Image

ഞാൻ കണ്ട രാമായണം (രാമായണ ചിന്തകൾ 12: ഷക്കീല സൈനു കളരിക്കൽ)

Published on 28 July, 2021
ഞാൻ കണ്ട രാമായണം (രാമായണ ചിന്തകൾ 12: ഷക്കീല സൈനു കളരിക്കൽ)
കർക്കിടക മാസത്തിന് രാമായണ മാസം എന്നൊരു വിശേഷണം കേട്ടു തുടങ്ങിയത് അടുത്ത കാലത്താണ്.ഒരു വർഷത്തിൻ്റെ പ്രഭാവൈശ്വര്യങ്ങൾ ഉത്തുംഗപദമേറുന്നത് ചിങ്ങത്തിലും അതിൻ്റെ അധമ സ്ഥിതിയിലെത്തുന്നത് കർക്കിടകത്തിലുമാണ്. ഭക്ഷ്യധാന്യങ്ങളായാലും ധനമായാലും കരുതിവച്ചതെല്ലാം തീർന്നു പഞ്ഞമാസമെന്ന് വിളിപ്പേരും വാങ്ങി വളരെ ശോചനീയമായ ഒരവസ്ഥയാണല്ലോ കർക്കിടകത്തിനു്.

പോരാത്തതിന് കോരിച്ചൊരിയുന്ന മഴയും അതിനോടനുബന്ധിച്ച് പട്ടിണിയും രോഗങ്ങളും എല്ലാം വിരുന്നെത്തുകയും. ഈ ദുർഘട സന്ധിയെ അതിജീവിക്കാൻ ആകെ ആശ്രയം ഈശ്വരനാമകീർത്തനങ്ങൾ പാരായണം ചെയ്യുക എന്നതാണ്‌.അങ്ങനെയാണ് രാമായണ പാരായണം എല്ലാ ദുരിതങ്ങളെയും ഒഴിക്കാൻ ഒരു മാർഗ്ഗമായത്.അതിബൃഹത്തായ രാമായണം മൂലകൃതിയെ അതേപടി
സ്വീകരിക്കുകയായിരുന്നില്ല തുഞ്ചത്താചാര്യൻ.

സന്ദർഭാനുസാരിയായി സംഗ്രഹിച്ചും വിപുലപ്പെടുത്തിയും ചിലയിടത്ത് സ്വന്തമായി ചില കല്പനകൾ ചേർത്തും സ്വതന്ത്രമായ ഒരു സംഗ്രഹ തർജ്ജമയാണ് മഹാകവി നടത്തിയിരിക്കുന്നത്.
അനുവാചക മനസ്സുകളുടെ മനശ്ശാസ്ത്രം നന്നായി ഗ്രഹിച്ചിരുന്ന മഹാകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ.സമുദായ പരിഷ്ക്കരണം അദ്ദേഹത്തിൻ്റെ കാവ്യരചനോദ്ദേശ്യമായിരുന്നു...

ഭക്തിയുടെ മധുര കണിക പുരട്ടി സദാചാര തത്ത്വങ്ങളെ ജനങ്ങൾക്കു മുൻപിൽ സമർപ്പിക്കുക എന്നതായിരുന്നു അദ്ദേഹം അവലംബിച്ച മാർഗ്ഗം.അനുവാചകരെ ഭക്തിഭരിതരാക്കുവാൻ അനവധി സാരോപദേശങ്ങളും സന്ദർഭോചിതമായി സന്നിവേശിപ്പിച്ചിരിക്കുന്നു.

കവിയുടെ ഔൽകൃഷ്ട്യത്തിനു മാനദണ്ഡം വർണനാ നൈപുണ്യമാണെന്ന് പുരാതന സാഹിത്യ നിരൂപകന്മാർ പറഞ്ഞിട്ടുണ്ട് . അതു കൊണ്ടു തന്നെയാണ് സംസ്കൃത സാഹിത്യം വർണനാ ബഹുലമായത്.അതിനെ മാതൃകയാക്കി എഴുതിയ പ്രാചീനമലയാള സാഹിത്യം വ്യഥാ സ്തൂലമായ വർണന കൊണ്ടു് നിബിഡമായിരുന്നു.

എന്നാൽ എഴുത്തച്ഛനാകട്ടെ വർണനാവിഷയത്തിൽ ഉൽകൃഷ്ടമായ രീതിയാണ് സ്വീകരിച്ചത്.ആചാര്യൻ്റെ വർണനാചാതുര്യം എടുത്തു പറയേണ്ടതാണ്.രസവർണനത്തിലും എഴുത്തച്ഛൻ അദ്വിതീയനാണ് ... സന്ദർഭാനുസരണം ഏതു രസത്തേയും പ്രപഞ്ചനം ചെയ്യുന്നതിൽ ആചാര്യനുണ്ടായിരുന്ന അനിതരസാധാരണമായ സാമർത്ഥ്യത്തെ ഓരോ കാണ്ഡത്തിലും കാണാൻ കഴിയും. വീരം ഹാസ്യം കരുണം രൗദ്രം ഭയാനകം തുടങ്ങി നവരസങ്ങളും യഥാവസരം സന്നിവേശിപ്പിച്ചിട്ടുണ്ട്.

അതു പോലെ അലങ്കാര പ്രയോഗങ്ങളും. ദ്വിതീയാക്ഷര പ്രാസം ആദി പ്രാസം അനു പ്രാസം തുടങ്ങി എന്തും രാമായണത്തിൽ അനുഭവവേദ്യമാകുന്നു.
Join WhatsApp News
സുരേന്ദ്രൻ നായർ 2021-07-28 19:09:54
സംക്ഷിപ്തവും കാര്യമാത്ര പ്രകക്തവുമായ ആസ്വാദനം. അഭിനന്ദനങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക