Image

ക്രൈസ്തവ വിശുദ്ധി നഷ്ടപ്പെടുത്തിയതാണ് സഭകളുടെ പരാജയ കാരണം: റവ. ഡോ. ചെറിയാന്‍ തോമസ്

പി പി ചെറിയാന്‍ Published on 31 July, 2021
ക്രൈസ്തവ വിശുദ്ധി നഷ്ടപ്പെടുത്തിയതാണ് സഭകളുടെ പരാജയ കാരണം: റവ. ഡോ. ചെറിയാന്‍ തോമസ്

മസ്‌കിറ്റ് (ഡാലസ്) : ക്രൈസ്തവ വിശുദ്ധി നഷ്ടപ്പെടുത്തിയതാണ് സഭകളുടെ ഇന്ന് കാണുന്ന പരാജയത്തിന് കാരണമെന്ന് മര്‍ത്തോമാ സഭയിലെ മുന്‍ വികാരി ജനറാള്‍ റവ. ഡോ. ചെറിയാന്‍ തോമസ് അഭിപ്രായപ്പെട്ടു. 

ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് 33-ാം മത് വാര്‍ഷിക കണ്‍വന്‍ഷന്റെ പ്രാരംഭദിനം ശനിയാഴ്ച വൈകിട്ട് (ജൂലായ് 30) മത്തായിയുടെ സുവിശേഷം ആറാം അധ്യായത്തെ ആസ്പദമാക്കി ധ്യാന പ്രസംഗം നടത്തുകയായിരുന്നു അച്ചന്‍. വിശുദ്ധനായ ദൈവത്തോട് പ്രാര്‍ഛിക്കുമ്പോള്‍ ജീവിതത്തില്‍ നാം വിശുദ്ധി പാലിക്കേണ്ടതാണെന്നും അച്ചന്‍ ഓര്‍മ്മിപ്പിച്ചു.

സമൂഹത്തില്‍ വിശുദ്ധ ജീവിതം നയിക്കുവാന്‍ ബാധ്യസ്ഥരായ വിശ്വാസികള്‍ എന്നഭിമാനിക്കുന്നവര്‍ പോലും സഞ്ചരിക്കുന്നത് അവിശുദ്ധ പാതയിലൂടെയാണ്. മനുഷ്യന് ദൈവം നല്‍കിയ വരദാനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ ഒന്നാണ് ലൈംഗീകത. ലൈംഗീകതയുടെ ആസ്വാദനം ശരിയായി നാം അനുഭവിക്കേണ്ടത് കുടുംബ ജീവിതത്തിലാണ്. കുടുംബ ജീവിതത്തിനു വെളിയില്‍ നാം ലൈംഗീകത ആസ്വദിക്കുവാന്‍ ശ്രമിക്കുന്നത് പാപമാണെന്ന് മാത്രമല്ല അത് ശാപവുമാണ്. പ്രീമാരിറ്റന്‍ ലൈംഗീകത ഇന്നത്തെ യുവ തലമുറയെ  ഗ്രസിച്ചിരിക്കുന്ന തെറ്റായ പ്രവണതയാണ്. ഇത് കുട്ടികളെ പറഞ്ഞു മനസ്സിലാക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കും ആത്മീയ ഗുരുക്കന്മാര്‍ക്കും ഉള്ള വലിയൊരു വെല്ലുവിളി കൂടിയാണെന്ന് അച്ചന്‍ പറഞ്ഞു.

പ്രാരംഭദിനം ചര്‍ച്ച ഗായക സംഘത്തിന്റെ ഗാനങ്ങളോടെയാണ് യോഗം ആരംഭിച്ചത്. എം. സി. അലക്‌സാണ്ടര്‍ മധ്യസ്ഥ പ്രാര്‍ഥനക്കു നേതൃത്വം നല്‍കി. ഇടവക സെക്രട്ടറി ഈശോ തോമസ് മുഖ്യ പ്രാസംഗീകനായ അച്ചനെ പരിചയപ്പെടുത്തുകയും സ്വാഗതം ചെയ്യുകയും ചെയ്തു. വികാരി റവ. തോമസ് മാത്യു ആമുഖ പ്രസംഗം നടത്തി. അച്ചന്റെ പ്രാര്‍ഥനക്കും, ആശീര്‍വാദത്തിനും ശേഷം യോഗം സമാപിച്ചു.




പി പി ചെറിയാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക