Image

സാമൂഹ്യമാധ്യമത്തില്‍ സ്മൃതി ഇറാനിക്കെതിരേ മോശം പരാമര്‍ശം ; യുപിയില്‍ കോളേജ് അദ്ധ്യാപകനെ ജയിലില്‍ അടച്ചു

Published on 21 July, 2021
സാമൂഹ്യമാധ്യമത്തില്‍ സ്മൃതി ഇറാനിക്കെതിരേ മോശം പരാമര്‍ശം ; യുപിയില്‍ കോളേജ് അദ്ധ്യാപകനെ ജയിലില്‍ അടച്ചു


ലക്‌നൗ:  വനിതാശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയ്ക്ക് എതിരേ ഫേസ്ബുക്കില്‍ അപകീര്‍ത്തി പരമായ പരാമര്‍ശം നടത്തിയ കോളേജ് പ്രൊഫസറെ ഉത്തര്‍പ്രദേശില്‍ ജയിലില്‍ അടച്ചു. യുപിയിലെ ഫിറോസാബാദിലെ കോടതിയില്‍ അധ്യാപകന്‍ കീഴടങ്ങിയതിനു പിന്നാലെയാണു നടപടി. ഷഹരിയാര്‍ അലി എന്ന അദ്ധ്യാപകനെയാണ് സാമൂഹ്യമാധ്യമ പോസ്റ്റിന്റെ പേരില്‍ ജയിലിലേക്ക് അയച്ചത്. 


ചൊവ്വാഴ്ച അഡിഷനല്‍ സെഷന്‍സ് ജഡ്ജി അനുരാഗ് കുമാറിന് മുന്‍പാകെ ഷഹര്യാര്‍ അലി എന്നയാള്‍ ഹാജരായി ഇടക്കാല ജാമ്യത്തിന് അപേക്ഷ നല്‍കി. എന്നാല്‍ ജാമ്യാപേക്ഷ തള്ളിയാണ് ഇദ്ദേഹത്തെ ജയിലിലേക്ക് അയച്ചത്. ഇയാളെ കോളജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.  ഈ മാസം ആദ്യം ഷഹര്യാര്‍ അലിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയത്. 

മേയില്‍ അഹലബാദ് ഹൈക്കോടതിയിലും പ്രഫസര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. അവിടെയും തള്ളി. കേന്ദ്രമന്ത്രിക്കെതിരെ പോസ്റ്റിട്ടതിനു പിന്നാലെ ഫിറോസാബാദ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ തന്നെ സാമൂഹ്യമാധ്യമ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നും അതില്‍ തനിക്ക്  ഉത്തരവാദിത്വം ഇല്ലെന്നുമായിരുന്നു അധ്യാപകന്റെ പ്രതികരണം. എന്നാല്‍ അക്കൗണ്ട് ഹാക്ക് ചെയ്തു എന്നു കരുതാന്‍ ആവശ്യമായ തെളിവില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. എസ്ആര്‍കെ കോളജിലെ ചരിത്ര വിഭാഗം മേധാവിയാണ് ഷഹര്യാര്‍ അലി. 

സാമൂഹ്യമാധ്യമത്തിലൂടെ ഒരാളെ വിമര്‍ശിക്കുകയും പരിഹസിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ ആള്‍ക്കാര്‍ ശ്രദ്ധിക്കണം എന്നായിരുന്നു ജാമ്യാപേക്ഷ പരിഗണിച്ച കോടതി പറയുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക