Image

വ്യാജ വക്കീല്‍ സെസി സേവ്യറിനു വേണ്ടി വക്കാലത്ത് ഏറ്റെടുക്കില്ലെന്ന് ബാര്‍ അസോസിസിയേഷന്‍

Published on 24 July, 2021
വ്യാജ വക്കീല്‍ സെസി സേവ്യറിനു വേണ്ടി വക്കാലത്ത് ഏറ്റെടുക്കില്ലെന്ന് ബാര്‍ അസോസിസിയേഷന്‍
ആലപ്പുഴ: കോടതിയില്‍ കീഴടങ്ങാനെത്തിയ ശേഷം മുങ്ങിയ വ്യാജ അഭിഭാഷകയ്ക്കുവേണ്ടി ഇനി ആലപ്പുഴ ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ വക്കാലത്ത് ഏറ്റെടുക്കരുതെന്നു തീരുമാനം. ഇതിനു വിരുദ്ധമായി വക്കാലത്ത് ഏറ്റെടുക്കുന്നവരെ പുറത്താക്കാന്‍ അസോസിയേഷന്‍ ജനറല്‍ ബോഡി തീരുമാനിച്ചു. നിയമ ബിരുദമില്ലാതെ അഭിഭാഷക ജോലി ചെയ്ത സെസി സേവ്യറിനെതിരായ അന്വേഷണം വേഗത്തിലാക്കാന്‍ പൊലീസുമായി സഹകരിക്കും.

രേഖകള്‍ മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ നല്‍കാനും ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിയെ നേരില്‍ കണ്ട് സംസാരിക്കാനും തീരുമാനിച്ചു. കോടതിയില്‍ കീഴടങ്ങാനെത്തിയ സെസി സേവ്യറിനു വേണ്ടി അസോസിയേഷന്‍ അംഗങ്ങളായ 2 അഭിഭാഷകര്‍ ഹാജരാകാന്‍ തയാറായതില്‍ ചില അംഗങ്ങള്‍ പ്രതിഷേധിച്ചു. ഈ അഭിഭാഷകരും യോഗത്തില്‍ പങ്കെടുത്തെങ്കിലും മൗനം പാലിച്ചതിനാല്‍ അക്കാര്യം കൂടുതല്‍ ചര്‍ച്ച ചെയ്തില്ല.

ഹാജരാകരുതെന്നു നേരത്തേ നിര്‍ദേശം നല്‍കിയിരുന്നില്ലെന്നു ചിലര്‍ വാദിച്ചു. അഭിഭാഷകയാണെന്നു ധരിപ്പിച്ച് സെസി സേവ്യര്‍ ഒപ്പിട്ടു നല്‍കിയ അഭിഭാഷക പാനല്‍, കമ്മിഷനായി പോയപ്പോള്‍ പ്രതിഫലം പറ്റിയതായുള്ള ബാറ്റ മെമ്മോ, ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നല്‍കിയ നാമനിര്‍ദേശ പത്രിക തുടങ്ങിയവ കണ്ടെത്താന്‍ അസോസിയേഷന്‍ വീണ്ടും ശ്രമം നടത്തും.

അസോസിയേഷന്‍ ലൈബ്രേറിയനായിരുന്ന സെസി സേവ്യര്‍ ഈ രേഖകള്‍ അപഹരിക്കുകയോ നശിപ്പിക്കുകയോ ചെയ്‌തെന്നു പൊലീസില്‍ പരാതി നല്‍കിയിരുന്നു. യോഗത്തില്‍ പ്രസിഡന്റ് കെ.ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ബാര്‍ കൗണ്‍സില്‍ അംഗം എസ്.സുദര്‍ശന കുമാര്‍, അസോസിയേഷന്‍ സെക്രട്ടറി അഭിലാഷ് സോമന്‍, പി.കെ.വിജയകുമാര്‍, കെ.നജീബ്, എസ്.അനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക