Image

രാമായണ ചിന്തകള്‍ 7: 'ലോകരേ വെടിയുക അഹമ്മതി, അധികാരമോഹവും'(ജിഷ യു.സി)

ജിഷ യു.സി Published on 23 July, 2021
രാമായണ ചിന്തകള്‍ 7: 'ലോകരേ വെടിയുക അഹമ്മതി, അധികാരമോഹവും'(ജിഷ യു.സി)
കര്‍ക്കിടക മാസ വരവിനു മുന്‍പെയുള്ള തട്ടിക്കൊട്ടിയടിച്ചു വാരല്‍ ശരിക്കും ഒരാഘോഷ ഛായയിലുള്ളതുതന്നെയാണ്.പാറകത്തിന്നിലയിട്ട് ഉരച്ച് കഴുകി മിനുസപ്പെടുത്തിയ മരവാതിലുകളും, മരപ്പടികളും തട്ടിക്കൊട്ടിയടിച്ചുവാരിയിട്ട അകത്തളങ്ങളും രാമായണ പാരായണത്തിന് കാതോര്‍ത്തിരിക്കുകയാവും.

സംക്രാന്തിത്തലേന്ന്, വാഴയുടെ അണയും വാഴപ്പോളയും, നാരും കൊണ്ട് ഭംഗിയുള്ള കാലിത്തൊഴുത്തും, അതിനകത്ത് പച്ചപ്ലാവില കൊണ്ട് കാലികളെയും ഉണ്ടാക്കും. കൂടെ ഭംഗിയുള്ള ഏണിയും കോണിയും .
ചിരട്ടയില്‍ ചക്കക്കൂട്ടാനും, ചോറും കീറ മുറവും ചൂലും  ചൂട്ടും ഇതെല്ലാം  കലിയനു കൊടുക്കുന്നിടത്ത് കൊണ്ടു വക്കും.

,'കലിയാ  കലിച്ചീ
വന്നോളിന്‍
ഏണീം കോണീം കേറിക്കോളിന്‍
ചക്കേം ചോറും തിന്നേ പോ
വിത്തും വല്ലീം തന്നേ പോ,'

എന്ന് ഉറക്കെപ്പാടി കൂക്കി കലിയനെ വിളിക്കും

കലിയനും കലിച്ചിക്കും കൊടുത്തു  കഴിഞ്ഞ പിറ്റേന്ന്, കലിയനും കലിച്ചിയും എല്ലാം എടുത്തോ എന്ന്  നോക്കുന്നതിനായി ബാലിശമായ കൗതുകത്തില്‍  പടിക്കല്‍ പോയി നോക്കും.

അധികവും കര്‍ക്കിടക പ്പെരുമഴ എല്ലാം കൊണ്ടു പൊയ്ക്കാണും. ഞങ്ങളുടെ ഗെയ്റ്റിനപ്പുറമുള്ള ചെറിയ തോടു വക്കിലാണ് ഈ പ്രക്രിയ പതിവ്
എല്ലാ വര്‍ഷവും മഴപെയ്ത് തോടു നിറഞ്ഞ് വച്ച എല്ലാ സാധനങ്ങളും തോട്ടില്‍ ഒലിച്ചു  പൊയ്ക്കാണും.

 ഞങ്ങളുടെ  മുത്തശ്ശന്‍ പ്രഭാതകര്‍മ്മങ്ങള്‍ക്കും പ്രഭാത ഭക്ഷണത്തിനും ശേഷം, ഭാഗവതവും, രാമായണവും, നാരായണീയവും വായിക്കുക പതിവായതിനാല്‍ ഞങ്ങളുടെ ഗൃഹത്തില്‍ രാമായണ പാരായണം  ഒരു പുതുമയല്ലായിരുന്നു.

എന്നാല്‍ നാട്ടിലെ അമ്പലത്തില്‍ സദാ ഊഴമിട്ടുള്ള പാരായണം പതിവാണ്.

 രാമായണ മാസത്തിലെ മുപ്പട്ടു വെള്ളിയാഴ്ചയിലെ മൈലാഞ്ചിയും, തവിടപ്പത്തിന്റെ രുചിയുമാണ് ഇന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നത്. ഉണക്കല്ലരിത്തവിട് ശര്‍ക്കരയും ചേര്‍ത്ത് ഇലയില്‍ പൊതിഞ്ഞ് കണലില്‍ ചുട്ടെടുക്കുന്ന 'തവിടപ്പം' ഇന്ന് ഓര്‍മ്മകളില്‍ മാത്രം.

അമ്മിയില്‍ അരച്ചെടുത്ത മൈലാഞ്ചി വീടുകളിലെ പെണ്‍ പ്രജകളെല്ലാം തന്നെ പ്രായഭേദമന്യേ കയ്യില്‍ ഇടും,മുരിങ്ങയൊഴിച്ച് ഇലക്കറികള്‍ കൊണ്ട് സമ്പുഷ്ടമായ ഉച്ചയൂണ്‍ നേരങ്ങള്‍, കര്‍ക്കിടക ഔഷധക്കഞ്ഞി കുടിക്കുന്ന മുത്തശ്ശി മണം. എല്ലാം ചേരുന്ന പുണ്യം അതാണ് രാമായണ മാസം.

ദശപുഷ്പങ്ങള്‍ അരച്ച് ഉണ്ടാക്കുന്ന പച്ചക്കുറി അന്ന് എല്ലാ ഹൈന്ദവരുടെയും നെറ്റിയില്‍ കാണാമായിരുന്നു. ശീപോതി വയ്ക്കല്‍ അഥവാ ശ്രീ ഭഗവതിക്കൊരുക്കല്‍ ഈ രാമായണമാസങ്ങളിലെ ഒരു പ്രത്യേകതയാണ്. നിലവിളക്കും, അഷ്ടമംഗല്യവും, ദശപുഷ്പമാലയും, കോടി വ സ്ത്രവും, ഗ്രന്ഥവും ചേര്‍ന്ന അമ്മമാരുടെ ഈ ശീപോതിവയ്പ് മറ്റൊരോര്‍മ്മ...


രാമായണ പാരായണം കൊണ്ട് പുണ്യമാര്‍ന്ന ഗൃഹങ്ങള്‍ക്കവും, കര്‍ക്കിടക കൃഷികള്‍ക്കായി ഒരുങ്ങുന്ന കൃഷിയിടങ്ങളും ചേര്‍ന്ന പുണ്യമാസം.

മുത്തശ്ശി സന്ധ്യാനാമം ചൊല്ലലിനു ശേഷം പറഞ്ഞു തരുന്ന രാമകഥകള്‍ ,രാമായണ മാസത്തിലെ ഓര്‍മകളാണ്.

ദശരഥന്റെ  പുത്രകാമേഷ്ടി മുതല്‍ക്കാണാം രാമായണത്തിലെ ചിന്താശകലങ്ങള്‍ ഒളിച്ചിരിക്കുന്ന ഏടുകള്‍ തുല്യനീതി നടപ്പാക്കാനാവാതെ ,വരുന്ന രാജന്‍, രണ്ടു പങ്കിലെയും പായസം കിട്ടിയ സുമിത്രയുടെ ഇരട്ടപുത്ര ലാഭം. ചിന്തിക്കേണ്ടതാണ്.

രാമവനവാസവും മായാ മാരീച സ്വാധീനവും, മായയകറ്റി ലോകനന്മയെ അറിയുക എന്ന സന്ദേശം നല്‍കുന്നു. ലക്ഷ്മണ ഭാവം തികച്ചും വിധേയത്തമല്ലേ? പത്‌നി ഊര്‍മ്മിളയെയടക്കം ലക്ഷ്മണന്‍ പരിഗണിക്കുന്നില്ല.
തിരിച്ച് വനവാസാനന്തരം ശ്രീരാമന്‍ ഊര്‍മ്മിളയെ ആദരിക്കുന്നു ആശീര്‍വദിക്കുന്നു. ത്യാഗപൂര്‍ണമായ ജീവിതം നയിക്കുന്ന നാരികളെ ആദരിക്കുകശ്രേഷ്ഠമെന്നതല്ലേ ഇതില്‍ ശ്രീരാമചന്ദ്രന്റെ സന്ദേശം.

'നാരി വാഴുമിടം നാകം'

എന്ന് വാക്കാല്‍ അല്ല പ്രവൃര്‍ത്തിയാല്‍ തുടരുക, സ്ത്രീയെ ആദരിക്കുക എന്ന സന്ദേശം രാമായണത്തില്‍ ഉടനീളം കാണാം.

മന്ഥരയും കൈകേയിയും ശൂര്‍പ്പണഖയും, അഹല്യാദേവിയും, താടകയും, മണ്ഡോദരിയും, താരയും പകര്‍ന്നാടുന്ന വിവിധ ഭാവങ്ങള്‍ കീറി മുറിച്ചാല്‍ ക്കാണാം ഇന്നത്തെ മനുഷ്യജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍.

ലക്ഷ്മണരേഖയില്‍ തെളിയുന്നത് സുരക്ഷിതത്വവും ഉത്തരവാദിത്വവുമുള്ള സഹോദരഭാവമെങ്കില്‍

'വത്സ സൗമിത്രേ നീ കേള്‍ക്കുക
മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍'... എന്ന
ലക് ഷമണക്ഷോപത്തെ അടക്കാന്‍ പോന്ന ശ്രീരാമചന്ദ്രന്റെ വാക്കുകള്‍ എടുത്തു ചാടി ഒന്നും ചിന്തിക്കരുത്, പ്രവര്‍ത്തിക്കരുത് എന്ന സന്ദേശം പകരുന്നു.
'തൊടുത്തൊരസ്ത്രം ഒരു പക്ഷേ തിരിച്ചെടുക്കാം
തൊടുത്ത വാക്കാം അസ്ത്രം തിരിച്ചെടുക്കുക അസാദ്ധ്യം
വാക്കുകള്‍ മറ്റുള്ളവരുടെ ഹൃദയഭേദകമാവാതെയിരിക്കുക '
എന്ന ചിന്ത സീതാദേവി ലക്ഷ്മണനോട് പറയുന്ന വാക്കുകളിലൂടെ അതിന്റെ പരിണതഫലത്തിലൂടെ തെളിഞ്ഞു കാണാം.

രാമായണത്തിലെ ഉജ്വല കഥാപാത്രമാണ് ഭരതകുമാരന്‍. സ്വന്തം മാതാവ് ചെയ്താലും തെറ്റ് തെറ്റു തന്നെ. പുത്ര സ്‌നേഹപരവശയായ മാതാവിന്റെ ദുഷ്പ്രവര്‍ത്തിയെ ചോദ്യം ചെയ്യുന്ന ഭരതന്‍ രാമായണത്തിലുടനീളം ഓര്‍മ്മിപ്പിക്കപ്പെടുന്ന മുദ്ര ചാര്‍ത്തപ്പെട്ട കഥാപാത്രമാണ്.

അസൂയ കൊണ്ടും, അധികാര മോഹം കൊണ്ടും നേടിയതൊന്നും ശാശ്വതമല്ല എന്ന പാഠമാണ് കൈകേയിയുടെ ജീവിതം.

രാജാവില്‍ നിന്ന് നിര്‍ബന്ധമായി പിടിച്ചു വാങ്ങിച്ച രാജഭരണവും അധികാരവും മകന്‍ തെറ്റായി ചൂണ്ടിക്കാണിക്കുകയും ശ്രീരാമ പാദുകങ്ങളെ സാക്ഷിനിര്‍ത്തി മാത്രം ഭരണത്തിലേര്‍പ്പെടുകയും ചെയ്യുന്നു.
രാവണാന്ത്യം രാക്ഷസ ഭാവം വെടിയാനുള്ള ചിന്ത പ്രദാനം ചെയ്യുന്നതാണ്
'ലോകരേ വെടിയുക
അഹമ്മതി ,അധികാര മോഹവും
നന്നല്ല അത്യാഗ്രഹം
വഴിവിട്ട ചിന്തയും'

രാവണരാമ യുദ്ധാനന്തരം വിഭീഷണ രാജ്യം നന്‍മയുടെ വിജയ സന്ദേശം നല്‍കുന്നു.

'കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു നടിക്കുന്നതും ഭവാന്‍
രണ്ടു നാലു ദിനം കൊണ്ടൊരു ത്തന്നെ തണ്ടിലേറ്റി  നടത്തുന്നതും ഭവാന്‍'
എന്ന പൂന്താന ദര്‍ശനം കൂടി ഓര്‍മ്മിപ്പിച്ചു കൊണ്ട് കെട്ടകാലത്തെ ഈ പുണ്യദിനങ്ങളെ പുണരാന്‍ ഏവര്‍ക്കും സാധിക്കണേ എന്ന് പ്രാര്‍ത്ഥിക്കുന്നു...

Join WhatsApp News
Ninan Mathulla 2021-07-23 13:29:11
There are many things to learn from Ramayana. The present rulers of India that uphold Ramayana as their religious text and principles in life don't know the difference between 'Dharma' and 'Adharma'. Who will bring them to senses?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക