Image

ലിംഗമാറ്റ ശസ്ത്രക്രിയകള്‍ക്ക് പൊതുമാനദണ്ഡം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

Published on 24 July, 2021
ലിംഗമാറ്റ ശസ്ത്രക്രിയകള്‍ക്ക് പൊതുമാനദണ്ഡം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ക്ക് പൊതുമാനദണ്ഡം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അനന്യ കുമാരി അലക്‌സ് എന്ന ട്രാന്‍സ്‌ജെന്‍ഡറിന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്. ശസ്ത്രക്രിയകള്‍, അനുബന്ധമായ ആരോഗ്യസേവനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനായി വിദഗ്ധ സമിതി രൂപീകരിക്കും. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം നേരിടുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.   

നിലവില്‍ സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ മുഖേനയാണ് സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയകള്‍ നടന്നു വരുന്നത്. ഇതില്‍ ചികിത്സാ രീതികള്‍,  ചെലവ്, തുടര്‍ചികിത്സ, ഗുണനിലവാരം എന്നിവ സംബന്ധിച്ച് ഒരു ഏകീകൃത മാനദണ്ഡം ഇല്ലെന്ന് യോഗം വിലയിരുത്തി. സര്‍ക്കാര്‍ മേഖലയില്‍ ഇത്തരം ശസ്ത്രക്രിയകളില്‍ പ്രാവീണ്യമുള്ള ഡോക്ടര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്നതുള്‍പ്പെടെ  വിദഗ്ധ സമിതി പരിശോധിക്കും.   

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ,  ഭവന പദ്ധതിയില്‍ മുന്‍ഗണനാ വിഭാഗമാക്കുക എന്നിവ സംബന്ധിച്ചു പരിശോധിക്കുന്നതിന് സാമൂഹികനീതി ഡയറക്ടറെ ചുമതലപ്പെടുത്തി. പാഠ്യപദ്ധതികളിലും അധ്യാപക വിദ്യാര്‍ഥികളുടെ കരിക്കുലത്തിലും സെക്ഷല്‍ ഓറിയന്റേഷന്‍ ആന്‍ഡ് ജെന്‍ഡര്‍ ഐഡന്റിറ്റി ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് പരിശോധിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിനോടും  ആവശ്യപ്പെടും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക