Image

പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശത്തോട് യോജിക്കാനാവില്ലെന്ന് ധനമന്ത്രി

Published on 31 July, 2021
 പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശത്തോട് യോജിക്കാനാവില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം: പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശത്തോട് യോജിക്കാനാവില്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തിന് നേരിട്ട് ലഭിക്കുന്ന രണ്ട് നികുതികളാണ് ഇന്ധനവും മദ്യവും. ഇന്ധനം ജി.എസ്.ടിയിലേക്ക് പോയാല്‍ അതിന്റെ വിഹിതത്തിനായും സംസ്ഥാനം കേന്ദ്രത്തിന് മുന്നില്‍ കൈനീട്ടി നില്‍ക്കേണ്ടിവരും. അര്‍ഹമായ ജി.എസ്.ടി നഷ്ടപരിഹാരം പോലും വിലപേശി വാങ്ങേണ്ട സ്ഥിതിയാണ്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാനത്തിന് അത്തരം സാഹചര്യം അതിജീവിക്കാനാവില്ല.

കൊവിഡ് കാലത്ത് സ്വീകരിക്കേണ്ട സാമ്പത്തിക സമീപനമല്ല കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ദ്ധന കാരണം അത്തരം കമ്പനികളുടെ ലാഭം മൂന്നും നാലും മടങ്ങായി. ബാങ്ക്, ഇലക്ട്രോണിക്‌സ്, ഫാക്ടറികള്‍ തുടങ്ങിയവയ്ക്ക് കോര്‍പറേറ്റ് നികുതിയില്‍ ഇളവ് കൊടുക്കുന്നുണ്ടെങ്കിലും അതിന്റെ നേട്ടം ഒരിക്കലും ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഇടത്തരക്കാര്‍ക്കും വ്യാപാരികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ പ്രത്യേക കൊവിഡ് കാല വായ്പാപദ്ധതി തുടങ്ങിയെങ്കിലും ബാങ്കുകള്‍ അത് നല്‍കാത്ത സാഹചര്യമാണ്. ഇത് പരിശോധിക്കാന്‍ കേന്ദ്രത്തിന് സംവിധാനവുമില്ല. ബാങ്കുകള്‍ക്കാകട്ടെ വന്‍കിടക്കാര്‍ക്ക് വലിയ വായ്പ കൊടുക്കുന്നതിനാണ് താത്പര്യം.

കൊവിഡ് കാലത്ത് വായ്പയുടെ പേരിലുള്ള ജപ്തിയും മറ്റ് നടപടികളും നടത്തരുതെന്ന് ബാങ്കുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വീടുകളില്‍ കയറിയിറങ്ങി സ്വകാര്യചിട്ടികളും വായ്പകളും പിരിക്കുന്നവരെ ശക്തമായി നിയന്ത്രിക്കും. ഇവര്‍ സ്ത്രീകളെ ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചൂഷണം ചെയ്യുകയോ ഉണ്ടായാല്‍ കര്‍ശനമായ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക