Image

സന്ദേഹകാവ്യങ്ങൾ (മായ കൃഷ്ണൻ, രാഗമഥനങ്ങൾ -5)

Published on 28 July, 2021
സന്ദേഹകാവ്യങ്ങൾ (മായ കൃഷ്ണൻ, രാഗമഥനങ്ങൾ -5)

ദോഷ (ദുഷ്ട)ദൃക്കെന്നൊരു ചീത്തപ്പേര് പണ്ടേയുണ്ട്. സാരമില്ല.. നവാർത്ഥ നിർമിതിക്കു വേണ്ടിയാണെങ്കിൽ ഇത്തിരി ചീത്തപ്പേരൊക്കെ കേൾക്കാം, അല്ലേ? ചില പാട്ടുകൾ ഉള്ളിലുണർത്തുന്ന സന്ദേഹങ്ങളാണ് ഈ കുറിപ്പിനാധാരം. മലയാളി കൊണ്ടാടിയ വിഖ്യാത ഗാനങ്ങൾ.

1. പെരിയാറേ... പെരിയാറേ എന്ന് പാടാത്ത മലയാളിയുണ്ടോയെന്ന് സംശയം. രണ്ടാം ചരണം ശ്രദ്ധിച്ചൊന്നു കേൾക്കൂ :"പൊന്നലകൾ പൊന്നലകൾ ഞൊറിഞ്ഞിടുത്ത്, പോകാനൊരുങ്ങുകയാണല്ലോ, കടലിൽ നീ ചെല്ലണം, കാമുകനെ കാണണം കല്യാണമറിയിക്കേണം... ഇവിടെയാണ്‌ സന്ദേഹങ്ങൾ ഉടലെടുക്കുന്നത്.. പെരിയാർപ്പെണ്ണിന്റെ കാമുകൻ ആരാണ്? കടലാണോ അതോ കടലിൽ വസിക്കുന്ന മാറ്റാരെങ്കിലുമോ? അതും പോകട്ടെ... കാമുകനോട് തന്റെ കല്യാണം നിശ്ചയിച്ച കാര്യം പറയാൻ വേണ്ടി ഞൊറിഞ്ഞുടുത്ത് പോകുന്ന പെണ്ണ് മഹാതേപ്പുകാരി തന്നെയല്ലേ?

2.പുലയനാർ മണിയമ്മ..
കലമാന്റെ മിഴിയുള്ള കളിത്തത്തമ്മ..

ആമ്പൽപ്പൂങ്കടവിങ്കൽ...
ആയില്ല്യപ്പൂനിലാവിൽ കുളിക്കാൻ പോയ്‌
കേളി നീരാട്ടിനു തുടിച്ചിറങ്ങി -അവൾ -

അപ്പൊ എന്തുണ്ടായി?

അരളികൾ പൂക്കുന്ന കരയിലപ്പോൾ നിന്ന
മലവേടച്ചെറുക്കൻ.
അവളുടെ പാട്ടിന്റെ ലഹരിയിൽ മുങ്ങിപോലും...എത്ര എളുപ്പത്തിലാണല്ലേ മണിയമ്മയുടെ കുളിക്കടവിൽ പതുങ്ങി നിന്നവനെ ഭാസ്കരൻ മാഷ് പിടിച്ചങ്ങ് പ്രേംനസീറാക്കിയത്!!

3.പൂന്തുറയിലരയന്റെ പൊന്നരയത്തി...
കാട്ടിക്കൂട്ടിയ അങ്കം എന്താ????
പുടവയും മാലയും വാങ്ങുംമുൻപേ... അവൾക്ക്, പുരുഷന്റെ ചൂടുള്ള മുത്ത് കിട്ടിയത്രേ... ഇങ്ങനെയൊക്കെ ചെയ്യാമോ??

4."പൂർണേന്ദുമുഖിയോടമ്പലത്തിൽവെച്ചു
പൂജിച്ച ചന്ദനം ഞാൻ ചോദിച്ചു...
കണ്മണിയതുകേട്ടു നാണിച്ചു നാണിച്ചു
കാൽനഖം കൊണ്ടൊരു വരവരച്ചു.. "

ഇത്തിരി ചന്ദനം ചോദിക്കുമ്പോഴേക്കും ഇങ്ങനെ നാണിച്ചു കൊഴഞ്ഞു വീഴണ പെണ്ണുങ്ങളെ എന്താ ചെയ്യണ്ടത് ??ചുട്ട പെടയുടെ കൊറവല്ലേ ?

അതോ..ഇങ്ങനൊരു കാൽനഖചിത്രകാരിയെ പെണ്ണിന്റെ പ്രതീകമാക്കിയ കവിക്കോ പെട വേണ്ടത് ???

5. എന്തൊരു ധിക്കാരമാണെന്ന് നോക്കൂ, "നിന്റെ തിങ്കളാഴ്ച നോയമ്പിന്നു മുടക്കും ഞാൻ "എന്നൊക്കെ പറയണമെങ്കിലോ? എത്ര കഷ്ടപ്പെട്ടിട്ടാവും ആ പെങ്കുട്ടി നോമ്പ് നോറ്റിട്ടുണ്ടാവുക? ആണിന്റെ ഗർവ്വേയ്...

6."എൻ ആശകൾ തൻ മൺതോണിയുമായ് തുഴഞ്ഞരികെ ഞാൻ വരാം "എന്ന് നായിക ഉറപ്പു കൊടുക്കുന്നുണ്ട്... മൺതോണിയാണേയ്... നല്ലോണം ചൂളയ്ക്ക് വെച്ചിട്ടുണ്ടോ ആവോ? ചിലപ്പോ കാമുകിയുടെ ആശകളുടെ തോണിയായതുകൊണ്ടാവുമോ കവി, മണ്ണുകൊണ്ടുണ്ടാക്കിയത്?
 (ആശകൾ തൻ പൊൻ തോണിയുമായ് എന്ന് പാടിയാലും ട്യൂൺ തെറ്റുമായിരുന്നൊന്നുമില്ലല്ലോ )

ഒന്നുമത്ര ഗുരുവായിട്ടെടുക്കേണ്ട കേട്ടോ!
എന്നാലത്ര ലഘുവുമാക്കണ്ട 

Join WhatsApp News
Sudhir Panikkaveetil 2021-07-29 22:39:08
കാമുകനോട് തന്റെ കല്യാണം നിശ്ചയിച്ച കാര്യം പറയാൻ വേണ്ടി ഞൊറിഞ്ഞുടുത്ത് പോകുന്ന പെണ്ണ് മഹാതേപ്പുകാരി തന്നെയല്ലേ?" കവിയാണ് വായനക്കാരെ തേച്ച് പോയത്. he has used double entendre. കല്യാണം എന്ന വാക്കിനു ക്ഷേമം എന്നും അർത്ഥമുണ്ട്. കാമുകി അവളുടെ ക്ഷേമം അറിയിക്കുന്നു എന്നല്ലേ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക