Image

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ; ലീഗിന്റെ രാഷ്ട്രീയം

ജോബിന്‍സ് തോമസ് Published on 23 July, 2021
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ; ലീഗിന്റെ രാഷ്ട്രീയം
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ 80 : 20 അനുപാതം റദ്ദുചെയ്യണമെന്ന ഹൈക്കോടതി വിധി നടപ്പാക്കിയതില്‍ നിലവില്‍ സംസ്ഥാനത്ത് എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നത് മുസ്ലീംലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനം മാത്രമാണ്. ലീഗിനെ ഭയന്ന് നിലപാടുകള്‍ മാറ്റിയെങ്കിലും കോണ്‍ഗ്രസില്‍ നിന്നും പരസ്യ പ്രസ്താവനകള്‍ ഇതുവരെ വന്നിട്ടില്ല. 

സര്‍ക്കാര്‍ തീരുമാനം മുസ്ലീം സമുദായത്തിന്റെ ആനുകൂല്ല്യങ്ങള്‍ തട്ടിയെടുക്കലാണ് എന്ന വാദമാണ് ലീഗ് പ്രചരിപ്പിക്കുന്നത്. ഇതിലൂടെ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യുക മാത്രമാണ് ലീഗിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രിയടക്കം ഇടതുപക്ഷം ആരോപിക്കുന്നു. 

ലീഗിന്റെ നിലപാടുകള്‍ ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കുകയാണ് വേണ്ടെതെന്നും ഭരണപക്ഷം പറയുന്നുണ്ട്
എന്നാല്‍ കോടതിയിലേയ്ക്ക് പോകാന്‍ ലീഗ് തയ്യാറല്ലതാനും. മറിച്ച് മതസംഘടനാ നേതാക്കളുടെ യോഗം വിളിച്ച് അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു എന്ന ക്ലാസെടുക്കുകയാണ് ലീഗ് ചെയ്തത്. 

ന്യൂനപക്ഷം എന്ന നിര്‍വ്വചനം തന്നെ ജനസംഖ്യയെ അടിസ്ഥാനമാക്കിയായതിനാല്‍ ജനസംഖ്യാനുപാതികമായി ആനുകൂല്ല്യങ്ങള്‍ നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ നിന്നും അനുകൂലവിധി സമ്പാദിക്കാന്‍ സാധിക്കില്ലെന്ന് ലീഗിന് നിയമോപദേശം ലഭിച്ചതായാണ് സൂചന. ഇതിനാലാണ് ആദ്യം സ്വമേധയാ കോടതിയില്‍ പോകുമെന്നു പറഞ്ഞ ലീഗ് ഇപ്പോള്‍ ഈ വിഷയത്തില്‍ കോടതിയിലേയ്ക്കില്ല എന്ന നിലപാടില്‍ എത്തിയിരിക്കുന്നത്. 

മാത്രമല്ല കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്ല്യങ്ങളില്‍ ഒരു കുറവും വരില്ല എന്നതും മറ്റു സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് അധികമായി അനുവദിച്ച തുകയാണെന്നുള്ളതിനാലും മുസ്ലിം സമുദായത്തില്‍ പോലും ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരായ വികാരമില്ല എന്നതാണ് വസ്തുത.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ സമൂഹത്തില്‍ ഭിന്നതയുണ്ടാക്കരുതെന്ന് പെരുന്നാള്‍ പ്രസംഗത്തില്‍ പാളയം ഇമാം പറഞ്ഞതും ലീഗിന് തിരിച്ചടിയായിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക