Image

സിനിമയെ വെല്ലുന്ന ജീവിതകഥ 

Published on 29 July, 2021
സിനിമയെ വെല്ലുന്ന ജീവിതകഥ 

ന്യൂയോർക്കിൽ താമസിക്കുന്ന റുബീന മാലിക്ക് എന്ന പാകിസ്താനിയുടെ ജീവിതകഥയിൽ  ബോളിവുഡ് സിനിമയ്ക്ക് ആവശ്യമായ എല്ലാ ചേരുവകളുമുണ്ട്- പ്രണയം, വഞ്ചന,ദുരഭിമാനം ,കൊലപാതകം എന്നിങ്ങനെ എല്ലാം.
കഥയിലെ മർമ്മപ്രധാന സംഭവങ്ങൾ അരങ്ങേറിയത് പാകിസ്ഥാനിലാണ്- 1996 ൽ. റുബീനയുടെ പിതാവ് മാലിക് റഹ്മത് ഖാൻ അവിടുത്തെ പ്രമുഖ വ്യവസായിയും സമൂഹത്തിൽ വലിയ സ്വാധീനമുള്ള വ്യക്തിയുമായിരുന്നു. കുടുംബത്തിന്റെ സമ്മതം ലഭിക്കില്ലെന്ന് അറിഞ്ഞുകൊണ്ടാണ് റുബീന അയൽവാസിയായ ഷൗക്കത്ത് പർവേസിനെ പ്രണയിക്കുന്നതും ഇരുവരും രഹസ്യമായി വിവാഹം കഴിക്കുന്നതും.ഇതിനിടയിൽ ഖാൻ,  മകളുടെ സമ്മതം ചോദിക്കാതെ  തന്നെ മറ്റൊരാളുമായി അവളുടെ വിവാഹം നിശ്ചയിച്ചു. നല്ലവനായ ആ ചെറുപ്പക്കാരൻ, റുബീന വിവാഹിതയാണെന്ന് മനസ്സിലായതോടെ  ബന്ധത്തിൽ നിന്ന് പിന്മാറാൻ തയ്യാറായി. എന്നാൽ, മകളെയും ഭർത്താവിനെയും ബന്ധത്തിൽ നിന്ന് പിന്മാറിയ ചെറുപ്പക്കാരനെയും ഇല്ലാതാക്കുക എന്ന ക്രൂരമായ തീരുമാനമാണ് ഖാൻ കൈക്കൊണ്ടത്. ഖാന്റെ പദ്ധതി മണത്തറിഞ്ഞ് മൂവരും ന്യൂയോർക്കിലേക്ക് രക്ഷപ്പെട്ടിരുന്നെങ്കിലും അവിടെയും പ്രശ്നങ്ങൾ തീർന്നില്ല. 
റുബീനയുടെ സഹോദരൻ ഉമർ മാലിക്കിനെയും അമ്മാവൻ  മൻസൂർ ഖാദറിനെയും കൊലപാതകം നടത്തുന്നതിനായി ഖാൻ ന്യൂയോർക്കിലേക്ക് പറഞ്ഞുവിട്ടു. 60,000 ഡോളറായിരുന്നു വാഗ്ദാനം ചെയ്തത്. ഇംഗ്ലണ്ടിൽ താമസമാക്കിയ ഖാദർ ഇതിനു വേണ്ടിയാണ്  ന്യൂയോർക്കിലെത്തുന്നത്.
നവംബർ 22, 1996 ൽ കാറിൽ എത്തിയ രണ്ടുപേർ ചേർന്ന് പർവേസിന്റെ നേർക്ക് വെടിവച്ച് കടന്നുകളഞ്ഞത് കണ്ടതായാണ് സാക്ഷിമൊഴി. കാറിൽ അന്നെത്തിയ രണ്ടുപേർ ഖാദറും ഉമറുമായിരുന്നു. എന്നാൽ, വെടി ഉതിർത്തത് ഇവരിൽ ആരാണെന്ന് ഇനിയും തെളിഞ്ഞിട്ടില്ല.  കൃത്യം നടത്തിയ ഉടൻ, ഉമർ പാകിസ്ഥാനിലേക്ക് കടന്നുകളഞ്ഞു. ഖാദർ പിടിയിലുമായി. ഉമറാണ് വെടിവച്ചതെന്നും തനിക്ക് പർവേസിനെ കൊല്ലാൻ യാതൊരു ഉദ്ദേശവും ഇല്ലായിരുന്നെന്നും പറഞ്ഞിട്ടും അയാൾക്ക് സാഹചര്യത്തെളിവുകൾ എതിരായതിന്റെ പേരിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു-നീണ്ട 25 വർഷക്കാലം. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം, പ്രമേഹം,ഹൃദ്രോഗം,തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി  ശിക്ഷയിൽ ഇളവ് നൽകാൻ അഭ്യർത്ഥിച്ചിട്ടുപോലും  ലഭിച്ചില്ല.
 
42 കാരിയായ റുബീന ഇപ്പോൾ, പർവേസിന്റെ വിധവയായി ന്യൂയോർക്കിൽ കഴിയുകയാണ്. കൈക്കുഞ്ഞായിരിക്കെ പിതാവിനെ നഷ്ടപ്പെട്ട മകനെ ഒറ്റയ്ക്ക് വളർത്തി യോഗ്യനായ യുവാവാക്കി. ഖാദർ എന്ന അറുപതുകാരനോട് അവൾക്ക് പകയില്ല. ഭർത്താവിന് നേരെ വെടി ഉതിർത്തത് ഖാദർ ആണെന്ന് കരുതുന്നുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് തനിക്കറിയില്ലെന്നാണ് അവൾ പറഞ്ഞത്. 
അമ്മാവന് താൻ മാപ്പ് കൊടുക്കുന്നു എന്നും ശിക്ഷയിൽ ഇളവ് കൊടുക്കണമെന്നും റുബീന കോടതിയിൽ ആവശ്യപ്പെട്ടു. വാർദ്ധക്യത്തിൽ ഖാദറിനെ ഏറ്റെടുത്ത് ന്യൂയോർക്കിലെ വീട്ടിൽ അഭയം നൽകാനും അവൾ ഒരുക്കമാണെന്ന് അറിയിച്ചു. എന്നാൽ, ശിക്ഷയിൽ നിന്ന് മോചിതനായാൽ ഖാദർ ഒരിക്കലും റുബീനയ്‌ക്കൊപ്പം താമസിക്കാൻ മുതിരില്ല, പാകിസ്ഥാനിലേക്ക് പോകുന്നതിനേ താല്പര്യപ്പെടൂ.
2020 ൽ റുബീനയുടെ മാതാവ് മരണപ്പെട്ടപ്പോൾ അവൾ  മാലിക് ഖാനുമായി ഫോണിൽ സംസാരിച്ചു. അയാളോടും അവൾക്ക് വിദ്വേഷമില്ല. ഭർത്താവ് കൊല്ലപ്പെട്ട ശേഷം പാകിസ്ഥാനിൽ പോവുകയും മാതാപിതാക്കളെ കാണുകയും ചെയ്തിരുന്നതായും അവൾ പറഞ്ഞു. കാലം മായ്ക്കാത്ത മുറിവില്ലെന്നും രക്തബന്ധത്തിന് കട്ടികൂടുമെന്നും അവൾ അടിവരയിടുന്നു.
റുബീന ക്ഷമിച്ചതിന്റെ പേരിൽ ഖാദറിനെ വെറുതെ വിടുന്നതിനോട് ബ്രൂക്‌ലിനിലെ ഫെഡറൽ പ്രോസിക്യൂട്ടർമാർക്ക് യോജിപ്പില്ല. ജഡ്ജ്  റോസിന്റെ നിലപാട് നിർണായകമാകും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക