ഹൈദരാബാദ്: തെലുങ്ക് നടന് അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹ സിനിമയിലേക്ക്. സാമന്തയെ കേന്ദ്രകഥാപാത്രമാക്കി ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അല്ലു അര്‍ഹ എത്തുന്നത്. കാളിദാസ കൃതിയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഭരത രാജകുമാരിയുടെ കഥാപാത്രത്തെയാണ് താര പുത്രി അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്. മകള്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നതിന്റെ സന്തോഷം അല്ലു സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
'അല്ലു കുടുംബത്തിലെ നാലാം തലമുറയില്‍ നിന്നൊരാള്‍ അഭിനയ രംഗത്തേക്ക് എത്തുന്ന നിമിഷം അഭിമാനപൂര്‍വ്വം അറിയിക്കുന്നു. അല്ലു അര്‍ഹ ശാകുന്തളം എന്ന ചിത്രത്തിലൂടെ തുടക്കം കുറിക്കുകയാണ്. എന്റെ മകള്‍ക്ക് ഈ അവസരം നല്കിയ ഗുണശേഖറിന് നന്ദി', എന്ന് അല്ലു അര്ജുന് സമൂഹ മാധ്യമങ്ങളിലൂടെ കുറിച്ചു.