Image

ടോക്കിയോയിലെ ഏറ്റവും പ്രായം കുറഞ്ഞ മിടുക്കി

ജോബിന്‍സ് തോമസ് Published on 24 July, 2021
ടോക്കിയോയിലെ ഏറ്റവും പ്രായം കുറഞ്ഞ മിടുക്കി
ഓരോ മിനിറ്റിലും വീറും വാശിയും പതിന്‍മടങ്ങ് വര്‍ദ്ധിക്കുകയാണ് ടോക്കിയോയില്‍. കാരണം ഇത് കുട്ടിക്കളിയല്ല. ലോകമഹാശക്തികളുടെ അഭിമാന പോരാട്ടമാണ്. അല്പ്പം വല്ല്യ കളി തന്നെ എന്നാല്‍ ഈ കളിയില്‍ ഒരു കുട്ടിയുണ്ട് 12 വയസ്സ് മാത്രം പ്രായമുള്ള ഒരു ബാലിക  ഹെന്‍ഡ് സാസ.

ടേബിള്‍ ടെന്നീസ് താരമാണ് സാസ. ടോക്കിയോയിലെ ഏറ്റവും പ്രായം കുറഞ്ഞ താരം. സിറിയയില്‍ നിന്നാണ് ഈ മിടുക്കിയുടെ വരവ്. ആഭ്യന്തര സംഘര്‍ഷത്തില്‍ വലയുന്ന സിറിയില്‍ നിന്നും മെഡല്‍വേട്ടയ്ക്കപ്പുറം നന്‍മയുടെ നറുമണമുള്ള സ്വപ്‌നങ്ങളാണ് സാസയ്ക്കുണ്ടായിരുന്നത്. 

താന്‍ മെഡല്‍ നേടിയാല്‍ ദുരിതക്കയത്തില്‍ കഴിയുന്ന തന്റെ രാജ്യത്തെ ജനതയ്ക്ക് അല്പ്പനേരത്തേയ്‌ക്കെങ്കിലും ഒരു സന്തോഷം ലഭിക്കുമെന്നവള്‍ക്കറിയാമായിരുന്നു. എന്നാല്‍ ആദ്യ റൗണ്ടില്‍ തന്നെ ഹെന്‍ഡ് സാസ പുറത്തായി. പുറത്തായതില്‍ നിരാശയില്ലെന്നും രാജ്യത്തെ പ്രതിനിധീകരിച്ച് ഒളിംമ്പിക്‌സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും സാസ പറഞ്ഞു. 

അഞ്ചാം വയസ്സിലാണ് സാസ ടേബിള്‍ ടെന്നീസ് കളിച്ചു തുടങ്ങിയത്. അതിയായ ആഗ്രഹവും കഠിനാധ്വാനവും അവളുടെ കളി അന്താരാഷ്ട്ര തലത്തിലെത്തിച്ചു. പശ്ചിമേഷ്യന്‍ ചാമ്പ്യയായാണ് ടോക്കിയോയില്‍ എത്തിയത്.   ഇതുവരെ ഒളിംമ്പിക്‌സില്‍ പങ്കെടുത്തിട്ടുള്ള ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെയാളാണ് ഹെന്‍ഡ് സാസ. 

ഏറ്റവും പ്രായം കുറഞ്ഞയാളെന്ന റെക്കോര്‍ഡ് 11 വയസ്സുള്ളപ്പോള്‍ തുഴച്ചില്‍ മത്സരത്തില്‍ പങ്കെടുത്ത സ്‌പെയിന്റെ കാര്‍ലോസ് ഫ്രണ്ടാണ്. കഴിഞ്ഞ വര്‍ഷം ഒളിംപിക്‌സ് നടന്നിരുന്നെങ്കില്‍ ഈ റെക്കോര്‍ഡും സാസയ്ക്കു ലഭിക്കുമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക