Image

അടുത്ത ഫൊക്കാനാ കണ്‍വെന്‍ഷന്‌ വാഷിംഗ്‌ടണ്‍ സുസജ്ജം

Published on 24 June, 2012
അടുത്ത ഫൊക്കാനാ കണ്‍വെന്‍ഷന്‌ വാഷിംഗ്‌ടണ്‍ സുസജ്ജം
ഫൊക്കാനയുടെ പതിനഞ്ചാമത്‌ ദൈ്വവാര്‍ഷിക കണ്‍വെന്‍ഷന്‌ ഹ്യൂസ്റ്റണ്‌ നഗരം തയാറെടുക്കുമ്പോള്‍ അടുത്ത കണ്‍വെന്‍ഷന്‍ എവിടെ എന്ന ചോദ്യത്തിന്‌ മറുപടിയുമായി വാഷിംഗ്‌ടണിലെ മുന്‍നിര നേതാക്കളും അനുഭാവികളും സുസജ്ജരായി രംഗത്തെത്തി.

തലസ്ഥാന നഗരിയില്‍ 22 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ വിജയകരമായി കണ്‍വെന്‍ഷന്‍ നടത്തിയ അതേ നേതാക്കളുടെ അകമഴിഞ്ഞ പിന്തുണയോടെ റീജിയണല്‍ വൈസ്‌ പ്രസിഡന്റും, യുവജന നേതാവുമായ വിപിന്‍ രാജും, വാഷിംഗ്‌ടണ്‍ കേന്ദ്രീകരിച്ചുള്ള നാലു മലയാളി സംഘടനകളും, അവയുടെ നേതാക്കളും പ്രവര്‍ത്തകരും ഒരേ മനസോടെ 2014-ലെ കണ്‍വെന്‍ഷന്‍ ഏറ്റെടുത്ത്‌ നടത്താന്‍ സന്നദ്ധരായി മുന്നോട്ടുവന്നിരിക്കുന്നു.

കാനഡയിലേയോ, അമേരിക്കയിലെയോ മറ്റ്‌ നഗരങ്ങളെ അപേക്ഷിച്ച്‌ വാഷിംഗ്‌ടണാണ്‌ ഏറ്റവുമധികം സാധ്യതകളെന്ന്‌ ഫൊക്കാനയുടെ ചിരകാല സുഹൃത്തുക്കളും നേതാക്കളും ഭാരവാഹികളുമായ ജേക്കബ്‌ വര്‍ഗീസ്‌, സനില്‍ ഗോപിനാഥ്‌, ബെന്‍ പോള്‍, ജോസഫ്‌ പോത്തന്‍, മനോജ്‌ ശ്രീനിലയം എന്നിവര്‍ അവകാശപ്പെട്ടു. 2014-ലെ കണ്‍വെന്‍ഷന്‍ വാഷിംഗ്‌ടണില്‍ കൊണ്ടുവരാനായി വാഷിംഗ്‌ടണിലെ പ്രതിനിധികള്‍ രണ്ടുവട്ടം ഫൊക്കാന നാഷണല്‍ കമ്മിറ്റി മീറ്റിംഗില്‍ അപേക്ഷ സമര്‍പ്പിച്ച്‌ സംസാരിക്കുകയും, ഇപ്പോഴത്തെ ഭാരവാഹികള്‍ അനുഭാവ പൂര്‍വ്വം അത്‌ പരിഗണിക്കുകയും മറ്റ്‌ സംഘടനകള്‍ ഈ ആവശ്യവുമായി മുന്നോട്ടു വരാതിരുന്നതും വാഷിംഗ്‌ടണിന്‌ മുന്‍തൂക്കം നല്‍കുകയും ചെയ്‌തു.

മനസുകൊണ്ട്‌ വാഷിംഗ്‌ടണിലെ നാലു മലയാളി സംഘടനകളും ഒത്തുചേര്‍ന്ന്‌ കണ്‍വെന്‍ഷന്‌ സജ്ജമായി ഒരുങ്ങുന്നതിനിടയിലാണ്‌ അവകാശവാദവുമായി ചിക്കാഗോക്കാര്‍ രംഗത്തുവരുന്നത്‌. കഴിഞ്ഞ രണ്ടു ചിക്കാഗോ കണ്‍വെന്‍ഷനുകളും സാമ്പത്തിക നഷ്‌ടത്തില്‍ കലാശിച്ച ചരിത്രമാണ്‌ ചിക്കാഗോയ്‌ക്കുള്ളത്‌. കൂടാതെ പ്രധാനപ്പെട്ട അംഗ സംഘടനകളൊന്നും തന്നെ ഫൊക്കാനയ്‌ക്കുവേണ്ട പിന്തുണ നല്‍കുന്നില്ല എന്ന വിരോധാഭാസവും നിലനില്‍ക്കുന്നുണ്ട്‌. കേവലം ചില വ്യക്തികളെ ചൂണ്ടിക്കാണിച്ച്‌ മഹത്തായ ഒരു സംഘടനയെ ബഹുഭൂരിപക്ഷം പേരുടെ എതിര്‍പ്പിനെ അവഗണിച്ച്‌ സ്ഥാപിത താത്‌പര്യത്തിനുവേണ്ടി ചിക്കാഗോയിലേക്ക്‌ മാറ്റിയാല്‍, ആളും അര്‍ത്ഥവും അവകാശവുമുള്ള വാഷിംഗ്‌ടണ്‍കാര്‍ക്ക്‌ ശക്തമായി പ്രതികരിക്കേണ്ടിവരുമെന്ന്‌ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

22 വര്‍ഷത്തിനുശേഷം ന്യായമായും വാഷിംഗ്‌ടണിന്‌ അവകാശപ്പെട്ട അടുത്ത കണ്‍വെന്‍ഷന്‍ അട്ടിമറിക്കാന്‍ അധികാരമോഹികളായ ചില നേതാക്കള്‍ ഗൂഢാലോചന നടത്തുന്നുവെന്നും അതിനറുതിവരുത്തുകയും അധികാരം യുവജനങ്ങള്‍ക്കും സ്‌ത്രീകള്‍ക്കും കൈമാറും എന്ന്‌ പ്രസംഗിച്ചാല്‍ പോര ശരിക്കും കൈമാറുകതന്നെ വേണമെന്ന്‌ യുവനേതാവായ വിപിന്‍രാജ്‌ കൂട്ടിച്ചേര്‍ത്തു. എന്തുവന്നാലും അടുത്ത കണ്‍വെന്‍ഷന്‍ വാഷിംഗ്‌ടണില്‍ കിട്ടിയേതീരൂ എന്ന വാശിയില്‍ വാഷിംഗ്‌ടണ്‍ ഭാഗത്തു നിന്ന്‌ നിരവധി കുടുംബങ്ങളാണ്‌ ഈ പ്രവശ്യം ഹൂസ്റ്റണിലേക്ക്‌ വരുന്നത്‌. ആവശ്യമെങ്കില്‍ ഒരു മത്സരം നേരിടാന്‍ തന്നെ തയാറാണെന്ന്‌ സീനിയര്‍ നേതാക്കളായ സണ്ണി വൈക്ലിഫും, ശ്രീ പാര്‍ത്ഥസാരഥി പിള്ളയും അറിയിച്ചു.

അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ വമ്പിച്ച പ്രതികരണവും പിന്തുണയുമാണ്‌ വാഷിംഗ്‌ടണിന്‌ ലഭിക്കുന്നതെന്ന്‌ നേതാക്കള്‍ അവകാശപ്പെട്ടു. അധികാരത്തില്‍ തൂങ്ങിക്കിടക്കുന്ന നേതാക്കളോടുള്ള വെറുപ്പും വിദ്വേഷവും, സ്ഥാനമാനങ്ങള്‍ക്കുവേണ്ടി വാക്കു മാറ്റിപ്പറയുകയും ചെയ്യുന്നത്‌ ഫൊക്കാനയുടെ നിലനില്‍പ്പിനേയും അതിന്റെ അന്തസിനേയും ഒരു പരിധിവരെ ബാധിച്ചിട്ടുണ്ടെന്നും അതു മനസിലാക്കി മുതിര്‍ന്ന നേതാക്കള്‍ സംഘടനയുടെ ഉന്നമനത്തിനുവേണ്ടി മാത്രം പ്രവര്‍ത്തിക്കണമെന്ന്‌ നേതാക്കള്‍ മുന്നറിയിപ്പ്‌ നല്‍കി.

2012-ലെ കണ്‍വെന്‍ഷന്‍ സമവായത്തിലൂടെ ഹ്യൂസ്റ്റണ്‌ നല്‍കിയപോലെ 2014-ലെ കണ്‍വെന്‍ഷന്‍ വാഷിംഗ്‌ടണും, 2016-ലെ കണ്‍വെന്‍ഷന്‍ ചിക്കാഗോയ്‌ക്കും നല്‍കി പ്രതിസന്ധി അവസാനിപ്പിക്കണമെന്നും പുതിയ നേതൃത്വത്തില്‍ കൂടുതല്‍ സ്‌ത്രീകളും, ചെറുപ്പക്കാരും ഉണ്ടാകണമെന്നും 2014-ലെ കണ്‍വെന്‍ഷന്‍ വാഷിംഗ്‌ടണിലാണെങ്കില്‍ അത്‌ വന്‍ വിജയമായിരിക്കുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
Vipin Raj
അടുത്ത ഫൊക്കാനാ കണ്‍വെന്‍ഷന്‌ വാഷിംഗ്‌ടണ്‍ സുസജ്ജം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക