Image

ലക്ഷങ്ങള്‍ മുടക്കി ഭാര്യയെ കാനഡയിലേക്ക് അയച്ചു; മാസങ്ങള്‍ കഴിഞ്ഞും കൊണ്ടുപോയില്ല, യുവാവ് ജീവനൊടുക്കി; ഭാര്യയ്ക്കെതിരേ കേസ്

Published on 29 July, 2021
ലക്ഷങ്ങള്‍ മുടക്കി ഭാര്യയെ കാനഡയിലേക്ക് അയച്ചു; മാസങ്ങള്‍ കഴിഞ്ഞും കൊണ്ടുപോയില്ല, യുവാവ് ജീവനൊടുക്കി; ഭാര്യയ്ക്കെതിരേ കേസ്


ലുധിയാന: പഞ്ചാബില്‍ 23 വയസ്സുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാനഡയിലുള്ള ഭാര്യയ്ക്കെതിരേ പോലീസ് കേസെടുത്തു. ഘോട്ടെ ഗോബിന്ദപുര സ്വദേശി ലവ്പ്രീത് സിങ്ങിന്റെ മരണത്തിലാണ് ഭാര്യ ബീന്ത് കൗറി(21)നെതിരേ പഞ്ചാബ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലവ്പ്രീതിന്റെ പിതാവ് ബല്‍വീന്ദര്‍ സിങ്ങിന്റെ പരാതിയില്‍ വഞ്ചനാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.  ജൂണ്‍ 23-നാണ് ലവ്പ്രീതിനെ കൃഷിയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 25 ലക്ഷം രൂപ 
ചെലവഴിച്ച് ബീന്ത് കൗറിനെ കാനഡയിലേക്ക് അയച്ചിട്ടും ഇവര്‍ ഭര്‍ത്താവിനെ കാനഡയിലേക്ക് കൊണ്ടുപോയില്ലെന്നും ഇതിന്റെ വിഷമത്തില്‍ ലവ്പ്രീത് കീടനാശിനി കഴിച്ച് ജീവനൊടുക്കിയെന്നുമാണ് ആരോപണം.  

2019 ഓഗസ്റ്റ് രണ്ടിനാണ് ലവ്പ്രീതും ബീന്ത് കൗറും വിവാഹിതരായത്. ഓഗസ്റ്റ് 17-ന് യുവതി പഠനത്തിനായി കാനഡയിലേക്ക് പോയി. ഏകദേശം 25 ലക്ഷം രൂപ കാനഡയിലെ പഠനത്തിനായി മരുമകള്‍ക്ക് വേണ്ടി ചെലവഴിച്ചെന്നാണ് ബല്‍വീന്ദര്‍ സിങ് പറയുന്നത്. മാസങ്ങള്‍ക്കുള്ളില്‍ ലവ്പ്രീതിനെയും കാനഡയിലേക്ക് കൊണ്ടുപോകുമെന്നാണ് ബീന്ത് കൗര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കാനഡയിലെത്തിയതോടെ മരുമകള്‍ തന്റെ മകന് നല്‍കിയ വാക്ക് തെറ്റിച്ചെന്നും അവനുമായി സംസാരിക്കുന്നത് പോലും നിര്‍ത്തിയെന്നും ബല്‍വീന്ദറിന്റെ പരാതിയില്‍ പറയുന്നു. ഇക്കാരണത്താല്‍ മകന്‍ ഏറെ ദുഃഖിതനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  

അതേസമയം, തനിക്കെതിരായ ആരോപണങ്ങളെല്ലാം ബീന്ത് കൗര്‍ നിഷേധിച്ചിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെയായിരുന്നു അവരുടെ പ്രതികരണം. ലവ്പ്രീതിനെ കാനഡയില്‍ കൊണ്ടുവരാനായി താന്‍ ശ്രമിച്ചിരുന്നുവെന്നും കോവിഡ് നിയന്ത്രണങ്ങള്‍ കാരണം അത് നടന്നില്ലെന്നുമാണ് ബീന്ത് കൗറിന്റെ വിശദീകരണം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക