപ്പിച്ച് മൗനം ദീ ക്ഷിക്കയാണ് എഴുത്തുകാരൻ. വിശ്വസിപ്പിക്കുന്ന അന്ധവിശ്വാസങ്ങളുടെ മറ നീക്കുന്ന കൗതുകം.
 
ചെറുകഥകൾ എന്ന പേരിൽ പതിമൂന്നു കഥകൾ ഉണ്ട്. ആധുനിക കവികളോട് എന്ന ലേഖനത്തിൽ കവിത മരിച്ചുവെന്ന വാദപ്രതിവാദത്തോട് ആന്റണി ചേട്ടൻ കാര്യകാരണ സഹിതം കുറെയൊക്കെ യോജിക്കുന്നതായി കാണാം. അതേപോലെ തന്നെ ചെറുകഥകളെക്കുറിച്ചും അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ നിലപാടുണ്ട്. “പഞ്ചതന്ത്രത്തിനു ഒരു സൈബർ പുനരാഖ്യാനം” എന്ന അദ്ദേഹത്തിന്റെ ചെറുകഥ തുടങ്ങുന്നത്  ഇങ്ങനെയാണ്. "ഞാനീ അവതരിപ്പിക്കാൻ പോകുന്ന കലാരൂപം ഒരു ചെറുകഥയാണോ അതോ എന്റെ എഴുതപ്പെട്ടിട്ടില്ലാത്ത ആത്മകഥയിലെ ഒരധ്യായമാണോ? അതോ അനിശ്ചിതമായ വിദൂരഭാവിയിലേക്കുള്ള ഒരു തീർത്ഥാടനമാണോ, സത്യം തുറന്നുപറയട്ടെ എനിക്ക് തന്നെ നല്ല ഉറപ്പില്ല. എന്നിട്ടു അദ്ദേഹത്തിന്റെ സ്വതസിദ്ധമായ അഭിപ്രായം തുറന്നടിക്കുന്നു. ഈ കലാരൂപത്തിന് എന്തു  ലേബൽ പതിക്കണമെന്നുള്ളത് അപ്രസക്തവും അപ്രധാനവുമാണ്."ശരിയാണ് ആന്റണി ചേട്ടൻ അദ്ദേഹത്തിന് ശരിയെന്നു തോന്നുന്ന വിധത്തിൽ കഥകൾ എഴുതി. മനസ്സിൽ വരുന്ന ആശയങ്ങളെ അവതരിപ്പിക്കേണ്ടത് എങ്ങനെ എന്നു അദ്ദേഹം നിശ്ചയിച്ചു. എഴുതിവയ്ക്കപ്പെട്ട പ്രമാണങ്ങളോ നിർദ്ദേശങ്ങളോ ഗൗനിക്കാതെ തനിക്ക് സ്വന്തം ഒരു രീതി എന്ന ചങ്കൂറ്റമാണ് പ്രകടമായി കാണുക. ആരോ പറഞ്ഞുവച്ച്‌പോലെ കഥകൾ എഴുതണമെന്നു എന്ത് നിർബന്ധം.? ഹാസ്യവും തത്വോപദേശങ്ങളും, സൂചനകളും കഥകളിലും അദ്ദേഹം നിർലോഭം ഉൾപ്പെടുത്തി.
 
കുരുക്ഷേത്രം രണ്ടാമൂഴം എന്ന കഥ ഒന്നാം പർവത്തോടെ അതായത് ആദി പർവത്തോടെ ആരംഭിക്കുന്നു. ഒന്നാം പർവം സമാപ്തിയിൽ എത്തിച്ചുകൊണ്ട്  രണ്ടും മൂന്നും പർവത്തിനായി കാത്തിരിക്കാൻ  കഥാകൃത്ത് നമ്മെ അറിയിക്കുന്നു.  ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള യുദ്ധമാണ് ഒന്നാം പർവത്തിൽ. കാലമെത്ര കഴിഞ്ഞാലും അതിനു അവസാനം ഉണ്ടാകുകയില്ല. ഇവിടെ കാത്തിരിക്കാൻ പറഞ്ഞ പർവങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് രസകരമാണ്. മഹാഭാരതത്തിൽ രണ്ടാം പർവ ത്തിൽ നമ്മൾ കാണുന്നത് മായൻ എന്ന ശില്പി ഇന്ദ്രപ്രസ്ഥം നിർമ്മിക്കുന്നതും ധർമ്മപുത്രന്റെ രാജസൂയ യാഗവും, ചൂതുകളിയും അവർ ഇന്ദ്രപ്രസ്ഥത്തിൽ നിന്നും നിഷ്കാസിതരാകുന്നതുമാണ്. മൂന്നാം പർവം പന്ത്രണ്ടുകൊല്ലത്തെ വനവാസം. ഈ കഥയിൽ ഭർത്താവ് മായൻ നിർമ്മിച്ചപോലെ മനോഹര ഹർമ്യം പണിയുന്നുണ്ട്. അതേപോലെ പകിടകളി എന്ന ചൂതാട്ടം പോലെ ജീവിതവും പന്താടുന്നു.  സമൂഹത്തിൽ സംഭവിക്കുന്ന കഥകളെ പുരാണങ്ങളുമായി  ബന്ധിപ്പിച്ച് അതു  രസകരമാക്കുന്ന വിദ്യയാണ് ആന്റണി ചേട്ടൻ പ്രയോഗിച്ചിരിക്കുന്നത്.
 
മറ്റുള്ളവരുടെ നിബന്ധനകളിൽ ശ്വാസം മുട്ടി തന്റെ കഴിവുകൾക്ക് കടിഞ്ഞാണിടാൻ അദ്ദേഹം തയ്യാറല്ല കഥകൾ ഇങ്ങനെയും എഴുതാമെന്ന് കൂടി കാണിക്കുന്നു അദ്ദേഹം. എല്ലാ കഥകൾക്കും അദ്ദേഹത്തിന്റേതായ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ചില കഥകൾ വായനക്കാരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന അപസർപ്പക കഥകൾ പോലെയാണ്. ചിലതെല്ലാം മനുഷ്യമനസ്സുകളിൽ അലതല്ലുന്ന ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കുള്ള മറുപടിയാണ്.  സന്താനലബ്ധിക്കുവേണ്ടി പ്രാർത്ഥിക്കുന്ന സ്ത്രീക്ക് ഭർത്താവിന് മറ്റു സ്ത്രീയിലുണ്ടായ കുട്ടിയെ കിട്ടുന്നു. കഥക്ക് ഗുരുവായൂരപ്പന്റെ അനുഗ്രഹമെന്നാണ് പേര് നൽകിയിരിക്കുന്നത്. ദൈവം മിണ്ടാതിരിക്കുകയും ശാസ്ത്രം ജയിക്കുകയും ചെയ്യുന്ന സത്യം ഇതിൽ കാണാം.
 
കവിതകളിലും കവി മനസ്സിലെ ചോദ്യങ്ങൾ കാണാൻ കഴിയും. നമുക്കത് രസകരമെന്നു തോന്നുകയും നമ്മളും അതേക്കുറിച്ച് കവി ചൂണ്ടിക്കാണിക്കുന്ന വഴിയിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നു. ഇന്നത്തെ സാങ്കേതികവിദ്യകൾ ഉള്ളപ്പോൾ  മേഘസന്ദേശത്തിനു എന്ത് പ്രസക്തി എന്ന് ചോദിക്കുമ്പോൾത്തന്നെ ഈ യുഗം കവിതയുടെ ശത്രുവോ എന്നും കവി  സ്വയം ചിന്തിക്കുന്നു.  ഈ കൊച്ചുകവിതയിലും ശക്തമായ ഒരു വിമര്ശന ധ്വനിയുണ്ട്. മേഘസന്ദേശത്തെപ്പോലെ ഒരു കവിത ഇന്നാർക്ക് ചമക്കാൻ കഴിയുമെന്ന് കവി ശാന്തനായി ആലോചിക്കുന്നു. മായ എന്ന കവിത വായനക്കാരന്റെ ചിന്തകളെ ഉത്തേജിപ്പിക്കുന്നവയാണ്. ഈ കവിതയിൽ ആന്റണി ചേട്ടൻ ആൽബർട്ട് ഐൻസ്റ്ററിന്റെ തത്വചിന്തയെ അനുകൂലിക്കുന്നതായി തോന്നാം. കയറു കണ്ട് പാമ്പാണെന്ന് ധരിക്കുന്നു. ഇതിൽ ഏതു മായായെന്നു ആദി ശങ്കരനോട് ചോദിക്കുന്നുണ്ട്. പക്ഷെ ആദി ശങ്കരന്റെ സൗന്ദര്യലഹരി മതിയായ വിവരണം നൽകുന്നതായി കവിക്ക് ബോധ്യമില്ല. കവി ഐൻസ്റ്റെയിനോട് യോജിക്കുന്നു. അതായത് മനുഷ്യരുടെ മനസിലുള്ളതൊഴിച്ചു വേറൊന്നുണ്ടെന്നു സ്ഥാപിക്കാൻ പ്രയാസമാണ്.  മനസ്സിൽ പാമ്പും കയറുമുണ്ട്.  മനസ്സിന് ഭ്രമവുമുണ്ട്. അതുകൊണ്ട് ഏതാണെന്നു ആദ്യം ശങ്ക തോന്നുമെങ്കിലും സത്യം തിരിച്ചറിയാൻ മനസ്സിന്  കഴിയുന്നു. സൗന്ദര്യലഹരിയിലെ വ്യാഖ്യാനങ്ങൾ വ്യക്തമല്ലെന്ന് അല്ലെങ്കിൽ സാധാരണക്കാരന് മനസ്സിലാകില്ലെന്നു കവി പറയുകയാവാം. എല്ലാ കവിതകളിലും അത്തരം ആശയങ്ങൾ കാണാം. പുരാണങ്ങളും മതങ്ങളും  വർത്തമാനകാല ചിന്തകളും തമ്മിൽ കൂട്ടിമുട്ടിച്ച് രസിക്കുന്നത് കവിയുടെ വിനോദമാണ്. കുമ്പസാരക്കൂട്ടിൽ നിന്നും ബൈബിൾ വചനത്തെ വ്യാഖ്യാനിക്കുന്ന അന്തോണിയെ കവി കണ്ടെത്തുന്നുണ്ട്. വ്യക്തിബന്ധങ്ങളിൽ സ്നേഹമെന്ന വാക്കിന്റെ അർത്ഥതലങ്ങൾ തെറ്റായി കാണാനുള്ള മനുഷ്യനറെ താൽപ്പര്യം അതും സ്വാർത്ഥതാല്പര്യങ്ങൾക്കുവേണ്ടി “സ്നേഹവും മോഹവും” എന്ന കവിതയിൽ കാണാം.
 

രചനാലോകത്ത് ആശങ്കകളുമായി നിൽക്കുന്ന പുതിയതും പഴയതുമായ എഴുത്തുകാരെ ഈ പുസ്തകം ശക്തരാക്കും. ഓരോരുത്തരും അവരുടെ ആശയങ്ങൾ അവതരിപ്പിക്കാൻ അവരുടെ തന്നെ കഴിവ് ഉപയോഗിക്കണം. മറ്റുള്ളവരുടെ നിബന്ധനകൾക്ക് വഴങ്ങി നിൽക്കുമ്പോൾ അവനവന്റെ സർഗാത്മകത നഷ്ടപ്പെടുന്നു. ആന്റണി ചേട്ടൻ അദ്ദേഹത്തിനെഴുതാനുള്ളത് അദ്ദേഹം തീരുമാനിച്ച പോലെ എഴുതി. അതിലൂടെ കഥക്കും, കവിതക്കും അദ്ദേഹത്തിന്റെ ശൈലി ഉണ്ടായി.  ഈ പുസ്തകം പ്രസിദ്ധീകരിച്ചുകാണാൻ  ആന്റണി ചേട്ടൻ ഇല്ലാതെ പോയി. ജീവിച്ചിരുന്നെങ്കിൽ പുസ്തകം ഇറങ്ങുമ്പോൾ തീര്ച്ചയായും എന്നെ വിളിക്കുമായിരുന്നു. “പുസ്തകം അയച്ചിട്ടുണ്ട്. പണിക്കവീട്ടിൽ അഭിപ്രായം എഴുതുക.” എന്ന് എന്നോടാവശ്യപ്പെടുമായിരുന്നു. സംഭാഷണമധ്യേ ഔദ്യോഗികമായ പ്രയോഗങ്ങൾ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. അവസാനത്തെ പേര് ആദ്യം പറയുന്നതും കുസൃതികളിൽ ചിലതാണ്. നമ്മുടെ വിശ്വാസം പോലെ ദൈവസന്നിധിയിൽ നിന്നും അദ്ദേഹം എന്നെ വിളിച്ചിട്ടുണ്ടാകും.  പ്രിയ ആന്റണി ചേട്ടന്, പുസ്തകത്തെക്കുറിച്ചുള്ള എന്റെ വിനീതമായ അഭിപ്രായങ്ങൾ സമർപ്പിക്കുന്നു.

ശുഭം

ആശയങ്ങളെ അതിരു തിരിച്ചു കണ്ട എഴുത്തുകാരൻ പ്രൊഫ. എം ടി ആന്റണി (സുധീർ പണിക്കവീട്ടിൽ)
Join WhatsApp News
moidunny abdutty 2021-06-24 12:27:02
A write-up regarding MT. Antony is great.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക