Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് തോമസ് Published on 29 July, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച (ജോബിന്‍സ്)
നിയമസഭാ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി രാജിവയ്ക്കണ്ടേതില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍.  മന്ത്രി ശിവന്‍കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷം നടത്തിയത് .മുണ്ട് മടക്കിക്കുത്തി സഭയില്‍ അതിക്രമം നടത്തിയ ആളാണ് ഇന്നത്തെ വിദ്യാഭ്യാസ മന്ത്രിയെന്നും മുഖ്യമന്ത്രി കോടതിവരാന്തയില്‍ നിന്നു വാദിക്കുന്ന വക്കീലാണെന്നും സതീശന്‍ പറഞ്ഞു.
********************************************
പ്രഭാത നടത്തത്തിനിടെ ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ ജില്ലാ ജഡ്ജി ഉത്തം ആനന്ദ് ഓടോ റിക്ഷ ഇടിച്ച് മരിച്ച സംഭവത്തില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഹൈകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലാകും പ്രത്യേക സംഘത്തിന്റെ അന്വേഷണം. വാഹനം ഇടിച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കാവുന്ന ഞെട്ടിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കോടതി ഇടപെടല്‍.
**************************************
വനിതാ ബോക്സിങ്ങിലെ 48-51 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ മേരി കോം പ്രീക്വര്‍ട്ടറില്‍ പുറത്ത്. കൊളംബിയന്‍ താരം ഇന്‍ഗ്രിറ്റ് വലന്‍സിയയോടാണ് ഇന്ത്യന്‍ താരം കീഴടങ്ങിയത്. 3-1നാണ് വലന്‍സിയയുടെ ജയം.
**************************************
നമ്പി നാരായണനെതിരായ ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ മുന്‍ ഐ.ബി ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ ബി ശ്രീകുമാറിന്റെ അറസ്റ്റ് കേരളാ ഹൈക്കോടതി തടഞ്ഞു. തിങ്കളാഴ്ച വരെ ശ്രീകുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു.
**************************************
വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും സംസ്ഥാന വ്യാപക പ്രതിഷേധം. കെ.എസ്.യുവും എ.ബി.വി.പിയും തലസ്ഥാനത്ത് നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടായി. എല്ലാ ജില്ലകളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളക്ട്രേറ്റുകള്‍ക്കു മുന്നില്‍ പ്രതിഷേധിച്ചു. 
*****************************
സംസ്ഥാനത്ത് പ്രതിദിന കോവിഡ് കണക്കുകളില്‍ വന്‍ വര്‍ദ്ധന. ഇന്ന് 22064 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 13.53 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,63,098 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
************************************
പെഗാസസ് വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും സ്തംഭിച്ചു. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചു. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയലും പ്രഹ്ലാദ് ജോഷിയും പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചു പാര്‍ലമെന്റില്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
***************************************
അഖിലേന്ത്യാ, മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തില്‍ 27 % ഒബിസി സംവരണം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. മുന്നോക്കകാരില്‍ സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 % സംവരണവും ഏര്‍പ്പെടുത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക