Image

യു എസിലെ കോവിഡ് കേസുകളിൽ 83 ശതമാനവും ഡെൽറ്റ വകഭേദം; വ്യാപനം രൂക്ഷം 

Published on 24 July, 2021
യു എസിലെ കോവിഡ് കേസുകളിൽ 83 ശതമാനവും ഡെൽറ്റ വകഭേദം; വ്യാപനം രൂക്ഷം 

ന്യൂയോർക്ക്: യു എസിലെ കോവിഡ് കേസുകളിൽ 83 ശതമാനവും ഡെൽറ്റ വകഭേദം മൂലമാണ് വ്യാപിക്കുന്നത്. വാക്സിനേഷൻ നിരക്ക് കുറഞ്ഞ മേഖലകളിലാണ് വ്യാപനം രൂക്ഷമായിരിക്കുന്നത്. ആശുപത്രിയിൽ  പ്രവേശിതരായ കോവിഡ് രോഗികളിൽ 97 ശതമാനവും വാക്സിൻ സ്വീകരിക്കാത്തവരാണ്. മരണപ്പെടുന്നതും പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവരാണ്. രാജ്യത്തെ കോവിഡ് കേസുകളിൽ 40 ശതമാനവും റിപ്പോർട്ട് ചെയ്തിരിക്കുന്ന ഫ്ലോറിഡ, ടെക്‌സാസ്, മിസോറി എന്നീ മൂന്ന് സംസ്ഥാനങ്ങളിലും വാക്സിനേഷൻ നിരക്ക് കുറവായതാണ് ഭീഷണി ഉയർത്തുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു.

തന്റെ ഇരുപത് വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ കണ്ടതിൽ വച്ച് ഏറ്റവും രൂക്ഷമായി ശ്വാസകോശത്തെ ബാധിക്കുന്ന വൈറസാണ് ഡെൽറ്റ വകഭേദമെന്ന്  അഭിപ്രായപ്പെട്ട സിഡിസി ഡയറക്ടർ റോഷൽ വാലെൻസ്കി, വാക്സിൻ സ്വീകരിക്കാത്തവർ എത്രയും വേഗം കുത്തിവയ്‌പ്പെടുത്ത് സുരക്ഷ ഉറപ്പാക്കണമെന്ന് മുന്നറിയിപ്പ് നൽകി.

 7 ദിവസ പ്രതിദിന കോവിഡ്  കേസുകളുടെ ശരാശരി 47 ശതമാനമായി  ഉയർന്നു.
 ആശുപത്രിയിൽ ചികിത്സ തേടുന്ന കോവിഡ് രോഗികളുടെ എണ്ണവും കഴിഞ്ഞ ഒരു മാസമായി  ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ആൽഫാ, ബീറ്റ, ഗാമ, ഡെൽറ്റ എന്നീ നാല്   വകഭേദങ്ങളിൽ, യു എസ് ആരോഗ്യ വിദഗ്ധർ ആശങ്കയുടെ വകഭേദമെന്ന് വിശേഷിപ്പിച്ചത്  ഡെൽറ്റ വേരിയന്റിനെയാണ്.

യുഎസിൽ 45 ശതമാനം പേർ വാക്സിനേഷൻ എടുക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രമുഖ മാധ്യമം നടത്തിയ സർവ്വേയിൽ കണ്ടെത്തിയിരുന്നു. വകഭേദങ്ങൾക്കെതിരെ  ഷോട്ടുകൾ‌ ഫലപ്രദമാണെന്ന് വിശ്വാസമില്ലാത്ത വലിയൊരു വിഭാഗമുണ്ട്..

ജൂലൈ 22 വരെ, 65 വയസ്സിനു മുകളിലുള്ള  89 ശതമാനം പേർക്ക്  കുറഞ്ഞത് ഒരു ഡോസ് വാക്സിനും 80 ശതമാനം പേർക്ക്  പൂർണ്ണമായ വാക്സിനേഷൻ ഡോസും ലഭിച്ചു. 
18 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരിൽ ഏകദേശം 69 ശതമാനം പേർക്കും കുറഞ്ഞത് ഒരു ഡോസും 60 ശതമാനം പേർക്ക് പൂർണമായ  ഡോസും  ലഭിച്ചിട്ടുണ്ട്.
 12 -18 വയസ്സുള്ള 57 ശതമാനം പേർ പൂർണ്ണമായും വാക്സിനേഷൻ എടുത്തു. 12 വയസ്സിന് താഴെയുള്ളവർക്ക്  ഷോട്ടുകൾ നൽകുന്നത് സംബന്ധിച്ച് ട്രയൽ നടന്നുവരികയാണ്.  അടിയന്തിര ഉപയോഗ അനുമതി ഈ പ്രായക്കാർക്കും ഉടൻ ലഭ്യമാകുമെന്ന്  പ്രതീക്ഷിക്കുന്നു.

ആരോഗ്യമുള്ള ചെറുപ്പക്കാർ മറ്റു രോഗങ്ങൾ അലട്ടാത്തതുകൊണ്ട് കോവിഡ് വാക്സിൻ തങ്ങൾക്ക് ആവശ്യമില്ലെന്ന മിഥ്യാധാരണ പുലർത്തിയതും പലപ്പോഴും അപകടകരമായ പ്രത്യാഘാതങ്ങൾക്ക് വഴിവച്ചു. വാക്സിൻ സ്വീകരിച്ചിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്ന നിരവധി പേർ ' അൺവാക്സിനേറ്റഡ് 'ആയതുകൊണ്ട് മാത്രം രോഗം സങ്കീർണമാവുകയും മരണത്തിന് കീഴടങ്ങേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്‌തെന്ന അനുഭവം ഡോക്ടർമാർ പങ്കുവയ്ക്കുന്നു. 
കോവിഡ്  മൂലം  യുഎസിൽ ഇതുവരെ  610,000 ആളുകൾ മരിച്ചു - ലോകത്തിലെ ഏറ്റവും ഉയർന്ന കോവിഡ് മരണനിരക്കാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക