EMALAYALEE SPECIAL

കിറ്റും കിറ്റക്‌സും (വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)

Published

on

ഇന്നു മലയാളിയുടെ ഫാമിലി റൂമില്‍ ഇരുപത്തിനാല് മണിക്കൂറും, മാദ്ധ്യമങ്ങള്‍ ഇടതടവില്ലാതെ ഉരുവിട്ടുകൊണ്ടിരിക്കുന്ന ഒരു പേരാണ് കിറ്റക്‌സിന്റെ തലവന്‍ സാബു ജേക്കബിന്റേത്. ഇന്നത്തെ ലോകത്തില്‍ പ്രത്യേകിച്ചു കേരളക്കരയില്‍ പത്രദൃശ്യ വാര്‍ത്ത മാദ്ധ്യമങ്ങള്‍ക്കോ, വാര്‍ത്തകള്‍ക്കോ, വാര്‍ത്തകള്‍ക്കുള്ളിലെ വാര്‍ത്തകള്‍ക്കോ യാതൊരു പഞ്ഞവുമില്ലാത്ത ഒരു കാലയളവു കൂടിയാണ്. കേരളത്തിലെ പതിനായിരത്തില്‍പരം തൊഴിലാളികള്‍ക്ക് അന്നത്തിനുള്ള വകയുണ്ടാക്കി കൊടുത്തു കൊണ്ടിരിക്കുന്ന ഒരു വ്യവസായിയോട് “കടക്കു പുറത്ത ് ” എന്നു പറയുന്ന  സര്‍ക്കാരിന്റെ ആജ്ഞ കേട്ടു കൊണ്ടാണ് മലയാളികളുടെ ഫാമിലി റൂമില്‍ വാര്‍ത്തകള്‍ കുമിഞ്ഞുകൂടുന്നതു. കേരളാ നേതാക്കള്‍ “ സാമ്രാജ്യത്വ മോഹികളായ” അമേരിക്കയിലും മറ്റും വന്നു, യാതൊരു സങ്കോചവുമില്ലാതെ കേരളം വളരെ വ്യവസായ - നിക്ഷേപ സൗഹൃദനാടാണ്, അതുകൊണ്ട് “ വരുവിന്‍... അവിടെ നിക്ഷേപിക്കുവീന്‍...”  എന്നു മദ്യലഹരിയില്‍ വിളമ്പുന്നതു കേട്ടു വിശ്വസിച്ചു; ഉള്ളതെല്ലാം വിറ്റു പെറുക്കി, ഉണ്ടും ഉണ്ണാതെയും സ്വരൂപിച്ചു കൂട്ടിയ അവന്റെ അവസാനത്തെ ചില്ലിക്കാശും അവിടെ നിക്ഷേപിച്ചു കഴിയുമ്പോള്‍ ഒരു പ്രവാസി കേള്‍ക്കുന്ന അശരീരിയാണ് “കടക്കു പുറത്ത് ” എന്ന ആ ഡയലോഗ്. ഇത് അടുത്ത കാലത്ത് കൂടുതല്‍ കേട്ടത് മറ്റാരുമല്ല, കിറ്റക്‌സിന്റെ ഉടമ ശ്രീമാന്‍ സാബു ജേക്കബാണ്. അതിന്റെ റിപ്പിള്‍ ഇഫക്റ്റ് ഇന്ന് ലോകമെങ്ങും അലയടിക്കുകയാണ്.
    
കേരളം നിക്ഷേപ സൗഹൃദമുള്ള നാടാണ്. ശരിയാണ്, ബിവറേജ്‌സിനും, ലോട്ടറിക്കും, മനുഷ്യക്കടത്തിനും, മതമൗലിക വാദത്തിനും, ഗുണ്ടായിസത്തിനും പിന്നെ സ്വര്‍ണ്ണക്കള്ളക്കടത്തിനും. എന്നാല്‍ വര്‍ഷങ്ങളായി സ്വര്‍ണ്ണക്കള്ളക്കടത്തിനു ഏറ്റവും വളക്കൂറും, സൗഹൃദവുമുള്ള ഒരു നാടുകൂടെയാണ് കേരളം. എത്രയോ വര്‍ഷങ്ങളായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കസ്റ്റംസിന്റെ അറിവോടെയോ, അറിവ് കൂടാതെയോ സ്വര്‍ണ്ണം ഈ വ്യവസായ - സൗഹൃദ എയര്‍പോര്‍ട്ടില്‍ കൂടെ കയറിയിറങ്ങുന്നു. സമീപകാലങ്ങളില്‍ മീഡിയ സമ്മര്‍ദ്ദത്തിനു വഴങ്ങി ഗവണ്‍മെന്റുദ്ദ്യോഗസ്ഥര്‍ കോടികളുടെ സ്വര്‍ണ്ണം പിടിച്ചെടുത്തു എന്ന വാര്‍ത്തകളുമായി കേരള ജനതയുടെ മുമ്പില്‍ ഒന്നു തിളങ്ങി. ഇവിടെയെല്ലാം ജനം ചോദിക്കാത്ത ഒരു ചോദ്യമുണ്ട് - ഈ പിടിച്ചെടുത്ത സ്വര്‍ണ്ണം പിന്നീടെങ്ങോട്ട് പോകുന്നു എന്ന ആ വലിയ ചോദ്യം ! കര്‍ശന നിയമവും, റെയ്ഡും നടത്തിയിട്ടും ഇന്നും സ്വര്‍ണ്ണക്കടത്തിനൊരു കുറവുമില്ല. “ പത്തായത്തില്‍ നെല്ലുണ്ടെങ്കില്‍ എലി അങ്ങു വയനാട്ടില്‍ നിന്നും വരും” എന്നല്ലേ പഴമക്കാര്‍ പറയുന്നത് ? പിടിച്ചെടുത്തു എന്നു പറയുന്നതു വാര്‍ത്ത കൊടുക്കാന്‍ വേണ്ടി മാത്രമാണ്. ജനങ്ങള്‍ക്ക് ഓരോ ദിവസവും സീരിയല്‍ കാണുന്നപോലെ ചൂടു വാര്‍ത്ത കിട്ടിയാല്‍ മാത്രം മതി, അതു മീഡിയായ്ക്കും ഉദ്ദ്യോഗസ്ഥര്‍ക്കുമറിയാം.
    
ഒരു അഞ്ചു വര്‍ഷക്കാലം “ ഭരിച്ചിട്ട് ” അടുത്ത ഇലക്ഷനില്‍ പരാജയം ഏറ്റുവാങ്ങുമോ എന്നു ഭയപ്പെട്ടിരുന്ന സമയത്താണല്ലോ ചൈനയുടെ ലോക സംഭാവനയായ കോവിഡ് കേരളം അടച്ചു പടര്‍ന്നു പിടിച്ചത്? അതിന്റെ പശ്ചാത്തലത്തില്‍ അടച്ചു പൂട്ടപ്പെട്ട അത്താഴപ്പട്ടിണിക്കാര്‍ക്കു കിട്ടിയ ഒരു എല്ലിന്‍ കഷണമായിരുന്നു കിറ്റ് എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഇര. അവര്‍ അതില്‍ വീണു. വീണ്ടുമവര്‍ എല്‍ ഡി എഫിന്റെ ബാലറ്റില്‍ ആഞ്ഞുകുത്തി. അതങ്ങനെയല്ലേ വരൂ. അപ്പോള്‍ പിന്നെ ചിലര്‍ ചോദിക്കും അല്ലെങ്കില്‍ പിന്നെ മറ്റാരുണ്ട് എന്ന്. അതിനുപകരമല്ലേ എല്‍ ഡി എഫിന്റെ കാര്‍ബണ്‍ കോപ്പിയായ യു ഡി എഫ് ഉള്ളത്. ഇവിടെ തമ്മില്‍ ഭേദം വേറൊരു തൊമ്മനും ഇല്ല എന്നത് മറ്റൊരു സത്യം. ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ജോഷ്ടാവകാശം എന്ന ആ ജന്മാവകാശം വിറ്റ ഏശാവിനെപോലെ ജന്മാവകാശമായ വോട്ടവകാശം കേരളത്തിന്റെ നിസ്സഹായ ജനസമൂഹം വീണ്ടും വിറ്റു തുലച്ചു.
    
ഈ പാവങ്ങളെയൊക്കെ സംരക്ഷിക്കാന്‍ കൂടെ കൂടിയിരിക്കുന്ന പല നേതാക്കളുടെയും കയ്യില്‍ അടച്ചുപൂട്ടപ്പെട്ട പല വ്യവസായികളുടേയും രക്തക്കറപുരണ്ടിട്ടുണ്ട് എന്നത് വേറൊരു സത്യം.  അടച്ചുപൂട്ടലിന്റെ സമയത്തും അനേകര്‍ക്കു തൊഴില്‍ കൊടുക്കുന്ന വ്യവസായികളോടാണ് സഖാക്കള്‍ നിസ്സങ്കോചം പറയുന്നതു, കടക്കു പുറത്ത് എന്ന്. ഈ കാരണത്താല്‍ എത്രയോ സംരംഭങ്ങള്‍ പുറത്തേക്കു കടന്നിരിക്കുന്നു. എത്രയോ പേര്‍ ഇവര്‍ മൂലം ആത്മഹത്യ ചെയ്തിരിക്കുന്നു. സഖാക്കള്‍ വിചാരിക്കുന്നു അനേക വര്‍ഷങ്ങള്‍ ആ മണ്ണില്‍ വേരുറപ്പിച്ച വലിയ കമ്പനികളുടെയൊക്കെ മുമ്പില്‍ ഓലപ്പാമ്പ് ഓടിച്ചാല്‍ പോക്കറ്റു നിറയെ പോക്കറ്റ്മണി നിഷ്പ്രയാസം വീഴുമെന്ന്-അതാണവരുടെ അനുഭവം. ഒന്നും ചെയ്യാന്‍ മേലാത്ത സാഹചര്യത്തില്‍ ഇവരുടെയൊക്കെ ആട്ടും, തുപ്പും സഹിച്ച് ഓഛാനിച്ചു നില്‍ക്കുന്ന നിസ്സഹായ സമൂഹമാണ് കേരളത്തിലെ മിക്ക വ്യവസായികളും. എന്നാല്‍ സാബു ജേക്കബ് എന്ന വ്യവസായിയുടെ മുമ്പില്‍ ഇവര്‍ പാടേ തോറ്റുപോയി. പിടിച്ചുനില്‍ക്കാന്‍ പല കമ്പനികള്‍ക്കും കരുത്തില്ലാതെ സഖാക്കളുടെ പത്താം ക്ലാസും, ഗുസ്തിയും കഴിഞ്ഞ മക്കളെ തങ്ങളുടെ കമ്പനികളുടെ തലപ്പത്ത് ഇരുത്തേണ്ട ഗതികേടും ഉണ്ടാവുന്നു. ഒരു മരപ്പാവ പോലെ ഈ മക്കള്‍ ആ വലിയ കസേരയില്‍ കയറിയിരുന്നു ശമ്പളം ഒപ്പിട്ടു വാങ്ങുന്നു എന്നാണ് ജനസംസാരം.
    
അഭ്യസ്ഥവിദ്യരായ അറുപതു ലക്ഷത്തില്‍ പരം യുവാക്കള്‍ ഒരു തൊഴിലും ലഭിക്കാതെ ഹതാശയരായി നടക്കുന്നു. ചിലര്‍ തങ്ങളുടെ ഉന്നതബിരുദങ്ങള്‍ മറന്നുകൊണ്ട് താഴേകിടയിലുള്ള ജോലി, ജീവിക്കാന്‍ വേണ്ടി മാത്രം സ്വീകരിക്കാന്‍ പ്രേരിതരാവുന്നു. കേരളക്കാര്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ബുദ്ധി കൂടുതലുള്ളവരാണ് എന്നാണ് പരക്കെ അറിയപ്പെടുന്നത്. ഉന്നതവിദ്യാഭ്യാസമുള്ള “ ക്രീം ഓഫ് ദ ക്രോപ് ” ആയ ഉദ്യോഗാര്‍ത്ഥികള്‍ കൂടുതല്‍ അവസരം തേടി നാടുവിടുകയാണ്, രാജ്യം വിടുകയാണ്. ഇവിടെയാണ് അമേരിക്കയെ കണ്ടുപഠിക്കേണ്ടത്, അവര്‍ ലോകത്തിലെ ബുദ്ധിജീവികളെ മാടിവിളിച്ചു, കുടിയേറ്റാവകാശവും, നല്ല ജോലിയും വാഗ്ദാനം ചെയ്യുന്നു. അങ്ങനെ ലോകത്തിലെ ബുദ്ധിമാന്മാരായ ആളുകളുടെ ഒരു സാന്ദ്രത അമേരിക്കയില്‍ മറ്റു ലോകരാഷ്ട്രങ്ങളെ അപേക്ഷിച്ചു വളരെ കൂടുതലാണ്. അത് അമേരിക്കയ്ക്കു ലഭിക്കുന്ന ഒരു അമൂല്യ സമ്പത്താണ്. മറുവശത്തോ, ഉന്നത വിദ്യാസമ്പന്നര്‍ രാജ്യം വിടുന്നതു കാരണം മാതൃരാജ്യങ്ങള്‍ക്ക് ലഭ്യമാവേണ്ട സേവനം എന്നെന്നേക്കുമായി നഷ്ടമാവുന്നു.
    
കേരളത്തിനു കിട്ടിയ ശാപം മാറ്റൊന്നുമല്ല, അവിടുത്തെ രാഷ്ട്രീയമാണ് - നശീകരണ ചുവയുള്ള ഒരു രാഷ്ട്രീയം ! അവിടുത്തെ നേതാക്കളില്‍ ഭൂരിഭാഗവും ജനാലയില്‍ക്കൂടെ നോക്കുമ്പോള്‍ കാണുന്നത് ചപ്പും, ചവറും, ചെളിക്കുണ്ടുമാണ്. എന്നാല്‍ അവര്‍ ഗ്രഹിക്കുന്നില്ല അതേ ജനാലയിലൂടെ നോക്കിയാല്‍ നക്ഷത്രങ്ങളെ കാണാമെന്ന്.
    
ആരാണ് ഈ സാബു ജേക്കബ് ? വ്യവസായ സംരംഭങ്ങളെ പ്രണയിച്ച ഒരു നിര്‍മ്മാണോത്സുകന്‍, ഒരു വിഷണറിയായ കര്‍മ്മയോഗിയുടെ മകന്‍. പിതാവ് അദ്ദേഹത്തെ സ്വപ്നം കാണാന്‍ പഠിപ്പിച്ചു. ജനാലയില്‍ കൂടി നോക്കി നക്ഷത്രങ്ങളെ കാണാന്‍ പഠിപ്പിച്ചു. സ്കൂള്‍ കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ പിതാവിന്റെ കമ്പനിയിലെ ഏറ്റവും താഴ്ന്ന ശുചീകരണ ജോലി മുതല്‍ കമ്പനിയിലെ എല്ലാ തൊഴിലിലും പരിശീലനം നേടിയവന്‍. അതുകൊണ്ട് അവിടുത്തെ താണ ജോലിക്കാരന്റെയും മനസ്സറിയാവുന്നവന്‍. അങ്ങനെ വ്യവസായത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ മനസ്സിലാക്കിയവന്‍. പിന്നീട് വലിയ സംരംഭം തുടങ്ങി അതിന്റെ അമരത്തിരിക്കുന്നവന്‍, ഇന്നു കോടികള്‍ വിറ്റുവരവുള്ള, പതിനായിരത്തിനുമേല്‍ വരുന്ന തൊഴിലാളികള്‍ക്കു ജീവതോപാഥിയായ ഒരു പ്രസ്ഥാനത്തിന്റെ ഉടമ - ഒരു സമ്പൂര്‍ണ്ണവ്യവസായി. ബിസിനസ് സ്കൂളുകളില്‍ ഇദ്ദേഹത്തെ ഒരു കേസ് സ്റ്റഡിയായി പഠിക്കേണ്ടിയിരിക്കുന്നു.
    
സാബു സാറേ താങ്കള്‍ പുലിയല്ല, പുപ്പുലിയാണ്, പതിനായിരം തൊഴിലാളികളുടെ ചങ്കു ബ്രോ ആണ്. കേരളത്തിന്റെ അന്യോപ ജീവികളായ രാഷ്ട്രീയ - പരാദങ്ങളുടെ മുഖത്തുനോക്കി “ മോനേ ദിനേശാ സവാരി ഗിരി ഗിരി  ” യെന്നു പറയാന്‍ ആര്‍ജ്ജവമുള്ളവന്‍, ഒരു ആണ്‍കുട്ടി! ഇന്നുമുതല്‍ ഈയുള്ളവന്റെ ബുക്കിലെ മുന്‍പേജില്‍ താങ്കളുടെ പേരു ഞാന്‍ എഴുതിച്ചേര്‍ക്കും. അതോടൊപ്പം ഇടുക്കിയിലെ തോമാച്ചന്റെ പേരു വെട്ടിക്കളയും. എന്റെ ബുക്കില്‍ അയാള്‍ക്കിനിയും ഒരു സ്ഥാനവുമില്ല. പതിനായിരങ്ങളുടെ കഞ്ഞിയിലാണ് പാറ്റ ഇടാന്‍ ഇത്തരം ജനസേവകര്‍ ശ്രമിക്കുന്നത്. ഇതിനിടയില്‍ ഏതോ ജനസേവകര്‍ പറഞ്ഞതായി കേട്ടു, സാബുവിന്റെ കമ്പനി പൂട്ടിക്കുമെന്ന്. “മോനേ ദിനേശാ, കമ്പനി പൂട്ടേണ്ടി വന്നാലും സാബു പട്ടിണി കിടക്കില്ല ”. എന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചു ഇമ്മാതിരി നശീകരണ പ്രവണതയുമായി, വീണ്ടും മറ്റു കമ്പനികള്‍ പൂട്ടിക്കേണ്ട നിങ്ങള്‍ക്ക് വോട്ടു ചെയ്യേണ്ടതു ഈ തൊഴില്‍ രഹിതരാണെന്ന കാര്യം മറക്കേണ്ട.
    
ഈ സംഭവത്തോടു കൂടി കേരളാവില്‍ കുറെ കൂടെ സാബുമാര്‍ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ സാധ്യതയുണ്ട്. പലര്‍ക്കും ഇത് ധൈര്യം ആര്‍ജ്ജിക്കാനുള്ള ഒരു ചവുട്ടുപടിയാണ്. നിങ്ങള്‍ കേരളത്തില്‍ നിന്നെവിടെ പോയാലും അതു നിങ്ങളുടെ ഒരു വലിയ തുടക്കമായിരിക്കും. അതല്ല അവിടെ തന്നെ ചടഞ്ഞു കിടന്നാല്‍ ചിലപ്പോള്‍ നിങ്ങളുടെ അവസാനത്തിന്റെ ആരംഭവുമാവാം. കാരണം രാഷ്ട്രീയ കഴുതപ്പുലികളുടെ നോട്ടപ്പുള്ളികള്‍ ആണല്ലോ നിങ്ങള്‍ ?  നിക്ഷേപസൗഹൃദ ദേശങ്ങളുടെ കൂട്ടത്തില്‍ ബംഗ്ലാദേശിന്റെ പേര് പൊങ്ങി വരുന്നത് കേട്ടു. ദയവുചെയ്ത് നിങ്ങള്‍ നമ്മുടെ രാജ്യത്തുതന്നെ നില്‍ക്കുക, ബംഗ്ലാദേശ് ഒരു നോ...നോ...

ആണ്. സാബുവിനോടു ഒരു വിയോജിപ്പുള്ളത് അദ്ദേഹം എല്ലാം വിളിച്ചുപറയുന്നു എന്നുള്ളതാണ്. മറ്റു ദേശങ്ങളില്‍ പോവുന്നെങ്കില്‍ അവിടെ ചെന്ന് എല്ലാം ക്രമീകരിച്ചിട്ടു മീഡിയായോടു പറയുക.
    
ഒരു വലിയ കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനം നടത്തിക്കൊണ്ടു പോവുന്നതു അത്ര നിസ്സാര കാര്യമല്ല. പതിനായിരത്തില്‍പരം വ്യത്യസ്ഥ തൊഴിലാളികള്‍, ക്വാളിറ്റികണ്‍ട്രോള്‍, വിദേശ രാജ്യങ്ങളുമായുള്ള വ്യാപാരകരാര്‍, മെര്‍ച്ചന്റൈസ്് സമയാസമയത്ത് കയറ്റി അയക്കുക, അതിനെത്തുടര്‍ന്നുള്ള ഫോളോ അപ്പ്, ഇതിനിടയില്‍ നൂറായിരം പ്രശ്‌നങ്ങള്‍ പരിഹരിക്കുക,  സ്വന്തം കുടുംബത്തെ അന്വേഷിക്കുക, എല്ലാറ്റിനുമുപരി കമ്പനിയുടെ വേലിക്കു ചുറ്റും റോന്തുചുറ്റുന്ന രാഷ്ട്രീയ നേതാക്കളുടെ കൂര്‍ത്ത പല്ലുകള്‍ കാട്ടിയുള്ള പരിഹാസത്തെ നേരിടുക, ഇത്യാദികാര്യങ്ങള്‍ നേരിടണമെങ്കില്‍ പ്രത്യേകതരം മനക്കരുത്ത് വേണം, ഡിസിപ്ലിന്‍ വേണം. ഇന്ന് കേരളത്തില്‍ ഇരട്ടച്ചങ്കുള്ളവന്‍ ഒരുവനേ ഉള്ളൂ - മിസ്റ്റര്‍ സാബു ജേക്കബ് എന്ന ആ ഇരട്ടച്ചങ്കന്‍ ! ഇന്നു കൊച്ചുകേരളത്തിലെ ഈ ബിസിനസുകാരന്‍ ആരാണെന്നു വലിയ ലോകം അറിഞ്ഞു കഴിഞ്ഞിരിക്കുന്നു. സാബുസാറേ താങ്കള്‍ക്കു ഈയുള്ളവന്റെ നമോവാകം! ഈയുള്ളവന്റെ ചോദ്യമിതാണ് എങ്കിലും തോമാച്ചാ ഇതു സാബുവിനോടും അദ്ദേഹത്തിന്റെ തൊഴിലാളികളോടും വേണ്ടായിരുന്നു ! ജീവിതത്തിന്റെ നല്ലൊരു ഭാഗം അഹോരാത്രം വിയര്‍പ്പൊഴുക്കി, ബെല്‍റ്റു മുറുക്കിയുടുത്ത്, അരനൂറ്റാണ്ടായി ആയിരങ്ങള്‍ക്കു അന്നത്തിനു വഴിയുണ്ടാക്കി കൊടുത്ത ഒരു പ്രസ്ഥാനത്തെ ഒറ്റരാത്രികൊണ്ട് തച്ചുടയ്ക്കാന്‍ രാഷ്ട്രീയ ചക്രായുധവുമായി പുറപ്പെടുന്നതിനു മുമ്പ,് കേരളത്തിലെ തൊഴിലില്ലായ്മയെ പറ്റിയും, കക്ഷത്തില്‍ യൂണിവേഴ്‌സിറ്റി ഡിപ്ലോമയുമായി കമ്പനികള്‍ കയറിയിറങ്ങി ചെരുപ്പു തേഞ്ഞ ഹതഭാഗ്യരായ ഉദ്യോഗാര്‍ത്ഥികളേ പറ്റിയും ഒന്നോര്‍ക്കേണമായിരുന്നു. കിറ്റക്‌സ് എന്ന ഒരു സ്ഥാപനം അവിടെയുള്ളതിനാല്‍ അതുകൊണ്ടു പ്രയോജനം ലഭിക്കുന്ന തദ്ദേശ ചെറുകിട വ്യവസായങ്ങളെപറ്റിയും, ആ ഗ്രാമത്തിനോ, പട്ടണത്തിനോ, സംസ്ഥാനത്തിനോ ലഭിച്ചുകൊണ്ടിരിക്കുന്ന നികുതിപ്പണത്തേപറ്റിയും ഒന്നോര്‍ക്കേണ്ടതായിരുന്നു. ഇനിയും പറഞ്ഞിട്ടെന്തുഫലം. നിര്‍മ്മാണോത്സുക ഭരണാധികാരികള്‍ ഭരിക്കുന്ന തെലുങ്കാന എന്ന സംസ്ഥാനം ഒറ്റരാത്രി കൊണ്ടാണ് ഐകകണ്ഠമായി ഒരു തീരുമാനമെടുത്തു, വിജയഗാഥ മുഴക്കിയ ഒരു പ്രസ്ഥാനത്തെ അടിച്ചുമാറ്റിയത്. ഇതിനെയാണ് എഫിഷ്യന്‍സി എന്നു പറയുന്നത്. തന്മൂലം തൊഴിലില്ലാതിരുന്ന നാലായിരം തെലുങ്കര്‍ക്ക് ഒറ്റരാത്രികൊണ്ട് തൊഴില്‍ ലഭിക്കുകയായി. തൊഴിലില്ലാതിരുന്ന നാലായിരം മലയാളികള്‍ക്കു ലഭിക്കേണ്ട അവരുടെ അവകാശം കേരളാ നേതാക്കള്‍ തട്ടിത്തെറിപ്പിച്ചു. ഇത്തരുണത്തില്‍ രാഷ്ട്രീയപ്രേരിതമായ തൊഴില്‍ പ്രശ്‌നത്തില്‍ ശ്വാസംമുട്ടി നില്‍ക്കുന്ന എത്രയോ പഴയതും, വരുവാനിരിക്കുന്നവരുമായ സംരംഭകര്‍ നാടുവിടാന്‍ രഹസ്യമായി ഒരുങ്ങുകയായി രിക്കും. ഇവിടെയാണ് സാബുവിന്റെ ഉദ്യമം വിജയം കാണുന്നത്. ഇതു കേരളത്തില്‍ - ഇന്ത്യയില്‍ ഒരു വേയ്ക്കപ്പ് കോളാവട്ടെ, തന്മൂലം ആ ദേശത്തെ ഉദ്യോഗാര്‍ത്ഥികള്‍ക്കു ഭാവിയില്‍ ഒരു പ്രതീക്ഷയുണ്ടാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ഇനിയും കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ പലരും അറയ്ക്കും. ഇതു സര്‍ക്കാരിനു ഇരുട്ടത്തു കൊണ്ട ഒരു അടിയാണ്.
    
സാബു ഒരിക്കലും പറഞ്ഞു കേട്ടിട്ടില്ല തന്റെ വ്യവസായം തനിക്കു വേണ്ടി മാത്രമാണെന്ന്, അദ്ദേഹം തന്റെ പിതാവിന്റെ സ്വപ്നം പൂര്‍ത്തീകരിക്കുക മാത്രമാണ് ചെയ്തത് - തന്റെ പിതാവ്
ആഗ്രഹിച്ച ഒരു സത്യമുണ്ട് തങ്ങളുടെ സ്ഥാപനം വളരുമ്പോള്‍ നാടും ഒരേപോലെ വളരണമെന്ന്.
എന്തൊരു നല്ല സ്വപ്നം!.
    
സാബുവിനു വേണമെങ്കില്‍ റിട്ടയര്‍ ചെയ്യാം, ജീവിതകാലം മുഴുവന്‍ മറ്റേതെങ്കിലും രാജ്യത്തുപോയി സുഖവാസം ചെയ്യാം. അവിടെ ഒരു പി. റ്റി. തോമസ് ഉണ്ടാവില്ല, ഒരു ശ്രീജനുണ്ടാവില്ല, ഒരു ബഹനാന്‍ ഉണ്ടാവില്ല, ഒരു രാജീവുണ്ടാവില്ല, കടക്കു പുറത്ത് എന്ന വിധ്വംസക അശരീരി കേള്‍ക്കില്ല! എന്നാല്‍ മറ്റേതൊരു സംസ്ഥാനത്തോ, രാജ്യത്തോ ഇല്ലാത്ത, കേരളത്തിന്റെ മാത്രം പ്രത്യേകതയായ പ്രതിലോമശക്തികളുടെ ബാഹ്യപ്രലോഭനവും, ബിസിനസിന്റെ ദൈനദിന ടെന്‍ഷനും ഒക്കെ സഹിച്ചു, തന്റെ കുടക്കീഴില്‍ ഒരു പതിനായിരം തൊഴിലാളികളെ കൂടെ ചേര്‍ത്തുപിടിച്ചു, അതില്‍ നിന്നും ലഭിക്കുന്ന ഒരു സായൂജ്യമോ, ഊര്‍ജ്ജമോ അല്ലെങ്കില്‍ വേദനയില്‍ നിന്നും ലഭിക്കുന്ന ഒരു സുഖമോ ആയിരിക്കാം അദ്ദേഹത്തെ ഇത്രയും നാള്‍ ആ മണ്ണില്‍ പിടിച്ചു നിര്‍ത്താന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ എല്ലാത്തിനും ഒരു ത്രെഷ്‌ഹോള്‍ഡുമുണ്ടല്ലോ? ഇതില്‍ നിന്നും കേരള സര്‍ക്കാര്‍ എന്തെങ്കിലും പഠിച്ചോ എന്നു ചോദിച്ചാല്‍... “പഠിച്ചു”, അതുകൊണ്ട് കേരളത്തിന് വല്ല പ്രയോജനവുമുണ്ടോ എന്നു ചോദിച്ചാല്‍... ഇല്ല എന്നു തന്നെ തീര്‍ത്തു പറയേണ്ടിവരും. “ പിന്നെയും ചങ്കരന്‍ തെങ്ങേല്‍ ” എന്നല്ലേ പഴഞ്ചൊല്ല് ?  കേരള രാഷ്ട്രീയക്കാര്‍ക്കു പത്തടി മുമ്പിലുള്ളതു കാണാനുള്ള കാഴ്ചശക്തി ഉള്ളവരല്ല. അതാണവരുടെ ജനറ്റിക് മേക്കപ്പ്.
    
മാറിമാറി ഭരിച്ചു ബാങ്ക്‌റപ്റ്റാക്കിയ കൊച്ചുകേരളം ഒരു ബംഗാള്‍ മോഡലിലാണ് നീങ്ങുന്നതെന്നു തോന്നിപ്പോവുന്നു. ഏകദേശം മൂന്നു ദശകത്തില്‍ കൂടുതല്‍ ഭരിച്ചു മുടിച്ചപ്പോള്‍ ബംഗാളികള്‍ക്കു ബോധം വീണു, ഇനിയും ഇവിടെ കിടന്നാല്‍ പട്ടിണിമരണം പണ്ടത്തേപോലെ തീര്‍ച്ചയായും തങ്ങളെതേടി വരുമെന്ന്. പട്ടിണിമരണം ബ്രിട്ടീഷുകാരുടെ കാലം മുതല്‍ അവരുടെ കൂടപ്പിറപ്പാണ്. അവര്‍ ട്രെയ്ന്‍ കയറി - കേരളത്തിലേക്ക്. അന്നവര്‍ക്ക് കേരളം 'ഗള്‍ഫ്' ആയിരുന്നു. കഷ്ടപ്പെട്ടു നേടുന്നതിന്റെ ഒരംശം അവര്‍ കുടുംബങ്ങളിലേക്കയച്ചു. പല ബംഗാളി ദരിദ്രനാരായണന്മാരുടെയും അടുപ്പുകളില്‍ വീണ്ടും തീ പുകയാന്‍ തുടങ്ങി. അവിടുത്തെ ഭരണം കയ്യില്‍ നിന്നു പോവുന്നു എന്നു മനസിലാക്കിയ ബുദ്ധ്‌ദേബു ഭട്ടാചാറ്റര്‍ജിയും,  ജ്യോതി ബാസുവുമൊക്കെ ഒരിക്കല്‍ പറഞ്ഞു,  സാമ്പത്തികവളര്‍ച്ചയ്ക്കു സ്വകാര്യ നിക്ഷേപകരുടെ പങ്ക് അത്യന്താപേക്ഷിതമാണന്ന്. ഇന്നും ലോകത്തില്‍ കൈ കൊണ്ടുവലിക്കുന്ന റിക്ഷാ ഉള്ളത് ബംഗാളില്‍ മാത്രമാണ.് മുപ്പതു നീണ്ട വര്‍ഷക്കാലം തങ്ങളുടെ പ്രത്യയശാസ്ത്രം പരീക്ഷിച്ചു കഴിഞ്ഞപ്പോള്‍ അവര്‍ക്കു കിട്ടിയ ഭൂതോദയമാണ് സ്വകാര്യ നിക്ഷേപകരുടെ പങ്ക് ആവശ്യമാണന്നുള്ളത്. കേരള നേതാക്കള്‍ ഒരിക്കലും മനസിലാക്കാത്ത ഒരു സാമ്പത്തിക - സാങ്കേതിക ശാസ്ത്രം!. ഇങ്ങനെ പോയാല്‍ ബംഗാളികള്‍ ചേക്കേറിയ പോലെ കേരളക്കാരനും തെലുങ്കാനയിലേക്കോ, മറ്റോ ജോലി തേടി അലഞ്ഞു “ മലയാളി അതിഥി തൊഴിലാളികള്‍ ” എന്ന പേരു കേള്‍ക്കേണ്ടി വരുമോ...ആവോ ?             Facebook Comments

Comments

 1. എ സി ജോർജ്

  2021-07-30 17:22:30

  ശ്രീ വർഗീസ് ഡെൻവറിന്റെ ഈ ലേഖനം എഴുത്തുകാരുടെ സാമൂഹ്യപ്രതിബദ്ധത വ്യക്തമായി വെളിവാക്കുന്നു. ആരെയും കൂസാത്ത നല്ല കരുത്തുറ്റ ഭാഷ. നാട്ടിലെ രാഷ്ട്രീയ, മതമേധാവികളുടെ, ഉദ്യോഗസ്ഥരുടെ അനാസ്ഥകളെയും അഴിമതികളെയും നിർഭയം ഇവിടെ ചിത്രീകരിക്കുന്നു. ഇവരുടെയൊക്കെ അനീതികൾക്കെതിരെ ശ്രീ വർഗീസ് ഡെൻവർ അദ്ദേഹത്തിൻറെ തൂലിക ആകുന്ന ഖഡ്‌ഗം ആഞ്ഞുവീശിയിരിക്കുന്നു. അത്തരക്കാർക്ക് ഇവിടെയും കുടപിടിക്കുന്ന ചില സംഘടനക്കാരയും അദ്ദേഹം വെറുതെ വിട്ടില്ല. ശ്രീ വർഗീസ് ഡെൻവർ താങ്കളുടെ തൂലികാ ഇനിയും വളരെ ശക്തമായി ചലിക്കട്ടെ. എല്ലാ നല്ല ആശംസകളും. ഈ വക വിഷയങ്ങളെ ഒക്കെ ആധാരമാക്കി ശ്രീമാൻ ജോർജ് ജോസഫ് അദ്ദേഹത്തിൻറെ അമേരിക്കൻ തരികിട എന്ന വീഡിയോയും കാണാനിടയായി. അതിലും അദ്ദേഹം സത്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു. അതിൽ പറയുന്ന കെ കെ പി പി- കിട്ടിയാൽ കിട്ടി പോയാൽ പോയി എന്നത് നാട്ടിൽ മുതൽ ഇറക്കുന്നവരുടെ കാര്യത്തിൽ വാസ്തവമാണ്. ഇന്നു വൈകുന്നേരം കേരള ഡിബേറ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സംവാദം പ്രവാസികളുടെ ഇത്തരം പ്രശ്നങ്ങളെ ചർച്ച ചെയ്യുന്നതാണെന്ന് പ്രതീക്ഷിക്കുന്നു. അതിനെപ്പറ്റി ഈ മലയാളിയിൽ വന്ന വാർത്തയുടെയും വിശദവിവരങ്ങൾ, ലിങ്ക് താഴെ കൊടുക്കുന്നു. അവിടെയും അനുഭവങ്ങളുടെ വെളിച്ചത്തിൽ ഇത്തരം കാര്യങ്ങൾ തുറന്നു ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇതാ താഴെ ആ വാർത്തയുടെ ഈ മലയാളി ലിങ്ക് https://www.emalayalee.com/vartha/241913

 2. M. A. ജോർജ്ജ്

  2021-07-27 16:37:07

  കേരളത്തിൽ വ്യവസായം തുടങ്ങാൻ ആരുമില്ല എന്നത് പുതിയ കാര്യമൊന്നുമല്ല. കേരളത്തിന്റെ ഭൂമിശാസ്ത്രവും, ജനനിബിഢതയും വ്യവസായിക സാധ്യതകളെ ഇല്ലാതാക്കുന്നു. വ്യവസായങ്ങൾ ഇല്ലാത്തതു കൊണ്ട് കേരളത്തിന് എന്താ ഒരു കുറവ്? ലോക ഭൂപടത്തിൽ ഏതു വ്യവസായങ്ങൾക്കും ഉതകുന്ന വിദ്യാഭ്യാസ നിലവാരമുള്ള കുട്ടികളെ വാർത്തെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ളടത്തോളം കാലം കേരളത്തിൽ ഒരു ചുക്കും സംഭവിക്കില്ല. രാജ്യത്തിന് പുറത്തുപോയി വിദേശപണം സംബാതിച്ച് ഒന്നിന് പത്തും എഴുപതുമായി നാട്ടിലേക്കു കൊണ്ടു വരുന്ന മലയാളിയ്ക്ക് എന്ത് വ്യവസായം. എല്ലാവർക്കും വിദേശത്തു പോകുവാൻ സാധിക്കില്ല എന്ന കാര്യം മറക്കുന്നില്ല. ജോലി ചെയ്യാൻ തയ്യാറുള്ളവർക്ക് ധാരാളം അവസരങ്ങളുണ്ട്. അതുകൊണ്ടാണല്ലോ ബംഗാളികൾ കേരളത്തിലേക്ക് വരുന്നത്. ഏതു ജോലിയും ചെയ്യാൻ മലയാളി തയ്യാറാകണം. കേരളത്തിൽ ജോലി ഇല്ലായ്മ ഒരു പ്രശ്നമായി തോന്നുന്നില്ല.

 3. മാത്യു

  2021-07-27 15:52:16

  "ഇതാണ് കേരളാ രാഷ്ട്രീയം നാടിന് തന്നിട്ടുള്ളതും ഇനിയും തരാൻ പോകുന്നത് എന്നും ഇതുവരെ ജനം എന്തു കൊണ്ട് മനസിലാക്കിയില്ല ,അവിടെ ആണ് നേതാക്കളുടെ കളികൾ . ജനം തിരിച്ചറിവില്ലാത്തവർ ആയതിനാൽ ആണ് ഇന്ന് പിണറായിയെ പൊലുള്ള നേതാക്കൾ പണക്കാരായതും ഇന്നും കള്ളക്കടത്തും അഴിമതിയും കൊള്ളയും കൊലപാതകവും ഒക്കേ ആയി വിലസുന്നത് .."

 4. Mathew Joys

  2021-07-27 13:36:16

  "ഈ സംഭവത്തോടു കൂടി കേരളാവില്‍ കുറെ കൂടെ സാബുമാര്‍ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ സാധ്യതയുണ്ട്. പലര്‍ക്കും ഇത് ധൈര്യം ആര്‍ജ്ജിക്കാനുള്ള ഒരു ചവുട്ടുപടിയാണ്. " അതേപോലെ ഈ ലേഖനം. ഇതിൽ പറഞ്ഞിരിക്കുന്ന രാഷ്ട്രീയക്കാർ ആരെങ്കിലും വായിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു

 5. MATHEW NINAN

  2021-07-27 12:47:43

  ഡിയർ ഡെൻവർ വര്ഗീസേ , കിറ്റെക്സ് നെ പറ്റി എഴുതിയ റിപ്പോർട്ട് എന്നിക്കു നന്നായി ഇഷ്ട്ടപ്പെട്ടു . കേരളത്തിലെ പൊളിറ്റിക്സ് നെ നല്ല മാർഗത്തിൽ കൊണ്ടുപോകാൻ ആരുവരും . " പൂച്ചക്ക്‌ ആരു മണികെട്ടും ? "

 6. Sudhir Panikkaveetil

  2021-07-26 23:47:44

  അമ്മാവാ എന്നെ തല്ലണ്ട ഞാൻ നന്നാവൂല്ലാ എന്ന് പറഞ്ഞ മരുമകന്റെ പിന്ഗാമികളാണ് കേരളത്തിൽ. പട്ടിണി കിടന്നാലും കഷ്ടപ്പെട്ട് കാശുണ്ടാക്കി ആരെങ്കിലും തുറക്കുന്ന സ്ഥാപനങ്ങൾ അവർ അടപ്പിക്കും. കമ്യുണിസ്റ്റുകാർക് ദരിദ്രരെ ആവസ്യമുണ്ട്. കൊടിപിടിക്കാനും കൊലപാതകം ചെയ്യാനും വെറുതെ നടക്കുന്നവരെ കിട്ടണമല്ലോ. ശ്രീ വർഗീസ് എബ്രഹാം നാട്ടിലെ രാഷ്ട്രീയാവസ്ഥ സൂക്ഷ്മമായി മനസ്സിലാക്കി തയ്യാറാക്കിയ ലേഖനം ആളുകൾ വായിച്ച് മനസ്സിലാക്കിയാൽ മാറ്റങ്ങൾ വരും. ലേഖകന് എല്ലാ നന്മകളും നേരുന്നു.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എണ്‍പത്തൊന്നിന്റെ നിറവില്‍ ചെറുപ്പത്തിന്റെ പ്രസരിപ്പോടെ ലക്ഷ്മി കുറുപ്പ് (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

പാലാ ഒരു പ്രശ്നമാണ് ! (ഡോ. മാത്യു ജോയിസ്) 

കെ.എം. റോയ് ; വിടവാങ്ങിയ വഴികാട്ടി നക്ഷത്രം : ആൻസി സാജൻ

അമേരിക്കയുടെ അനാവശ്യ യുദ്ധങ്ങള്‍ (സാം നിലമ്പള്ളില്‍)

പെഗസസ്: സുപ്രീം കോടതിയുടെ ഇടപെടല്‍ മോദി-ഷാ വാട്ടര്‍ ഗെയിറ്റിന്റെ രഹസ്യം തുറക്കുമോ?- (ദല്‍ഹികത്ത് : പി.വി.തോമസ്)

Dum Spiro Spero... (അമേരിക്കൻ കുടിയേറ്റ കുറിപ്പുകൾ - 12 -അവസാനഭാഗം: ഷാജു ജോൺ)

മലയാളികളുടെ വംശനാശം! (തമ്പി ആന്റണി)

വിസ നമ്പറുകളുടെ ലഭ്യത-ഒക്ടോബർ 2021

കാറ്റ് ഒരു ഭീകര കാമുകനാണ് (മായ കൃഷ്ണൻ-രാഗമഥനം)

പാലാ ബിഷപ്പും നാര്‍ക്കോട്ടിക് ജിഹാദും (തോമസ് കൂവള്ളൂര്‍)

ചിയേഴ്‌സ്; കൂട്ടത്തില്‍ ഒരു ആമ്മീനും- (രാജു മൈലപ്രാ)

കോവിഡ് -19 ബൂസ്റ്റർ ഡോസ് ആർക്കൊക്കെ, എപ്പോൾ ലഭിക്കും? (ജോർജ് തുമ്പയിൽ)

പ്രത്യേക ഫീസ് അടച്ചാൽ ഗ്രീൻ കാർഡ് ലഭിക്കുന്ന ബിൽ ആദ്യ കടമ്പ കടന്നു 

പാലാ മെത്രാനും നാർക്കോട്ടിക് ജിഹാദും (നടപ്പാതയിൽ ഇന്ന്- 7: ബാബു പാറയ്ക്കൽ)

മതേതരത്വം വളർത്തുക ഒരു മതക്കാരുടെ മാത്രം ബാധ്യതയല്ല (വെള്ളാശേരി ജോസഫ്)

ഉറക്കകുറവ് പരിഹരിക്കാം ആയുര്‍വേദത്തിലൂടെ...(അബിത് വി രാജ്)

9/11: ഒഴിവാക്കാമായിരുന്ന ദുരന്തം (സാം നിലമ്പള്ളില്‍)

മലബാർ കലാപവും ചരിത്ര രേഖകളും (ബാബു പാറയ്ക്കൽ, നടപ്പാതയിലെ നാട്ടുവിശേങ്ങൾ - 6)

പോയന്റ് റിയാസ് വിളക്കുമരം (സന്തോഷ് പിള്ള)

സ്വപ്നം ചിലര്‍ക്ക് ചിലകാലമൊക്കണം (ലേഖനം: വാസുദേവ് പുളിക്കല്‍)

ഹൈമവതി ടീച്ചറുടെ കലാസപര്യയുടെ വഴിയില്‍, മകള്‍ ഡോ. ജയശ്രീ (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

റെജി ചെറിയാന്റെ ഓർമ്മയിൽ... മരണമേ  അഹങ്കരിക്കേണ്ട! (ഫിലിപ്പ് ചെറിയാൻ)

ഡോ. ദേവി നമ്പ്യാപറമ്പിലിന് പിന്തുണ; ഫണ്ട് സമാഹരണം വിജയകരം

വില്‍ക്കാനുണ്ട് സംഘടനകള്‍ (ജീമോന്‍ ജോര്‍ജ്, ഫിലാഡല്‍ഫിയ)

ആശാനും, ജ്യോതിലക്ഷ്മി നമ്പ്യാരും ചില അമേരിക്കൻ മലയാളി വായനക്കാരും (പ്രതികരണം: സുധീർ പണിക്കവീട്ടിൽ)

ബ്രിട്ടീഷ്‌രാജുകൊണ്ട് ഇന്‍ഡ്യക്കുണ്ടായ നേട്ടങ്ങള്‍ (സാം നിലമ്പള്ളില്‍)

ഇനി ഞാൻ ഉറങ്ങട്ടെ (മൃദുമൊഴി 25: മൃദുല രാമചന്ദ്രൻ)

ആ ദിനത്തിന്റെ  ഓർമ്മ:  വിട്ടൊഴിയാതെ 9/11 ന്റെ പ്രതിധ്വനികൾ (ജോർജ്ജ് എബ്രഹാം) 

കോണ്‍ഗ്രസ് പുനരുജ്ജീവിക്കുമോ? പ്രതിപക്ഷ മുന്നണിയെ നയിക്കുമോ? (ദല്‍ഹികത്ത്: പി.വി.തോമസ്)

Homosexuality and Gender Non-Conformity: A Closer Look (Mathew Idikkula)

View More