Image

വിറകെടുത്ത് കുന്നു കയറിയ 13 കാരി ഇന്ന് രാജ്യത്തിന്റെ അഭിമാനം

ജോബിന്‍സ് തോമസ് Published on 24 July, 2021
വിറകെടുത്ത് കുന്നു കയറിയ 13 കാരി ഇന്ന് രാജ്യത്തിന്റെ അഭിമാനം
മീരാഭായി ചാനു എന്ന പേര് ഇന്ന് എല്ലാ ഭാരതിയരുടേയും മനസ്സില്‍ ആവേശത്തിന്റെ അലയൊലികള്‍ ഉയര്‍ത്തുന്ന പേരായി മാറിക്കഴിഞ്ഞു. ഒളിംമ്പിക്‌സ് വേദിയില്‍ ഭാരദ്വഹനത്തില്‍ വെള്ളിമെഡല്‍ സ്വന്തമാക്കിയ മീരാഭായിയുടെ കുട്ടിക്കാലത്തെ കഥകള്‍ പോലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായി കഴിഞ്ഞു. മണിപ്പൂരിലെ ഒരു കുന്നിന്‍ മുകളിലായിരുന്നു മീരാഭായിയുടെ വീട്. 

കുന്നിന് താഴെ നിന്നും വിറക് മുകളില്‍ എത്തിച്ചാല്‍ മാത്രമെ പാചകം സാധ്യമാകൂ. നോങ്‌പോക് കായ്ചിങ് എന്നായിരുന്നു ആ സ്ഥലപ്പേര്. ഒരിക്കല്‍ വിറക് ശേഖരിച്ച് വരുന്നവഴി വിറക് കെട്ടുമായി കുന്നുകയറാന്‍ അമ്മയ്ക്ക് സാധിച്ചില്ല. എന്നാല്‍ ഇത് കണ്ട 13 വയസ്സുകാരി മകള്‍ ആ വിറക് കെട്ട് വാങ്ങി സ്വന്തം ചുമലില്‍ വെച്ച് നിസ്സാരമായി കുന്നുകയറി. മകളുടെ ശക്തി തിരിച്ചറിഞ്ഞ ആ അമ്മ അന്നേ മനസ്സില്‍ ഉറപ്പിച്ചു ഇവള്‍ ഒരു കായിക താരമായി മാറും. 

കായികതാരമാകണമെന്നായിരുന്നു മീരാഭായിയുടേയും ആഗ്രഹം . എന്നാല്‍ അമ്പയ്ത്തിലായിരുന്നു താത്പര്യം. സെലക്ഷനായി ഇംഫാലിലെ സായികേന്ദ്രത്തില്‍ എത്തിയെങ്കിലും അവിടെ അതിനുള്ള പരിശീലനമില്ലായിരുന്നു. ഇങ്ങനെ നിരാശയായി ഇരിക്കുമ്പോഴാണ് അക്കാലത്ത് മണിപ്പൂരിലെ ഭാരോദ്വഹനത്തിലെ പുലിയായിരുന്ന കുഞ്ചുറാണിയുടെ വീഡിയോ കണ്ടത്. ഇതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ചാനു ഈ രംഗത്തെത്തിയത്. 

കഴിഞ്ഞ ഒളിംമ്പിക്‌സില്‍ പങ്കെടുത്തെങ്കിലും സെലക്ഷന്‍ ട്രെയലില്‍ പുറത്തെടുത്ത പ്രകടനം പോലും പുറത്തെടുക്കാന്‍ കഴിയാതെ നിരാശയായി വിമര്‍ശനങ്ങളും കേട്ടായിരുന്നു ചാനു മടങ്ങിയത്. എന്നാല്‍ ആ നിരാശയ്ക്കും വിമര്‍ശനങ്ങള്‍ക്കും കണക്കുതീര്‍ത്ത ചാനു ഇന്ന് ടോക്കിയോയിലെ വെള്ളിവെളിച്ചത്തില്‍ ത്രിവര്‍ണ്ണക്കൊടിയുമേന്തി ഒരോ ഭാരതീയന്റേയും അഭിമാനം വാനോളമുയര്‍ത്തി തിളങ്ങി നില്‍ക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക