Image

600 കോടിയുമായി മുങ്ങിയ, ബി.ജെപി നേതാക്കള്‍ കൂടിയായ 'ഹെലികോപ്ടര്‍ സഹോദര'ന്മാരുടെ വീട്ടില്‍ റെയ്ഡ്

Published on 25 July, 2021
600 കോടിയുമായി മുങ്ങിയ, ബി.ജെപി നേതാക്കള്‍ കൂടിയായ 'ഹെലികോപ്ടര്‍ സഹോദര'ന്മാരുടെ വീട്ടില്‍ റെയ്ഡ്
ചെന്നൈ: 600 കോടി രൂപമായി മുങ്ങിയ 'ഹെലികോപ്ടര്‍ സഹോദരന്മാര്‍' എന്നറിയപ്പെടുന്ന ബി.ജെപി നേതാക്കളുടെ വീട്ടില്‍ റെയ്ഡ്.  ഇവരുടെ തഞ്ചാവൂരിലെ ഓഫിസിലും വസതിയിലുമാണ് റെയ്ഡ് നടത്തിയത്.

12 ആഡംബര കാറുകളും പണമിടപാടുമായി ബന്ധപ്പെട്ട നിരവധി രേഖകളും പിടിച്ചെടുത്തു. ഫിനാന്‍സ് കമ്ബനി മാനേജരായ ശ്രീകാന്തിനെ (56) പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പണമിരട്ടിപ്പ് വാഗ്ദാനം ചെയ്താണ് തഞ്ചാവൂര്‍ കുംഭകോണം ശ്രീനഗര്‍ കോളനിയിലെ സഹോദരങ്ങളായ എം.ആര്‍. ഗണേഷ്, എം.ആര്‍. സ്വാമിനാഥന്‍ എന്നിവര്‍ പൊതുജനങ്ങളില്‍നിന്ന് പണം തട്ടിയെടുത്തത്. ഒരു വര്‍ഷം കൊണ്ട് ഇരട്ടിയാക്കി നല്‍കാമെന്ന് പറഞ്ഞാണ് നാട്ടുകാരില്‍നിന്ന് പണം കൈപ്പറ്റിയിരുന്നത്.
രാജകീയ ജീവിതമായിരുന്നു ഇരുവരും നയിച്ചിരുന്നത്. ബി.ജെ.പിയുടെ പ്രധാന നേതാക്കളുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്നു.

ബി.ജെ.പി വ്യാപാരി വിഭാഗം ഭാരവാഹികളാണിവര്‍. നിക്ഷേപകര്‍ പരാതി നല്‍കിയതോടെ ഇരുവരും ഒളിവില്‍ പോവുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു.

15 കോടി രൂപയുടെ നിക്ഷേപം നടത്തി വഞ്ചിക്കപ്പെട്ട ദുബൈയിലെ വ്യാപാരികളായ ജാഫറുല്ല-ഫിറോസ്ബാനു ദമ്ബതികളാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ തഞ്ചാവൂര്‍ ജില്ല ക്രൈംബ്രാഞ്ച് വഞ്ചന, വിശ്വാസലംഘനം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നാണ് പ്രതികളുടെ വസതികളിലും ധനകാര്യ സ്ഥാപനത്തിലും പൊലിസ് റെയ്ഡ് നടത്തിയത്.

തിരുവാരൂര്‍ സ്വദേശികളായ ഗണേഷും സ്വാമിനാഥനും ആറു വര്‍ഷം മുന്‍പാണ് കുഭകോണത്തേക്ക് താമസം മാറ്റിയത്. ക്ഷീരോല്‍പന്ന കമ്ബനിയായിരുന്നു ആദ്യം തുടങ്ങിയത്. പിന്നീട് വിക്ടറി ഫിനാന്‍സ് എന്നപേരില്‍ ധനകാര്യ സ്ഥാപനവും 2019ല്‍ അര്‍ജുന്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ വ്യോമയാന കമ്ബനിയും തുടങ്ങി. ഗണേഷിന്റെ കുട്ടിയുടെ പിറന്നാളിന് സ്വന്തം ഹെലികോപ്റ്ററില്‍നിന്ന് പുഷ്പവൃഷ്ടി നടത്തിയതോടെയാണ് ഇരുവരും ഹെലികോപ്റ്റര്‍ ബ്രദേഴ്‌സ് എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക