Image

മനുഷ്യനന്മയ്ക്കു വേണ്ട തത്വങ്ങളും സാരോപദേശങ്ങളും (രാജീവ്  പഴുവിൽ, ന്യൂജേഴ്സി, രാമായണ ചിന്തകൾ 13)

Published on 28 July, 2021
മനുഷ്യനന്മയ്ക്കു വേണ്ട തത്വങ്ങളും സാരോപദേശങ്ങളും (രാജീവ്  പഴുവിൽ, ന്യൂജേഴ്സി, രാമായണ ചിന്തകൾ 13)

എഴുത്തച്ഛന്റ്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിൽ രണ്ടാംഭാഗമായ അയോദ്ധ്യാ കാണ്ഡത്തിലെ 'ലക്ഷ്മണ സാന്ത്വനം'.

ലക്ഷ്മണന്റെ ക്രോധമടക്കാനായി ശ്രീരാമൻ ഒട്ടനവധി ഉദാഹരണങ്ങളും ഉപമകളും സഹിതം, മനുഷ്യ ജീവിതത്തിന്റെ നിസ്സാരതയും, ക്ഷണഭംഗുരതയും,   ലൗകിക ഭൗതിക സുഖങ്ങളുടെ നശ്വരതയും, അസ്ഥിരതയുമൊക്കെ സുവ്യക്തമായി വിശദീകരിച്ചു  കൊടുക്കുന്ന കാര്യം എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ തന്നെ.

അതിൽ പറയുന്ന പ്രധാനതത്വങ്ങൾ  മൂലകൃതിയായ വാല്മീകി രാമായണത്തിലേതാണെങ്കിലും, ഇത്രയും ഉദാഹരണങ്ങൾ അതിലില്ലെന്നും, കൃത്ഹസ്തനായ എഴുത്തച്ഛൻ ആ തത്വങ്ങളുടെ ആശയവും, സാരവും കേരളീയർക്ക് കൂടുതൽ മനസ്സിലാക്കിക്കൊടുക്കുന്നതിന് വേണ്ടി അവയെ പ്രത്യേകമായി എഴുതി ചേർത്തതാണ് എന്നാണ് അറിഞ്ഞിട്ടുള്ളത്.

ഈ ഉദാഹരണങ്ങൾ  എല്ലാം തന്നെ ഒന്നിനൊന്ന് മെച്ചം എന്നിരിക്കലും, എന്ത് കൊണ്ടോ രണ്ടെണ്ണം പ്രത്യേകമായി ഇവിടെ പരാമർശിയ്ക്കാം എന്ന് തോന്നി.
.
ഒന്ന് -  ചുട്ടു പഴുത്ത ലോഹത്തിന്മേൽ ഇറ്റുവീഴുന്ന നീർത്തുള്ളിയുടെ ആയുസ്സ് എന്ന ഉപമ.
"വഹ്‌നി സന്തപ്ത ലോഹസ്ഥാംബു ബിന്ദുനാ സന്നിഭം മര്‍ത്ത്യജന്മം ക്ഷണഭംഗുരം"

മനുഷ്യ ജീവിതത്തിന്റെ ക്ഷണികതയെ  ഇതിൽ കൂടുതൽ എങ്ങനെ വ്യക്തമാക്കാനാണ്? ലോഹത്തിന്മേൽ മേൽ വീഴുന്നതിനു മുൻപേ നീരാവിയായിപ്പോകുന്ന ജലകണം പോലെ മനുഷ്യായുസ്സ്.

രണ്ട് - 'ചക്ഷുശ്രവണഗളസ്ഥമാം ദർദുരം'

ഒരുപക്ഷേ, എന്നത്തേയും കാൾ ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും പ്രസക്തമായ ഉദാഹരണം ഇതുതന്നെയാണ്.

"ചക്ഷുശ്രവണഗളസ്ഥമാം ദർദുരം ഭക്ഷണത്തിന്നപേക്ഷിക്കുന്നതു പോലെ
 കാലാഹിനാ  പരിഗ്രസ്തമാം
 ലോകവുമാലോലചേതസാ
 ഭോഗങ്ങൾ തേടുന്നു".

പാമ്പിന്റെ (ചക്ഷു ശ്രവണ) വായിൽ അകപ്പെട്ട് അനുനിമിഷം മരിച്ചുകൊണ്ടിരിക്കുന്ന തവള (ദർദുരം) , അതറിയാതെ അവസാന നിമിഷത്തിലും കണ്മുൻപിൽ വന്നിരിക്കുന്ന ഇരയെ പിടിക്കാൻ വെമ്പൽ കൊള്ളുന്നു. എന്തൊരു വിഡ്ഢിത്തവും അർത്ഥശൂന്യവുമാണത്? അതുപോലെ കാലമാകുന്ന പാമ്പിന്റെ വായിൽപ്പെട്ട് അനുനിമിഷം മരണത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന മനുഷ്യൻ, അതൊന്നും അറിയാതെ, ചിന്തിയ്ക്കാതെ, കേവല നൈമിഷിക സുഖങ്ങൾ തേടി  അന്ത്യനിമിഷത്തിലും പരക്കം പായുന്നു.
ആ സുഖങ്ങളുടെ, തന്റെ ആയുസ്സിന്റെ തന്നെയും ക്ഷണഭംഗുരതയും നിസ്സാരതയും മനസ്സിലാക്കാതെ...
ഒരു വിഡ്ഢിയെപ്പോലെ.

ഇന്ന്, ഈ നിമിഷത്തിൽ, മഹാമാരിയുടെ പിടിയിൽ പെട്ടുഴറുമ്പോൾ,
അതവഗണിച്ച് നമ്മളിൽ ഭൂരിഭാഗവും ചെയ്തു കൊണ്ടിരിയ്ക്കുന്നത് അതു തന്നെയല്ലേ?

(ഇത്തരുണത്തിൽ ശങ്കരാചാര്യരുടെ 'പശ്യന്നപി ച ന പശ്യതി മൂഢ:' എന്നതും സന്ദർഭവശാൽ ഓർത്തു പോകയാണ് )

ആദ്യ കാവ്യമായ രാമായണത്തിലും, പിന്നാലെ വന്ന മറ്റു മഹത് ഗ്രന്ഥങ്ങളിലും മനുഷ്യനന്മയ്ക്കു വേണ്ട തത്വങ്ങളും, സാരോപദേശങ്ങളും എന്നേ എഴുതി വെച്ചിട്ടുണ്ട്!

തലമുറ തലമുറകളായി നമ്മളവയെ കാണാതെ, ഉൾക്കൊള്ളാതെ പോകുന്നു.

ഈ രാമായണമാസത്തിൽ, അവയെ ഒന്നോർത്തെടുക്കാനും,
ഒരു പുനർവിചിന്തനത്തിനും ശ്രമിക്കാം

Join WhatsApp News
abdul punnayurkulam 2021-07-29 01:58:15
great
Rajeevan Asokan 2021-07-29 03:18:48
Thank you
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക