Image

മാഞ്ചസ്റ്റര്‍ തിരുന്നാള്‍: പ്രധാന തിരുനാള്‍ ജൂലൈ 3 ശനിയാഴ്ച

Published on 27 June, 2021
 മാഞ്ചസ്റ്റര്‍ തിരുന്നാള്‍: പ്രധാന തിരുനാള്‍ ജൂലൈ 3 ശനിയാഴ്ച


മാഞ്ചസ്റ്റര്‍: യുകെയുടെ മലയാറ്റൂര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വിഖ്യാതമായ മാഞ്ചസ്റ്ററില്‍ ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാശ്‌ളീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഞായറാഴ്ച വൈകുന്നേരം വൈകുന്നേരം നാലിന് ഷ്രൂസ്ബറി രൂപതാ വികാരി ജനറാള്‍ റവ.ഫാ. മൈക്കിള്‍ ഗാനന്‍ കൊടിയേറ്റും. സെന്റ് ആന്റണീസ് ചര്‍ച്ച് വികാരി റവ.ഫാ. നിക് കേണ്‍, ഇടവക വികാരി റവ.ഫാ. ജോസ് അഞ്ചാനിക്കല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് വി.കുര്‍ബ്ബാനയും പ്രസുദേന്തി വാഴ്ചയും ഉണ്ടായിരിക്കുന്നതാണ്.

തിരുനാളിന്റെ ഒരുക്കമായി ഇന്ന് ഇടവകയില്‍ പ്രാര്‍ത്ഥനാദിനമായി ആചരിക്കും. രാവിലെ ഒന്പതിന് ജപമാല തുടര്‍ന്ന് 9.30 ന് ദിവ്യബലിക്ക് ശേഷം 10.30 മുതല്‍ തുടര്‍ച്ചയായി ചെയിന്‍ പ്രാര്‍ത്ഥന ഇടവകയിലെ വിവിധ കുടുംബക്കൂട്ടായ്മകളുടെ നേതൃത്വത്തില്‍ നടക്കുന്നതാണ്.
രാത്രി 7.30 ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സിസ്റ്റര്‍ ആന്‍ മരിയ എസ്.എച്ച് നേതൃത്വം നല്‍കുന്ന ആത്മീയ ഒരുക്ക പ്രഭാഷണവും നടക്കും. തുടര്‍ന്ന് സമാപന ആശീര്‍വാദവും ഉണ്ടായിരിക്കുന്നതാണ്.

പ്രധാന തിരുന്നാള്‍ ആഘോഷങ്ങള്‍ ജൂലൈ മൂന്നിനു ശനിയാഴ്ച നടക്കും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ മെത്രാന്‍ മാര്‍.ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികന്‍ ആയി തിരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കും. മാഞ്ചസ്റ്റര്‍ സെന്റ്.തോമസ് ദി അപ്പസ്‌തോല്‍ മിഷനിലെ 11 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണമാണ് ഇക്കുറി തിരുന്നാളിന്റെ മുഖ്യ ആകര്‍ഷണം. ജൂണ്‍ 26 തിരുനാള്‍ ആരംഭിക്കുന്ന ദിവസം മുതല്‍ എല്ലാ ദിവസവും ദിവ്യബലിയും നൊവേനയും നടക്കും. തിരുന്നാള്‍ വിജയത്തിനായി മിഷന്‍ ഡയറക്ടര്‍ റവ. ഫാ.ജോസ് അഞ്ചാനിക്കല്‍, കൈക്കാരന്മാരായ അലക്‌സ് വര്‍ഗീസ്, ചെറിയാന്‍ മാത്യു, ജിസ്‌മോന്‍ ജോര്‍ജ്, ജോജി ജോസഫ്, ജോസ് വരിക്കയില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ട് ലളിതമായിട്ടാണ് ഇക്കുറി തിരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുകയെന്ന് വികാരി റവ. ഫാ. ജോസ് അഞ്ചാനിക്കല്‍ അറിയിച്ചു.

ജൂണ്‍ 26 ശനിയാഴ്ച പ്രാര്‍ത്ഥന ദിനമായി ആചരിക്കുമ്പോള്‍ രാവിലെ 9.30 ന് ദിവ്യബലിയും നൊവേനയും നടക്കും. ഇതേ തുടര്‍ന്ന് കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തില്‍ ചെയിന്‍ പ്രയറുകള്‍ക്കു തുടക്കമാകും. രാത്രി 7.30 ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സിസ്റ്റര്‍ ആന്‍ മരിയ എസ്.എച്ച് നേതൃത്വം നല്‍കുന്ന ആത്മീയ ഒരുക്ക പ്രഭാഷണവും നടക്കും.

28 തിങ്കളാഴ്ച വൈകുന്നേരം 5.30 ന് ദിവ്യബലിക്കും നൊവേനക്കും നിയുക്ത ഹോളിഫാമിലി മിഷന്‍ ഡയറക്ടര്‍ റവ. ഫാ.വിന്‍സെന്റ് ചിറ്റിലപ്പള്ളി നേതൃത്വം നല്‍കും.

29 -ന് ചൊവ്വാഴ്ച വൈകുന്നേരം ആറിന് സിറോ മലങ്കര ക്രമത്തില്‍ നടക്കുന്ന ദിവ്യബലിക്കും നൊവേനയ്ക്കും മാഞ്ചസ്റ്റര്‍ സീറോ മലങ്കര ചാപ്ലിന്‍ റവ. ഫാ.രഞ്ജിത് മഠത്തിറമ്പില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.


30 -നു ബുധനാഴ്ച്ച വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിയിലും നൊവേനയിലും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ റവ. ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍ മുഖ്യ കാര്‍മ്മികനാകും.

ജൂലൈ ഒന്നാം തിയതി വ്യാഴാഴ്ച വൈകുന്നേരം ആറിന് ദിവ്യബലിക്കും നൊവേനക്കും പ്രെസ്റ്റണ്‍ സെന്റ്. അല്‍ഫോന്‍സാ കത്തീഡ്രല്‍ വികാരി റവ. ഫാ.ബാബു പുത്തന്‍പുരക്കല്‍ മുഖ്യ കാര്‍മ്മികനാകും.

ജൂലൈ രണ്ടാം തിയതി വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ റവ. ഫാ.ആന്റണി ചുണ്ടലിക്കാട്ട് മുഖ്യ കമ്മികത്വം വഹിക്കും.

പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ മൂന്നാം തിയതി ശനിയാഴ്ച രാവിലെ പത്തിന് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. ആദ്യകുര്‍ബാന സ്വീകരിക്കുന്ന കുട്ടികള്‍, പ്രസുദേന്തിമാര്‍ തുടങ്ങിയവര്‍ പ്രദക്ഷിണമായി പിതാവിനേയും മറ്റ് വൈദികരേയും അള്‍ത്താരയിലേക്ക് ആനയിക്കും. തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍ ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയില്‍ മുഖ്യ കര്‍മ്മികന്‍ ആകുമ്പോള്‍ ഒട്ടേറെ വൈദികര്‍ സഹ കാര്‍മ്മികരാകും. ദിവ്യബലി മദ്ധ്യേ മാഞ്ചസ്റ്റര്‍ മിഷനിലെ പതിനൊന്നു കുട്ടികള്‍ ആദ്യമായി ഈശോയെ സ്വീകരിക്കുമ്പോള്‍ അതൊരു ആത്മീയ അനുഭവമായി മാറും. ഇതേതുടര്‍ന്ന് മറ്റു തിരുന്നാള്‍ തിരുകര്‍മ്മങ്ങളും, ലദീഞ്ഞും, നൊവേനയും,വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും നടക്കും. കോവിഡ് പ്രോട്ടോകോള്‍ നിലനിക്കുന്നതിനാല്‍ ഇക്കുറി തിരുന്നാള്‍ പ്രദക്ഷിണം ഒഴിവാക്കിയിരിക്കുകയാണ്.

ജൂലൈ നാലാം തിയതി ഞാറാഴ്ച വൈകുന്നേരം 3.30 ന് നടക്കുന്ന താങ്ക്‌സ് ഗിവിങ് മാസ്സില്‍ മാഞ്ചസ്റ്റര്‍ മിഷന്‍ ഡയറക്ടര്‍ റവ. ഫാ.ജോസ് അഞ്ചാനിക്കല്‍ മുഖ്യ കാര്‍മ്മികനാവും. തുടര്‍ന്ന് കൊടിയിറക്കി ഒരാഴ്ച നീണ്ടു നിന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും.

സര്‍ക്കാരിന്റെ കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ എല്ലാവര്‍ഷവും സംഘടിപ്പിക്കുന്ന കലാപരിപാടികള്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ വെട്ടിക്കുറച്ചും, എന്നാല്‍ ആത്മീയ ആഘോഷങ്ങള്‍ക്ക് ഒട്ടും കോട്ടം തട്ടാതെയുമാണ് ഇക്കുറി തിരുന്നാള്‍ ആഘോഷങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

വിശ്വാസികള്‍ക്ക് ആത്മീയ ഉണര്‍വ്വ് പകരുന്ന മാഞ്ചസ്റ്ററിലെ തിരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതില്‍ എല്ലാവര്‍ക്കും സാധിക്കാതെ വരുന്നതിനാല്‍ ലൈവായി ടെലികാസ്റ്റ് ചെയ്യുന്നുണ്ട്. മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളില്‍ നേരിട്ടും ലൈവ് സംപ്രേക്ഷണത്തിലൂടെയും പങ്കെടുത്തു കൊണ്ട് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കല്‍ ക്ഷണിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക