Image

കർക്കിടകം നൽകുന്ന പാഠങ്ങൾ (ലതികാ ശാലിനി,രാമായണ ചിന്തകൾ 14)

Published on 29 July, 2021
കർക്കിടകം നൽകുന്ന പാഠങ്ങൾ (ലതികാ ശാലിനി,രാമായണ ചിന്തകൾ 14)

രാമായണം മനുഷ്യരുടെ  മനസ്സിൽ  വിതക്കുന്ന ചിന്ത അസത്തിൽ നിന്നും സത്തിലേക്കുള്ള യാത്രയാകും. അശ്രീകരത്തിൽ നിന്നും ശ്രീത്വത്തിലേക്കുള്ള, മൂധേവിയിൽനിന്നും ശ്രീദേവിയിലേക്കുള്ള യാത്രയാണ് രാമായണം. ചേട്ടയെ പുറത്താക്കിയും,ശിവോതിയെ ആനയിച്ചും കർക്കിടകം സ്വീകരിക്കപ്പെടുമ്പോഴും പഞ്ഞമാസമെന്ന കഷ്ടപ്പാടിലാണ് കർക്കിടം കടന്നു പോകുക.അത്തരം കാഠിന്യത്തിലൂടെ  ജീവിതയാത്ര നടത്തിയ രാമൻറെ ജീവിത കഥ മാനസിക ഉണർവ്വിനും,ആശാളി ഉലുവയും,കൊടിത്തൂവയും, പത്തിലകളും കായിക ഉണർവ്വിനും തുണയാകുന്ന കർക്കിടകം.കാലാവസ്ഥയും, കൃഷിയും പ്രതികൂലമായ സാഹചര്യത്തിൽ പച്ചക്കറികളില്ലാതെ പച്ചിലകളെ ആശ്രയിക്കുന്ന കർക്കിടകമാസം.

ഇളതായ  ശരീരത്തെ മുന്നോട്ടുള്ള യാത്രക്കായി ഒരുക്കുന്ന മരുന്നു കഞ്ഞിയുടേയും,ആയുര്‍വേദ, പച്ച മരുന്നുകളുടേയും മണമുള്ള മാസം.അമിത എരിയും, പുളിയും, മധുരവും വർജിച്ച് നാവിൻറെ സ്വാദിനോട്, വയറിൻറെ സ്വാദിനോട് ഇണങ്ങാൻ പറയുന്ന കർക്കിടകം. മോഹങ്ങളെ ത്യജിക്കുക എന്ന് ബോധവത്കരിക്കുന്ന ,ആഘോഷങ്ങൾ ത്യജിക്കുന്ന കർക്കിടകം.

ചിങ്ങത്തിൻറെ സമൃദ്ധിക്കായി,പ്രതികൂലങ്ങളെ മറി കടക്കുന്ന കർക്കിടക മാസം മനുഷ്യനു നൽകുന്നത് പ്രതീക്ഷയോടെ ജീവിക്കുക എന്ന നിറയറിവാണ്.ടാവേലി വായന പോലും  മനുഷ്യ മനസ്സിന് നൽകുന്നത് ഇത്തരം പ്രതീക്ഷയിലേക്കുള്ള ഒരു  തിരിനാളമാണ്. ടാവേലി വായനക്കാരൻ ഓരോ വീടുകളിലുമെത്തി ഇത് പകർന്നു നൽകി പ്രത്യാശ നൽകിയാണ് കടന്നു പോകുക.പയറിലയും, മത്തനും തുടങ്ങീ ചൊറിയണം വരെ കറിയാക്കുന്ന കർക്കിടകത്തിൽ മുരിങ്ങയില മാത്രം ഇക്കാലം ഭക്ഷ്യ യോഗ്യമല്ല എന്നും നിർദേശിക്കുന്നൂ.

ആണ്ടു മുഴുവൻ പണിയെടുക്കുന്ന ശരീരത്തിന് ഒരു മാസത്തെ വിശ്രമം.ലളിതമായ ഭക്ഷണ രീതികളും, ശരീര പരിചണങ്ങളും വഴി ഒരാണ്ടിലേക്കായി ശരീരത്തെ പാകപ്പെടുത്തുന്ന പഞ്ഞമാസം.ഒപ്പം ശക്തി നഷ്ടപ്പെട്ട മനസ്സിനെ രാമായണ ശീലുകളിലൂടെ ജീവിതയാത്രയുടെ കാഠിന്യത്തെക്കുറിച്ചും, ധർമ്മ ബോധത്തെ കുറിച്ചും കടമകളേക്കുറിച്ചുമെല്ലാം ബോധവാന്മാരാക്കുന്നൂ.പൊട്ടിയ കലവും,കീറിയ പായും, പഴകിയ മുറവും ഉപേക്ഷിച്ച് മൂശേട്ടയെ പുറത്താക്കി മച്ചടിച്ച് ഗോമൂത്രമോ, പുണ്യാഹമോ തളിച്ച് ശുദ്ധി വരുത്തിയിരുന്ന ഒരു കാലം.ചാണകം മെഴുകി പുതുക്കിയ അകായിയും, കളപറിച്ചു മെനയാക്കിയ മുറ്റവും, മാറാല തൂത്തു വൃത്തിയാക്കിയ ചുമരുകളും നൽകുന്ന ചിന്തകളും മറ്റൊന്നുമല്ല.

പഴയ പൊട്ടിയതും, കീറിയതുമായ മുറിവുകളെ മായ്ച്ചു കളയുക. മനസ്സിലെ മാറാലകൾ തുടച്ചു വൃത്തിയാക്കുക എന്നത് തന്നെ!!
ചാണകം മെഴുകി വൃത്തിയാക്കിയ തറ പോലെ അണുക്കളെ അടുപ്പിക്കാത്ത മനസ്സിൻറെ ഉടമകളാകേണ്ടതിൻറെ ആവശ്യകതയെ പഠിപ്പിക്കുന്ന കർക്കിടകം നിരവധി  പാഠങ്ങൾ നൽകിയാണ് സമൃദ്ധിയുടെ ചിങ്ങത്തിനായി പൂക്കൾ ഒരുക്കുന്നത്.
സമൃദ്ധിയുടെ തൂശനിലക്കായി വിഭവങ്ങളൊരുക്കുന്ന കർക്കിടകം,എളിമയുടെ കോടി ധരിച്ചാണ് ഓരോ തവണയും കടന്നുപോയിട്ടുള്ളതും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക