Image

അപകീര്‍ത്തിപ്പെടുത്തുന്ന ഒന്നും പോസ്റ്റു ചെയ്തിട്ടില്ല; തൃക്കാക്കര നഗരസഭാ അദ്ധ്യക്ഷയുടെ പരാതിയില്‍ രഞ്ജിനി ഹരിദാസിന്റെ പ്രതികരണം

Published on 30 July, 2021
അപകീര്‍ത്തിപ്പെടുത്തുന്ന ഒന്നും പോസ്റ്റു ചെയ്തിട്ടില്ല; തൃക്കാക്കര നഗരസഭാ അദ്ധ്യക്ഷയുടെ പരാതിയില്‍ രഞ്ജിനി ഹരിദാസിന്റെ പ്രതികരണം
കൊച്ചി: തൃക്കാക്കര നഗരസഭാ അദ്ധ്യക്ഷ അജിതാ തങ്കപ്പനെതിരെ പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസ്. 'നഗരസഭാ അദ്ധ്യക്ഷ ആരാണെന്നു പോലും എനിക്കറിയില്ല. അവരെ താന്‍ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ല. നായ്ക്കളെ കൂട്ടമായി കൊന്നൊടുക്കിയ സംഭവത്തില്‍ മൃഗസ്നേഹികള്‍ക്കൊപ്പം പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. നഗരസഭാ ചെയര്‍പേഴ്‌സന്റെ ജാതിയോ മതമോ ഒന്നും എനിക്കറിയില്ല. നഗരസഭാ അദ്ധ്യക്ഷയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ഒന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടില്ല' രഞ്ജിനി വ്യക്തമാക്കി.

രഞ്ജിനി ഹരിദാസിനും അഭിനേതാവ് അക്ഷയ് രാധാകൃഷ്ണനുമെതിരെ തൃക്കാക്കര നഗരസഭാ അദ്ധ്യക്ഷ അജിതാ തങ്കപ്പന്‍ പരാതി നല്‍കിയത് കഴിഞ്ഞ ദിവസമാണ്. അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ചായിരുന്നു തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിതാ തങ്കപ്പന്റെ പരാതി. എന്നാല്‍, ഈ പരാതി അടിസ്ഥാന രഹിതമാണെന്നാണ് രഞ്ജിനി ഹരിദാസ് പറയുന്നത്.

തെരുവു നായ്ക്കളെ കൂട്ടമായി കൊന്നൊടുക്കിയ സംഭവത്തില്‍ രഞ്ജിനിയുടെ നേതൃത്വത്തില്‍ മൃഗസ്‌നേഹികള്‍ തൃക്കാക്കര നഗരസഭാ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഈ സംഭവത്തില്‍ പ്രതിഷേധക്കാര്‍ തന്റെ ചിത്രമടക്കം ഉപയോഗിച്ച്‌ സഭ്യമല്ലാത്ത ഭാഷയില്‍ പ്രചാരണം നടത്തുകയാണെന്ന് അജിതാ തങ്കപ്പന്റെ പരാതിയില്‍ പറയുന്നു. 

സമൂഹ മാദ്ധ്യമങ്ങളിലെ പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ തന്നെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും പരാതിയില്‍ വ്യക്തമാക്കി.

തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നായ്ക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതിഷേധിച്ച മൃഗസ്നേഹികള്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക