സുവര്‍ണ്ണ തിളക്കത്തോടെ ഇന്ത്യക്ക് വെള്ളിമെഡല്‍ സമ്മാനിച്ച മീരാബായ് ചാനുവിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് മെഡല്‍ നേട്ടത്തിലൂടെ സായുജ്യമടഞ്ഞത്. എന്നാല്‍ മെഡല്‍ നേടിയ മീരാബായിയുടെ മറ്റൊരാഗ്രഹം കൂടി ഗെയിംസ് വില്ലേജില്‍ വച്ച് സാധ്യമായി.
മറ്റൊന്നുമായിരുന്നില്ല അത് വയറു നിറച്ച് പിസ്സ കഴിക്കുക എന്നതായിരുന്നു മീരാബായിയുടെ ഒരാഗ്രഹം. മെഡല്‍ നേട്ടത്തിന് ശേഷം ഗെയിംസ് വില്ലേജിലെ പിസ്സാ കൗണ്ടറിലെത്തിയ മീരാബായി വയറുനിറച്ച് പിസ്സ കഴിച്ച് വയറും മനസ്സും നിറച്ചു.
മീരാബായിക്ക് ഏറെ ഇഷട്മുള്ള ഭക്ഷണമായിരുന്നു പിസ്സ. എന്നാല്‍ ശരീരഭാരം കൃത്യമായി നിയന്ത്രിക്കേണ്ടതിനാല്‍ ജങ്ക് ഫുഡുകളുടെ കാര്യത്തില്‍ കര്‍ശന നിയന്ത്രണമായിരുന്നു മീരാബായിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ മെഡല്‍ നേടിയതോടെ കിട്ടിയ ഇളവില്‍ യാതൊരു നിന്ത്രണങ്ങളുമില്ലാതെ മീരാബായി പിസ്സ കഴിച്ചു.
ഗെയിംസ് വില്ലേജില്‍ മാത്രമല്ല ജന്മനാടായ മണിപ്പൂരിലും പ്രമുഖ പിസ്സ നിര്‍മ്മാതാക്കള്‍ മീരാബായിയുടെ വീട്ടില്‍ പിസ്സയെത്തിച്ചു നല്‍കുകയും ആജീവനാന്തം മീരാബായിക്ക് സൗജന്യമായി പിസ്സ നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു .
ഇന്ന് വൈകിട്ട് മീരാബായി ടോക്കിയോയില്‍ നിന്നും ഇന്ത്യയിലേയ്ക്ക് മടങ്ങും. ബോക്സിംഗ് ഇതിഹാസം മേരികോം അടക്കമുള്ളവര്‍ ചേര്‍ന്നാണ് മീരാബായിയെ യാത്രയാക്കിയത്.