Image

പെഗാസസ് ഫോൺ ചോർത്തൽ നിന്ദ്യമായ നടപടി: ജോർജ് എബ്രഹാം

Published on 24 July, 2021
പെഗാസസ് ഫോൺ ചോർത്തൽ നിന്ദ്യമായ നടപടി: ജോർജ് എബ്രഹാം

ഇസ്രായേലി ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കൾ, പത്രപ്രവർത്തകർ,മനുഷ്യാവകാശ പ്രവർത്തകർ , നിയമജ്ഞർ തുടങ്ങി  നിരവധി ഉന്നതരുടെ ഫോൺ കോളുകൾ നിയമവിരുദ്ധമായി ചോർത്തുകയും രഹസ്യനിരീക്ഷണം നടത്തുകയും ചെയ്യുന്നതായി അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടിൽ  ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുഎസ്എ ) വൈസ്ചെയർമാൻ  ജോർജ് എബ്രഹാം ശക്തമായി പ്രതിഷേധിച്ചു. ഇന്ത്യയിൽ മൗലിക അവകാശങ്ങളും സ്വാതന്ത്ര്യവും ഗുരുതരമാംവിധം അപകടത്തിലേക്ക് നീങ്ങുന്നതിന്റെ  സൂചനയായി ഇതിനെ കണക്കാക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ആറുവർഷങ്ങളായി രാജ്യത്തെ നിയമവാഴ്ച തകർച്ചയിലേക്ക് കൂപ്പുകുത്തുന്നതും  ജനാധിപത്യം ദുർബലമാകുന്നതും  നമ്മൾ കണ്ടുവരികയാണെന്നും , നിലവിലെ സർക്കാരിനാണ് അതിന്റെ  ഉത്തരവാദിത്തമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോളുകൾ ചോർത്തപ്പെട്ടവരുടെ പട്ടികയിലെ ഏറ്റവും പ്രമുഖനാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവായ  രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭരണത്തിലെ  ജനാധിപത്യവിരുദ്ധ  നയങ്ങൾ നിശിതമായി വിമർശിക്കുന്ന വ്യക്തി എന്ന നിലയിൽ അദ്ദേഹം ഈ പട്ടികയിൽ ഉൾപ്പെട്ടതിനെ ഗൗരവത്തോടെ കാണേണ്ടതുണ്ട്.

നേതാക്കളെയോ മാത്രമല്ല,  ഇന്ത്യയിലെ സാധാരണ പൗരനെ ആയാലും രഹസ്യമായി നിരീക്ഷിക്കുന്നതും കോളുകൾ ചോർത്തുന്നതും നിയമവിരുദ്ധവും നിന്ദ്യവുമായി കരുതുന്നു എന്നാണ് ഇതുസംബന്ധിച്ച് രാഹുൽ ഗാന്ധി നൽകിയ പ്രതികരണം.

അധികാരം നിലനിർത്തുന്നതിന് എത്ര തരംതാഴാനും തയ്യാറായിട്ടുള്ള കേന്ദ്ര നേതൃത്വം, ഭരണഘടനാ സ്വാതന്ത്ര്യത്തിന്റെയും  പൗരാവകാശത്തിന്റെയും നേർക്ക്  പോലും  കണ്ണടയ്ക്കുന്നു.

കർണാടകയിൽ 2019 ലെ കോൺഗ്രസ്-ജെഡി (എസ്) സഖ്യ സർക്കാറിനെ താഴെയിടുന്നതിനു അന്നത്തെ   ഉപമുഖ്യമന്ത്രി പരമേശ്വര,  മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെയും, മുൻ മുഖ്യമന്ത്രി സീതാരാമയ്യയുടെയും പേഴ്സണൽ  സെക്രട്ടറിമാർ എന്നിവരുടെ കോളുകൾ ചോർത്തുകയും രഹസ്യമായി നിരീക്ഷിക്കുകയും ചെയ്യാൻ പെഗാസസ്  ചാര  സോഫ്റ്റ്വെയർ  ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്.
കൃത്യമായി പറഞ്ഞാൽ, ഇത് ജനാധിപത്യപരമായി നടത്തുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയെ ദുർബലപ്പെടുത്തുന്ന ഒന്നാണ്. 

മാധ്യമപ്രവർത്തകരുടെയും  മനുഷ്യാവകാശ  പ്രവർത്തകരുടെയും ഭരണത്തെ വിമര്ശിക്കുന്നവരെയും  രഹസ്യമായി  നിരീക്ഷിക്കുന്നതിനെ ബൈഡൻ ഭരണകൂടം അപലപിച്ചു.  

ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസിനെതിരായി ലൈംഗിക  ആരോപണം ഉന്നയിച്ച  സ്ത്രീയും, കോളുകൾ ചോർത്തപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. ഈ മുൻ ചീഫ് ജസ്റ്റിസ്, മോഡിയെ നിരന്തരം വിമർശിച്ചുകൊണ്ടിരുന്ന വ്യക്തിയാണെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ സ്തുതിപാഠകനായി മാറി. ഒരാളുടെ വ്യക്തിപരമായ കാര്യങ്ങൾ കൂടി നിയമവിരുദ്ധമായി നിരീക്ഷിച്ചുകൊണ്ട് അയാളുടെ പെരുമാറ്റത്തിലെ പ്രത്യേകതകൾ  കീറിമുറിച്ച് അയാൾക്കെതിരെ ആയുധമാക്കി മാറ്റുന്ന രീതി ഈ  മാറ്റത്തിൽ നിന്ന് വായിച്ചെടുക്കാം.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ അവസ്ഥ , ബിജെപി യുടെ  ഭരണത്തിൻ കീഴിൽ  എത്രമാത്രം അധഃപതിക്കുന്നു എന്നത് ദുഃഖകരമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക