Image

നൂറുകോടി അഴിമതി നടന്ന ബാങ്കില്‍ ബാക്കിയുള്ളത് 25 ലക്ഷം രൂപ മാത്രം

ജോബിന്‍സ് തോമസ് Published on 31 July, 2021
നൂറുകോടി അഴിമതി നടന്ന ബാങ്കില്‍ ബാക്കിയുള്ളത് 25 ലക്ഷം രൂപ മാത്രം
കേരളത്തിലെ സാധാരണക്കാര്‍ ആശ്രയിക്കുന്ന സഹകരണമേഖലയുടെ വിശ്വാസ്യത തന്നെ കളഞ്ഞുകുളിച്ച കരുവന്നൂര്‍ സഹകരണബാങ്കില്‍ ഏകദേശം 104 കോടി രൂപയുടെ ത്ട്ടിപ്പ് നടന്നെന്നാണ് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയത്. എന്നാല്‍ ഇത്രയധികം കോടികളുടെ ഇടപാട് നടന്ന ബാങ്കില്‍ ഇനി അവശേഷിക്കുന്നത് 25 ലക്ഷം രൂപമാത്രമാണ്. 

ബാങ്കില്‍ പുതുതായി നിയമിക്കപ്പെട്ട് അഡ്മിനിസ്‌ട്രേറ്റീവ് സമിതിയാണ് ഇക്കാര്യം കണ്ടെത്തിയത്. ഈ പണമാകട്ടെ സൂപ്പര്‍മാര്‍ക്കറ്റുകളിലെ വിറ്റുവരവിലൂടെ കണ്ടെത്തിയതാണ് താനും. മപ്രാണം കരുവന്നൂര്‍ എന്നിവിടങ്ങളിലായി മൂന്ന് സൂപ്പര്‍മാര്‍ക്കറ്റുകളാണ് ബാങ്കിനുള്ളത്. ഇവയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നത്. 

കുടിശ്ശിക വരുത്തിയ സ്വര്‍ണ്ണവായ്പകള്‍ തിരിച്ചു പിടിക്കാനാണ് അഡ്മിനിസ്‌ട്രേറ്റീവ് സമിതിയുടെ നീക്കം . ഇതിനായുള്ള രേഖകള്‍ സമിതി പരിശോധിച്ചു വരികയാണ്. ഇങ്ങനെ നല്ലൊരു തുക സമാഹരിക്കാമെന്നാണ് കരുതുന്നത്. എന്നാല്‍ സ്വര്‍ണ്ണപ്പണയത്തിലെ കുടിശ്ശിക കോവിഡിനെ തുടര്‍ന്ന് ഉണ്ടായതാകാനാണ് സാധ്യത. ഇങ്ങനെയുള്ള വായ്പകള്‍ തിരിച്ചു പിടിക്കുന്നതും ബാധിക്കുന്നത് സാധാരണക്കാരെയാണ് . ഇനി ഇങ്ങനെയുള്ള വായ്പകള്‍ തിരിച്ചടയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ ബാങ്ക് ഇത് ലേലം ചെയ്യാനും സാധ്യതയുണ്ട്. 

എന്തായാലും തട്ടിപ്പിന്റെ  ഫലം സാധാരണക്കാര്‍ അനുഭവിക്കേണ്ടി വരുമെന്ന് ചുരുക്കം. നിക്ഷേപങ്ങള്‍ തിരിച്ചു നല്‍കില്ലെങ്കിലും വായ്പകള്‍ തിരിച്ചടയ്‌ക്കേണ്ടി വരും. ത്ട്ടിപ്പിനെ കുറിച്ചുള്ള നിരവധി പരാതികളാണ് അഡ്മിനിസ്‌ട്രേറ്റീവ് സമിതിയ്ക്ക് ദിവസവും ലഭിക്കുന്നത്.

കേരളാ ബാങ്കില്‍ നിന്നും വായ്പ നല്‍കുകയോ സര്‍ക്കാര്‍ സഹായം നല്‍കുകയോ ആയിരിക്കും ബാങ്കിനെ രക്ഷിക്കാനുള്ള മറ്റൊരു വഴി. ഇങ്ങനെ വന്നാലും പണം നഷ്ടമാകുന്നത് സാധാരണക്കാരുടേതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക