Image

ഡയറിക്കുറിപ്പുകൾ കഥ പറയുമ്പോൾ (കഥ: സിസിൽ മാത്യു കുടിലിൽ)

Published on 31 July, 2021
ഡയറിക്കുറിപ്പുകൾ കഥ പറയുമ്പോൾ (കഥ: സിസിൽ മാത്യു കുടിലിൽ)
ഒരു അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാണ് രാമകൃഷ്ണന്‍ ആ നാട്ടില്‍ എത്തിയത്. ഏതൊരു അന്വേഷണവും അന്ത്യ ഘട്ടത്തിലായിരിക്കുന്ന ഒരാളില്‍ മാത്രം വന്നു ചേര്‍ന്നിരിക്കുന്ന നിര്‍വൃതി അയാളുടെ മുഖത്തു കാണാമായിരുന്നു. ഒരു പക്ഷെ, അയാളുടെ ചോദ്യങ്ങള്‍ക്കെല്ലാം അന്തിമമായ ഉത്തരങ്ങള്‍ നല്‍കുന്ന ഇടമായി തോന്നിയതുകൊണ്ടാവാം ഇവിടെ തന്നെ എത്തിയതും മുഖത്തു മറ്റൊരിക്കലും കാണാത്ത പ്രസന്നഭാവം വന്നതും. കഴിഞ്ഞ പത്തു വര്‍ഷമായി ഊണിലും ഉറക്കത്തിലും, ഒരോ രോമകൂപത്തേയും അലട്ടുന്നത് അനിയന്റെ മരണത്തെപ്പറ്റിയുള്ള ദുരൂഹതയായിരുന്നു. വിദേശത്തെ ജോലി മതിയാക്കി നാട്ടില്‍ എത്തിയപ്പോഴും അയാളുടെ മനസ്സില്‍ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. ഏതു വിധേനയും അനിയന്റെ മരണത്തിലെ ദുരൂഹതയുടെ ചുരുളഴിക്കുക. ചെറുപ്പത്തിലെ അച്ഛന്‍ മരിച്ചുപോയെങ്കിലും ആ സ്ഥാനത്തുനിന്ന് അവന്റെ കാര്യങ്ങളെല്ലാം നോക്കിയത് രാമകൃഷ്ണനായിരുന്നു. ആ സ്‌നേഹ വാത്സല്യത്തിന്റെ തണലിലായിരുന്നു അനിയനായ ബാലചന്ദ്രനും അനിയത്തി കൗസല്യയും വളര്‍ന്നത്.

സംഗീതാദ്ധ്യാപകനായി പലയിടത്തും പോയിട്ടുണ്ടെങ്കിലും അവസാനം ജോലി ചെയ്തത് ഈ ഗ്രാമത്തിലെ ചെറിയ വിദ്യാലയത്തിലായിരുന്നു. വിളിക്കുമ്പോള്‍ പലപ്പോഴും പറയുമായിരുന്നു ഈ നാടിനെപ്പറ്റിയും, ഈ നാട്ടിലെ ആളുകളെപ്പറ്റിയുമെല്ലാം. ഒരിക്കലും ഈ നാട് വിട്ടുപോകാന്‍ തോന്നുന്നില്ല, എന്നൊക്കെ പറയുമായിരുന്നു. ഈ നാടിനോട് അത്രമേല്‍ ഇഷ്ടം ബാലചന്ദ്രന് തോന്നിയത് എങ്ങനെയാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. അതിന്റെ കാരണങ്ങളെപ്പറ്റി ഒരിക്കല്‍ പോലും ബാലചന്ദ്രന്‍ എന്നോട് പറഞ്ഞിരുന്നില്ല. ഒരുപാട് ഇഷ്ടപ്പെട്ട നാട്ടില്‍ തന്നെ അനിയന് ഇങ്ങനൊരവസ്ഥ വരാന്‍ കാരണം..? ഓരോ നിമിഷവും ചിന്തകള്‍ കാടുകയറി.
 
ബാലചന്ദ്രന്‍ ഇവിടെവെച്ച് കൊല്ലപ്പെടുമ്പോള്‍ രാമകൃഷ്ണന്‍ ഗള്‍ഫിലായിരുന്നു. മരണ വാര്‍ത്തയറിഞ്ഞ് നാട്ടില്‍ വന്നുവെങ്കിലും ശവസംസ്ക്കാരം കഴിഞ്ഞ് ഉടനെ മടങ്ങേണ്ടി വന്നു. പിന്നീട് അവിടുന്ന്, വിളിക്കുമ്പോഴൊക്കെ അന്വേഷണം നടക്കുന്നു എന്നു പറയുന്നതല്ലാതെ ഒരു പുരോഗതിയും കണ്ടില്ല. പോലീസിന്റെ അന്വേഷണം എങ്ങുമെത്താത്ത അവസ്ഥയിലാണ് രാമകൃഷ്ണന്‍ നാട്ടിലേക്ക് വന്നത്.

അങ്ങനെ ബാലചന്ദ്രനില്ലാതെ പത്തു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഈശ്വരന്‍ കനിഞ്ഞു തന്നതായിരുന്നു അവന്റെ സംഗീതം. തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതം മുഴുമിക്കാത്ത രാഗം പോലെയായി തീര്‍ന്നിരിക്കുന്നു. ആ ദുരന്തത്തിന് ശേഷം ഒരിക്കല്‍ പോലും അമ്മ എഴുന്നേറ്റിട്ടില്ല. എപ്പോഴും കിടപ്പു തന്നെ. ആരോടും ഒരു തെറ്റും ചെയ്യാതെ ജീവിതം സംഗീതത്തിലും ഈശ്വരനിലും മാത്രം സമര്‍പ്പിച്ച അനിയന് എങ്ങനെ ഇതു സംഭവിച്ചു..? ആരാണ് ഈ ക്രൂരത ചെയ്തത്..? പ്രതികാരത്തിന് വേണ്ടി ഒന്നുമല്ല. എങ്കിലും സത്യമറിയുക, അത്രമാത്രം. അതു മാത്രമായിരുന്നു രാമകൃഷ്ണന്റെ മനസ്സില്‍.

ആ നാട്ടില്‍ പലയിടത്ത് അന്വേഷിച്ചിട്ടും വാടകയ്ക്ക് ഒരു വീടു കിട്ടാതെ വന്നപ്പോഴാണ് വര്‍ഷങ്ങളായി താമസമില്ലാത്ത ആ വലിയ ഇല്ലത്ത് താമസമാക്കിയത്. ഇല്ലം നോക്കാന്‍ ഏല്‍പ്പിച്ച രാമന്‍നായര് തന്നെയായിരുന്നു ഇത് ഏര്‍പ്പാടാക്കി തന്നത്. പലപ്പോഴും വാടകയ്ക്ക് കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ആരും തന്നെ താമസിക്കാന്‍ ധൈര്യപ്പെട്ടില്ല. കാരണം മറ്റൊന്നുമല്ലായിരുന്നു. അനേകം മുറികളുള്ള വലിയൊരു നാലുകെട്ടില്‍, ഒരു കുടുംബത്തിന് താമസിക്കുന്നതിന് അധികമായിരുന്നു.

പക്ഷെ രാമകൃഷ്ണന്‍ മറ്റൊന്നും ചിന്തിച്ചിട്ടില്ലായിരുന്നു. അയാളുടെ ചിന്തകള്‍ ഏകമായ ബിന്ദുവില്‍ കേന്ദ്രീകരിച്ചിരുന്നു. മനസ്സില്‍ വര്‍ഷങ്ങള്‍ കൊണ്ട് സംജ്ഞാതമായ ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്തുക. അതെത്ര തന്നെ കഠിനമായിരുന്നെങ്കിലും നേടിയെടുക്കുക എന്ന ദൃഢനിശ്ചയം. ഒരിക്കലും മായാത്ത മഷി പോലെ തലച്ചോറില്‍ ഉറങ്ങിക്കിടന്ന സ്മരണകള്‍, സ്ഫുരണങ്ങളായി ഒരോ നിമിഷങ്ങളിലും ചിന്തകളെ ഉണര്‍ത്തിക്കൊണ്ടിരുന്നു.

വിദേശത്ത് ഫ്‌ലാറ്റുകളില്‍ താമസിച്ച അയാള്‍ക്ക് ആ വലിയ വീടൊരു അത്ഭുതമായിരുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പേയുള്ള വെട്ടുകല്ലുകളും കുമ്മായവും കൊണ്ട് പണിത കെട്ടിടത്തിന്റെ പല ഭാഗങ്ങളും പൊളിഞ്ഞ നിലയിലായിരുന്നു. പോയ കാലത്തു പ്രതാപത്തില്‍ കഴിഞ്ഞതിന്റെ അടയാളങ്ങള്‍ ഒരിക്കലും മായാതെ നാലുകെട്ടിന്റെ അകത്തളങ്ങളില്‍ പലയിടത്തും ദര്‍ശിക്കാനാവും. ആരുടെയൊക്കെയോ കണ്ണുകളില്‍ നിന്ന് ഉതിര്‍ന്നു വീണ ജലകണങ്ങള്‍ ഇവിടുത്തെ ചുവരുകളെ ദു:ഖസാന്ദ്രമാക്കിയിരുന്നു. കോണിപ്പടികളിലൂടെ മുകളിലേക്ക് കയറിയാല്‍ ചിത്രപ്പണിയോടു കൂടിയുള്ള വശ്യസുന്ദരമായ നര്‍ത്തകിയുടെ ചിത്രമുള്ള മറ്റൊരു മുറി. ഒരു കന്യകയുടെ നൈര്‍മല്യത്തോടെ ആരെയും മോഹിപ്പിക്കുന്ന  നര്‍ത്തകിയുടെ പൂര്‍ണ്ണരൂപം. പഞ്ചേന്ദ്രിയങ്ങളെ ഉണര്‍ത്തുന്ന ചിത്രം ശ്രദ്ധാപൂര്‍വം നോക്കിയാല്‍ കണ്ണുകളില്‍ മറഞ്ഞു നില്‍ക്കുന്ന ശോകഭാവം. ചിത്രകാരന്റെ ഭാവനയോ..! അതോ ജീവനുറ്റ സൗന്ദര്യരൂപമോ...! ഒരു നിമിഷം ചിന്തകളെ തടയാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. നിറം മങ്ങിയ കണ്ണാടിയില്‍ പതിഞ്ഞ തന്റെ അവ്യക്തമായ മുഖഭാവത്തെ ജിജ്ഞാസയോടെ ഉപമിക്കാമെന്ന് സ്വയമേ വിചാരിച്ചു. മറ്റു മുറിയിലേക്ക് പോകുമ്പോഴും അജ്ഞാത തീരങ്ങളില്‍ നിന്നുള്ള ശക്തി വീണ്ടും അവിടേയ്ക്ക് തന്നെ ആകര്‍ഷിക്കുന്നതായി തോന്നി, തടുക്കാനാവാത്ത അതീന്ദ്രിയ ശക്തിയായി. മറ്റുമുറികളിലൊന്നും ദര്‍ശിക്കാനാകാത്ത കലാവൈഭവം അയാളെ അമ്പരപ്പിച്ചു. ആരെയും മോഹിപ്പിക്കുന്ന തരുണികളുടെ ചിത്രങ്ങള്‍ മറ്റൊരിടത്തും കണ്ടില്ല. കര സ്പര്‍ശനത്താല്‍ മോഹിച്ച, തുരുമ്പു വന്ന വീണ കമ്പികളില്‍, അയാളുടെ കൈ വിരലുകളാല്‍ ഉത്ഭവമായ ശബ്ദവീചികള്‍ നാലുകെട്ടാകെ പ്രതിധ്വനിച്ചു. അതൊരു വിഷാദ രാഗമായിരുന്നു.

കരാണവന്മാരുടെ പ്രവര്‍ത്തിദോഷം കാരണം നാലുകെട്ടിലെ സന്തതി പരമ്പരകള്‍ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. വ്യത്യസ്ഥങ്ങളായ മരണങ്ങള്‍. ദുരൂഹമായി മരണങ്ങള്‍ കഴിഞ്ഞ പത്തു വര്‍ഷമായി തുടരുന്നു. അവസാനം മരണപ്പെട്ട ഗോവിന്ദ തമ്പുരാന്‍ ഉള്‍പ്പെടെയുള്ളവര്‍. ഒരു കാലത്തിന്റെ ആഢ്യതയുടെ പര്യായം പോലെ, സ്മാരകമായി ആ നാലുകെട്ട് തലയുയര്‍ത്തി നില്‍ക്കുന്നു. പകല്‍ നേരങ്ങളില്‍ പ്രാവുകളുടെ ചിറകടി ശബ്ദങ്ങള്‍, പക്ഷികളുടെ ആരവം, അടുത്തുള്ള സ്കൂളില്‍ നിന്ന് വരുന്ന മണിയടിയൊച്ചകളും, കുട്ടികളുടെ ബഹളവുമെല്ലാം...

മധ്യാഹ്നത്തില്‍ പോലും ഇരുട്ടുവന്നു കവര്‍ന്നെടുക്കുന്ന നാലുകെട്ടിലെ അകത്തളങ്ങള്‍. വെളിച്ചത്തേക്കാള്‍ ഇരുട്ടിനെ സ്‌നേഹിച്ച് അകത്തളങ്ങളില്‍ കഴിഞ്ഞവര്‍. കോണിപ്പടികള്‍ കയറി മുകളില്‍ ചെന്നാല്‍ വടക്കിനിയിലെ മുറി. ആ ഒരുമുറി മാത്രം, എന്തോ വ്യത്യസ്ഥ അനുഭവം തോന്നി. സൂര്യന്റെ പ്രഭാത കിരണങ്ങള്‍ കയറി വരുന്ന, കിഴക്കോട്ട് ദര്‍ശനമുള്ള നിരവധി ജനാലകള്‍. ഒരു പക്ഷെ പ്രഭാതത്തില്‍ സൂര്യ ഭഗവാന്റെ ദര്‍ശനം ആദ്യമെത്തുന്നത് ഇവിടേയ്ക്കായിരിക്കും. ഇവിടെ കിളിവാതില്‍ പോലെ ചെറിയ ജാലകം തുറന്നാല്‍ സുന്ദരമായ ദൃശാനുഭവമാണ്. കിഴക്കിനിയിലെ നടുമുറ്റം. തടികള്‍ കൊണ്ടുണ്ടാക്കിയ വലിയ ജനലഴികള്‍ക്കിടയിലൂടെ അരുണകിരണങ്ങള്‍ സൂചി മുനകളായി പതിക്കുന്നു. സുന്ദരകാവ്യം പോലെ തോന്നിയ ആ മുറി തന്നെ അയാള്‍ തെരഞ്ഞെടുത്തതും അതുകൊണ്ടായിരിക്കാം.    

മഴ തിമിര്‍ത്തു പെയ്യാന്‍ തുടങ്ങിയിരിക്കുന്നു. നാലു ഭാഗത്തുമുള്ള ഓടില്‍ നിന്നൊഴുകിയ മഴ വെള്ളം ശക്തിയായി നടുമുറ്റത്തു വീണു കൊണ്ടിരിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പേ ജീവിച്ച സുന്ദരിയുടെ കരസ്പര്‍ശനമേറ്റ കട്ടിലില്‍ പലതും ചിന്തിച്ച് ആ രാത്രിയില്‍ കിടന്നു. ഇപ്പോള്‍ പുറത്ത് മഴ ചാറി പെയ്യുന്നുണ്ട്. മഴച്ചാറ്റലുകളുടെ നേര്‍ത്ത ശബ്ദം കേട്ട് അയാള്‍ മയങ്ങിപ്പോയി.

രാത്രിയുടെ നിശ്ശബ്ദ യാമങ്ങളില്‍ ഒരു പെണ്‍കുട്ടിയുടെ പദനിസ്വനങ്ങള്‍ കാതുകളില്‍ മുഴങ്ങി. ചിലപ്പോള്‍ ഗദ്ഗദങ്ങളായിരിക്കും. ആ രോധനം അയാളില്‍ ഭയത്തിന്റെ അലയൊലികള്‍ ഉണര്‍ത്തി. ഉണര്‍ന്ന് ചുറ്റിനും കണ്ണുകള്‍ പരതി. എങ്ങും നിശ്ശബ്ദം. വീണ്ടും നിദ്രയിലേക്ക്... ആദ്യ ദിനങ്ങളിലെ രാത്രികള്‍ അങ്ങനെ കടന്നു പോയി. പല രാത്രികളിലും ഇതു പോലെയുള്ള ശബ്ദങ്ങള്‍ കേട്ടു തുടങ്ങി. പകല്‍ സമയങ്ങളില്‍ കൂടുതല്‍ സമയം വീട്ടില്‍ നില്‍ക്കാറില്ല. ബാലചന്ദ്രന്റെ ഈ നാട്ടിലെ സുഹൃത്തുകളെ തേടിയുള്ള അന്വേഷണമായിരിക്കും. അതിനായുള്ള യാത്രകള്‍ കഴിഞ്ഞ് മിക്കവാറും എത്തുമ്പോള്‍ രാത്രിയാവും. കച്ചേരികള്‍ക്കായ് പല ക്ഷേത്രങ്ങളിലും പോകുമായിരുന്ന ബാലചന്ദ്രന്‍ അവസാന കാലങ്ങളില്‍, ഈ നാട്ടിലായിരുന്നു കൂടുതല്‍ കാലവും.
ഒരോ ദിവസത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ നിദ്രകള്‍ക്കായി മാത്രം അയാള്‍ നാലുകെട്ടിന്റ അകത്തളങ്ങളിലേക്ക്. ഉദയാസ്തമയങ്ങള്‍ പലതു കഴിഞ്ഞു. ബാലചന്ദ്രനെപ്പറ്റി കാര്യമായതൊന്നും രാമകൃഷ്ണന് അറിയാന്‍ കഴിഞ്ഞില്ല. കാലങ്ങള്‍ ഏറെ കഴിഞ്ഞതു കൊണ്ടാവണം, ആളുകള്‍ ഇതൊക്കെ മറന്നിരുന്നു. ബാലചന്ദ്രന്റെ ആത്മാവിന് ശാന്തി കിട്ടണമെങ്കില്‍ തന്റെ ചോദ്യങ്ങള്‍ക്ക് പൂര്‍ണ്ണ വിരാമമാകണം. താന്‍ വീട് വിട്ടിറങ്ങുമ്പോള്‍ അമ്മയ്ക്ക് നല്‍കിയ വാക്ക്. അതൊരു വെറും വാക്കായിരുന്നില്ല. ജീവന്റെ വിലയുള്ള വാക്കായിരുന്നു. പൂര്‍ണ ചന്ദ്രന്റെ നിലാവുള്ള രാത്രിയില്‍ ദൂരെ എവിടെ നിന്നോ തിരുവാതിരപ്പാട്ട് കേള്‍ക്കാം. അയാള്‍ പൊടുന്നനെ ഓര്‍ത്തെടുത്തു. ധനു മാസത്തെ തിരുവാതിര. തിരുവാതിരനാളായിരുന്നു അന്ന്. ചെറുപ്പത്തില്‍ മുത്തശ്ശി പറയുന്നത്  കേട്ടിട്ടുണ്ട്. ഇല്ലത്തെ കന്യകമാരായ പെണ്‍കുട്ടികള്‍ വേളി നടക്കാനായി തിരുവാതിര വൃതം എടുക്കുന്നത്. അന്നേനാളില്‍ സൂര്യോദയത്തിന് മുമ്പേ തറവാട്ടുകുളത്തില്‍ പോയി തിരുവാതിരപ്പാട്ട് പാടി തുടിച്ചു കുളിക്കും. രാത്രിയില്‍ തിരുവാതിരകളി, പാതിരാ പൂച്ചൂടല്‍ അങ്ങനെ നീണ്ടു പോകും. ഇല്ലങ്ങളില്‍ ഒരുത്സവഛായ തന്നെയാണ് അന്നാളില്‍. തന്റെ വീട്ടിലെ കാര്യങ്ങളെപ്പറ്റിയെല്ലാം അയാള്‍ ഓര്‍ത്തു. അനിയന്‍ ബാലചന്ദ്രന്റെ ദുഃഖ സ്മൃതികളില്‍ കലുക്ഷിതമായ മനസ്സോടെ കിടന്നുറങ്ങിയ രാമകൃഷ്ണന്‍ മറ്റൊരിക്കല്‍ പോലുമില്ലാത്ത വിചിത്രമായ ചില അനുഭൂതിയിലൂടെ കടന്നുപോയി.
തന്നെ അജ്ഞാതമായ ഒരു ശക്തി എങ്ങോട്ടോ കൂട്ടിക്കൊണ്ടുപോകുന്നു. വര്‍ഷങ്ങളായി അടച്ചിട്ട നാലുകെട്ടിന്റെ വടക്കേ കോണിലുള്ള മുറിയിലേക്ക്. മുന്നോട്ട് നടക്കും തോറും അയാളില്‍ ഭീതി വര്‍ദ്ധിച്ചു വന്നു. പിന്തിരിയാനാകാതെ മുന്നോട്ട് തന്നെ നടത്തി ഒരു മുറിയിലേക്ക് തള്ളിയിട്ടു. എവിടെയാണെറിയാതെ അയാള്‍ പരതി. ഭയം ഒരോ നിമിഷങ്ങളിലും അയാളെ മദിച്ചു കൊണ്ടിരുന്നു. എങ്ങനെയോ ആ രാത്രിയില്‍ അവിടെ കിടന്നുറങ്ങി. പ്രഭാതത്തില്‍ സൂര്യ കിരണങ്ങള്‍ പൊളിഞ്ഞ ജനല്‍പ്പാളികള്‍ക്കിടയിലൂടെ വടക്കിനിയിലുള്ള ആ മുറിയിലേക്ക് പ്രവേശിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് അയാള്‍ക്ക് എല്ലാം കാണാന്‍ കഴിഞ്ഞത്. വലിയ മുറിയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വസ്തുക്കളുടെ ഇടയില്‍, തൂക്കുവിളക്കുകള്‍, ഓട്ടുപാത്രങ്ങള്‍, നിലവിളക്കുകള്‍, കുത്തുവിളക്കുകള്‍, കല്‍ഭരണികള്‍, അമൂല്യമായതും വിശേഷപ്പെട്ടതുമായാ ആഭരണങ്ങളും ഉടയാടകളും. ഈ വലിയ ഇല്ലത്ത് ഇത്രയും വിലപിടിപ്പുള്ള അമൂല്യ ശേഖരങ്ങള്‍ എങ്ങനെയാണ് ആരുടെയും കണ്ണുകളില്‍പെടാതെ പോയത്. ഒരു പക്ഷെ ഇല്ലത്ത് വര്‍ഷങ്ങള്‍ക്കു മുമ്പേ താമസിച്ചവരുടെ ഉപയോഗശൂന്യമായ വസ്തുക്കള്‍ കൂട്ടി ഇട്ടതായിരിക്കാം. അയാള്‍ ഊഹിച്ചു.

പൊടിയും, മാറാലകളും പറ്റിപ്പിടിച്ചു കിടക്കുന്ന ഒരുകൂട്ടം വസ്തുക്കള്‍ക്കിടയില്‍ ചെമ്പു തകിടില്‍ ചിത്രപ്പണികളോടു കൂടിയുള്ള ചെറിയ പെട്ടി അയാളുടെ ശ്രദ്ധയില്‍പ്പെട്ടു. ക്ലാവു പിടിച്ചു മങ്ങിപ്പോയ ചിത്രപ്പണികളോടു കൂടിയ ആമാണപ്പെട്ടി അയാളില്‍ കൗതുകമുണര്‍ത്തി. വിലപിടിപ്പുള്ള മറ്റു പലതും ശ്രദ്ധയില്‍പെട്ടെങ്കിലും ചിത്രപ്പണിയുള്ള പെട്ടി അയാളില്‍ കൂടുതല്‍ താല്പര്യം ജനിപ്പിച്ചു. ഒരിക്കല്‍ നിധി പോലെ ആരോ കാത്തുവച്ചതായിരിക്കാം. രാമകൃഷ്ണനങ്ങനെ തോന്നാന്‍ മറ്റു കാരണങ്ങളൊന്നും ഇല്ലെങ്കില്‍ കൂടി ഒരു നിമിഷം അങ്ങനെ തോന്നി. അജ്ഞാതമായ എന്തോ ഒന്ന് ചിലപ്പോള്‍ അയാളില്‍ ചിന്തകള്‍ ഉണര്‍ത്തിയതായിരിക്കും. അരികില്‍ വച്ചിരുന്ന താക്കോല്‍ എടുത്ത് തുറന്നപ്പോള്‍ കണ്ടത് മനോഹരമായ ഒരു ഡയറിയായിരുന്നു. സുന്ദരമായ കൈപ്പടയില്‍, നിറയെ എഴുതിയ താളുകള്‍. ഓരോ താളുകളിലും പെന്‍സില്‍ ഡ്രോയിങ്, ചിലയിടങ്ങളില്‍ കളര്‍ പെന്‍സിലും ഉപയോഗിച്ചിരുന്നു. അയാള്‍ വളരെ ആവേശത്തോടെ വായിച്ചു തുടങ്ങി.
വിരസമായ പകലുകള്‍ക്കു ശേഷം നല്ലൊരു ദിവസം കൂടി കടന്നുപോയിരിക്കുന്നു. നിലാവുള്ള രാത്രിയില്‍ ഞാനിതെഴുതുമ്പോള്‍ ഒരുപാട് സുഖമുള്ള മുഹൂര്‍ത്തങ്ങളാണ് ഇന്നെനിക്ക് സമ്മാനിച്ചത്. പാലപ്പൂക്കള്‍ സുഗന്ധം പരത്തുന്ന രാത്രി. അനുരാഗത്തിന്റെ തീഷ്ണതയില്‍ പാലപ്പൂക്കളുടെ ഗന്ധത്തിന് എന്തന്നില്ലാത്ത വശ്യത. വളരെ നാളുകള്‍ക്കു ശേഷമുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന്റെ മൂന്നാം ദിനമായിരുന്നു ഇന്ന്. കൈയില്‍ മൈലാഞ്ചി പതിപ്പിച്ച്, കുപ്പിവളകടകളിലും ചിന്തിക്കടയിലും അനിയത്തിയോടും കൂട്ടുകാരികളുമൊത്ത് കണ്ടു നടക്കുമ്പോഴായിരുന്നു, ക്ഷേത്രാങ്കണത്തിലെ ആലിലകളില്‍ തട്ടി വരുന്ന സ്വരവീചികള്‍ കാതുകളില്‍ പതിച്ചത്. ആ സപ്ത സ്വരങ്ങളില്‍ മതിമറന്ന് അല്പനേരം നിന്നു.

"മീനാക്ഷി... മീനാക്ഷി... നീ അവിടെ എന്തെടുക്കാ... കിനാവു കണ്ടു നിക്കാണോ'' പോണ്ടേ... ഇല്ലത്തൂന്ന് പോന്നപ്പോള്‍ പറഞ്ഞതാ നേരത്തെ വരണമെന്ന്..." അമ്മ ഇപ്പോ അന്വേഷിക്കണുണ്ടാവും...'' സൂര്യയുടെയും ആതിരയുടെയും വിളി കേട്ടാണ് ഒരു സ്വപ്നാടനത്തിലെന്ന പോലെ നിന്ന ഞാന്‍ ഉണര്‍ന്നത്. അല്പനേരം മറ്റൊരു ലോകത്തായതു പോലെ... ആ രാഗോന്മാദത്തില്‍ ഏതൊരു പെണ്‍കുട്ടിയും അനുരാഗ വിലോലയാകും. ആരുടെയും ഹൃദയം മോഷ്ടിക്കുന്ന സംഗീതം... ആ സ്വരങ്ങള്‍ എന്നില്‍ മോഹനരാഗമായി മാറിയിരുന്നു.
""എടി, നമ്മുക്ക് അവിടെ വരെയൊന്ന് പോകാം. ആ കച്ചേരി ഒന്നു കണ്ടിട്ടു പോകാം.''
""ഇല്ലത്തു ചെല്ലുമ്പോള്‍ അമ്മേടെ വഴക്ക് നീ കേട്ടോണം.'' അല്പം നീരസത്തോട് കൂടി സൂര്യ പറഞ്ഞു.
ആതിരെയും സൂര്യയെയും കൂട്ടി അമ്പലമുറ്റത്തേക്ക് നടന്നു. ആസ്ഥാനമണ്ഡപത്തില്‍ സംഗീതാര്‍ച്ചന നടക്കുകയാണ്. നിറഞ്ഞ സദസ്സ്. അല്പനേരം കണ്ടു നിന്നു. അവിടെവെച്ചായിരുന്നു ബാലചന്ദ്രനെ ആദ്യമായി കാണുന്നത്.

പൊടുന്നനെ അതിലെ വരികള്‍ അഗ്‌നിഗോളങ്ങളായി രാമകൃഷ്ണന്റെ ഹൃദയത്തിലേക്ക് വന്നു വീണു. ""ബാലചന്ദ്രന്‍...'' രാമകൃഷ്ണന്റെ മനസ്സില്‍ മൗനം നിറഞ്ഞു. ഡയറിത്താളുകള്‍ മടക്കി വെച്ച് അയാള്‍ അല്പനേരം കസേരയില്‍ ചാരിയിരുന്നു ചിന്തകളിലേക്ക് മുഴുകി. ഒരു പക്ഷെ ഡയറിത്താളില്‍ എഴുതിയ ബാലചന്ദ്രന്‍ തന്നെയാകുമോ ഞാന്‍ അന്വേഷിക്കുന്ന അനുജന്‍ ബാലചന്ദ്രന്‍...? പിന്നീടയാള്‍ ഒട്ടും താമസിച്ചില്ല. ഓര്‍മ്മക്കുറിപ്പിലെ ഒരോ വരികളും സശ്രദ്ധം വായിച്ചു.

ആ സംഗീതാര്‍ച്ചന അല്പനേരമേ കേട്ടുവെങ്കിലും ആ സ്വരങ്ങള്‍ എന്റെ ഹൃദയത്തില്‍ തഴുകിയായിരുന്നു കടന്നുപോയത്. താമസിച്ചു പോയതോര്‍ത്ത് ധൃതിയില്‍ വീട്ടിലേക്ക് നടക്കുമ്പോഴും ആ ശബദ്ത്തിനുടമ ആരായിരുന്നു എന്നറിയാന്‍ ഏറെ മോഹിച്ചു. ഈ രാത്രിയില്‍ ഞാനീ ഡയറി എഴുതുമ്പോള്‍, ആദ്യമായി കണ്ട മാത്രയില്‍ അനുരാഗം നിറയുന്ന ഒരു പെണ്ണിന്റെ മനസ്സായിരുന്നു.

പിന്നീടൊരിക്കല്‍ അച്യുതമാമന്റെ കൂടെ ബാലചന്ദ്രന്‍ ഇല്ലത്തു വന്നു. കൂടെ മാമന്റെ മകന്‍ ശേഖരനും ഉണ്ടായിരുന്നു. പൂമുഖത്തിരുന്നവര്‍ സംസാരിക്കുകയായിരുന്നു. അവരുടെ സംസാരങ്ങള്‍ അകത്തെ മുറിയിലിരുന്നു ഞാന്‍ കേട്ടു.
"സ്കൂളിലെ പുതിയ സംഗീതാദ്ധ്യാപകനാ ബാലചന്ദ്രന്‍ ". അച്ഛനെ പരിചയപ്പെടുത്തി."" നമ്മുടെ വടക്കേ പുറത്തുള്ള ഒഴിഞ്ഞ വീട്ടിലാ ഇപ്പോ താമസം.''
കാണാന്‍ ഒന്നു പൂമുഖത്തേക്ക് വരണമെന്നുണ്ടായിരുന്നു. പക്ഷെ ആണുങ്ങള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ ഇല്ലത്തെ സ്ത്രീകള്‍ ആരും അങ്ങോട്ടു പോകില്ല. എങ്കിലും അവരുടെ സംസാരങ്ങള്‍ക്കായി കാതുകള്‍ കൂര്‍പ്പിച്ചിരുന്നു.

തിരികെ പോയപ്പോള്‍ വടക്കിനിയിലെ മുറിയില്‍ ജനലഴികള്‍ക്കിടയിലൂടെ കണ്ടു. പടിപ്പുരയ്ക്കരികില്‍, ചെമ്പകപ്പൂക്കള്‍ വീണു കിടക്കുന്ന വഴിത്താരയിലൂടെ നടന്നു നീങ്ങുന്ന ബാലചന്ദ്രനെ... ചെമ്പകപ്പൂക്കള്‍ക്ക് ഇത്രയേറെ മനോഹാരിത മറ്റൊരിക്കല്‍ പോലും കണ്ടിരുന്നില്ല. പിന്നീട് പലപ്പോഴും ഞാന്‍ ചെമ്പകച്ചുവട്ടില്‍ പോയി ചെമ്പകപ്പൂക്കളെ നോക്കി നില്‍ക്കും. നിലത്തു വീണ ചെമ്പകപ്പൂക്കള്‍ പെറുക്കിയെടുക്കും.

ഇല്ലവുമായി കുറച്ചു ദൂരമേ ഉള്ളൂ വടക്കേപുറത്തേ വീടുമായി. രാത്രികാലങ്ങളില്‍ കീര്‍ത്തനങ്ങള്‍ പാടുന്നതു കേള്‍ക്കാം. ഇരുത്തം വന്ന ഭാഗവതരുടെ സ്വരശുദ്ധി, രാത്രിയുടെ നിശ്ശബ്ദതയില്‍ ശുദ്ധ സംഗീതം എനിക്കെന്നും കൂട്ടായിരുന്നു. സപ്ത സ്വരങ്ങളില്‍ ലയിച്ച് ഉറങ്ങി പോകും.

വീണ്ടും ഞങ്ങള്‍ പലയിടത്തും കണ്ടു മുട്ടി, ബസ്സില്‍ വച്ചും, പാതയോരത്തും, അമ്പല മുറ്റത്തുമൊക്കെ. പതിയെപ്പതിയെ എന്റെ മനസ്സില്‍ അനുരാഗം ഉണര്‍ന്നു. പ്രണയത്തെപ്പറ്റിയും സൗന്ദര്യത്തെപ്പറ്റിയും പലപ്പോഴും സാഹിത്യ ഭംഗിയില്‍ ബാലചന്ദ്രന്‍ വര്‍ണ്ണിക്കുമായിരുന്നു. കവിഭാവന പോലെ... കാവ്യാത്മകമായി... ആ ഭാവനയില്‍ ഞാന്‍ ലയിച്ചു ചേരും.
"പ്രണയിക്കുന്നിന്നു ഞാന്‍ നിന്നെ
ഒരോ നിമിഷങ്ങളിലും കൊതിയോടെ
നിന്റെ കണ്ണുകള്‍ക്കുമുണ്ടൊരു വശ്യത
ആരെയും മോഹിപ്പിക്കും വശ്യത'

"പ്രത്യുഷ നിദ്രയില്‍ നിന്നുടെ മേനിയില്‍
ഒരു വര്‍ണ്ണ പതംഗമായി
പറ്റിപ്പിടിച്ചിരിക്കാന്‍
നിന്നുടെ മുകുളങ്ങളില്‍ തൊട്ടുരുമാന്‍ '

'ഇതളുകളില്‍ തലോടി പോകുന്ന
കരിവണ്ടായി മാറാന്‍
മോഹിക്കുന്നിന്നു ഞാന്‍
ആ സ്വപ്ന മുഹൂര്‍ത്തത്തിനായി'

എഴുതിയ കവിതകള്‍ ബാലചന്ദ്രന്‍ ഭാവസാന്ദ്രമായി ചൊല്ലുന്നത് കേട്ടിരുന്നുപോകുമായിരുന്നു. എനിക്കു തന്ന പ്രണയ ലേഖനങ്ങളെല്ലാം ഇതുപോലെ കവിത തുളുമ്പുന്ന വരികളായിരുന്നു കൂടതലും. അതിലെ വരികള്‍ വീണ്ടും വീണ്ടും വായിക്കും.
ഋതുക്കള്‍ പലതു കഴിഞ്ഞു. പുമുഖത്ത് ചെമ്പകത്തിന് കൂടുതല്‍ ശിഖരങ്ങളും അവയിലെല്ലാം പൂക്കളും വന്നുകൊണ്ടിരുന്നു. ഞങ്ങളുടെ പ്രണയവും കൂടുതല്‍ തീവ്രമായിക്കൊണ്ടിരുന്നു. അതിനിടയില്‍  അച്ഛന്‍ കൊണ്ടുവന്ന പല ആലോചനകളും അമ്മയും അമ്മാവന്‍മ്മാരും പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കും. കുറെ കഴിഞ്ഞായിരുന്നു ഇതിന്റെ കാരണം മനസ്സിലായത്. അച്യുതമാമ്മന്റെ മകന്‍ ശേഖരനെക്കൊണ്ട് വിവാഹം കഴിപ്പിക്കണം. അതായിരുന്നു അവരുടെ ഉദ്ദേശം. ബന്ധം കൊണ്ട് മീനാക്ഷിയുടെ മുറച്ചെറുക്കനായിരുന്നു ശേഖരന്‍. കൈയില്‍ നിറയെ ദുഷ്പ്രവര്‍ത്തികളായിരുന്നു. പലപ്പോഴും അയാളുടെ പ്രവൃത്തികള്‍  മീനാക്ഷിക്ക് അരോചകമായി തോന്നും. ഇതിനോടകം തന്നെ ഞങ്ങളുടെ ബന്ധത്തെപ്പറ്റി എല്ലാവരും അറിഞ്ഞിരുന്നു.
സ്വത്തുക്കള്‍ അന്യരുടെ കൈകളില്‍ പെടാതിരിക്കാന്‍ അമ്മാവന്മാര്‍ ഞങ്ങളുടെ ബന്ധത്തെ എതിര്‍ത്തു. ശേഖരന്‍ പലപ്പോഴും ബാലചന്ദ്രന് നേരെ ഭീഷണി വാക്കുകള്‍ ഉയര്‍ത്തി. ഒരിക്കല്‍ ബാലചന്ദ്രനെ അക്രമിച്ച്  ഇല്ലാതാക്കാന്‍ പദ്ധതി ഇട്ടു.
ദൂരെയെവിടെയോ പരീക്ഷാ ഡ്യൂട്ടി കഴിഞ്ഞ് ഇരുട്ടിന്റെ മറപറ്റി പാടവരമ്പും കഴിഞ്ഞ് ഇടവഴിയില്‍ കൂടി വീട്ടിലേക്ക് പോകുകയായിരുന്നു ബാലചന്ദ്രന്‍. പൊന്തക്കാട്ടില്‍ നിന്ന് ഇലയനക്കം കേട്ടാണ് നിന്നത്. ചുറ്റുപാടും പരതി. പൊടുന്നനെ കത്തിയുമായി രണ്ടു പേര്‍ ബാലചന്ദ്രന്റെ നേരേ പാഞ്ഞടുത്തു. ഇടത്തോട്ട് ഒഴിഞ്ഞു മാറിയതു കൊണ്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വീണ്ടും ഇരുവരും പാഞ്ഞുവന്ന് ചാടിച്ചവിട്ടിക്കൊണ്ട് ബാലചന്ദ്രനെ നിലത്തിട്ടു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഒരു നിമിഷം പതറിയെങ്കിലും മനസാന്നിധ്യം വീണ്ടെടുത്ത ബാലചന്ദ്രന്‍ തയാറായി. വീണ്ടും അവര്‍ ബാലചന്ദ്രന്റെ നേരെ അടുത്തു. മുഷ്ടി ചുരുട്ടി വന്ന അവരില്‍ നിന്ന് ഒഴിഞ്ഞു മാറി കൈമുട്ടു കൊണ്ട് നെഞ്ചോട് ചേര്‍ത്ത് ശക്തമായി ഇടിച്ചു. ആ ശക്തിയില്‍ ഇരുവരും പൊന്തക്കാട്ടിലേക്ക് തെറിച്ചു വീണു. ഇവരെ കൂടാതെ വീണ്ടും രണ്ടുപേര്‍ ഇരുട്ടിന്റെ മറയില്‍ നിന്ന് ബാലചന്ദ്രന്റെ നേരേ തിരിഞ്ഞു. വടി കൊണ്ട് ആക്രമിക്കാന്‍ ഓങ്ങിവന്ന അവരുടെ വടി രണ്ടും പിടിച്ച് ബാലചന്ദ്രന്‍ അവര്‍ക്കു നേരേ അടുത്തു. അല്പനേരം സംഘര്‍ഷം നടന്നു. വടി കൊണ്ടുള്ള പ്രത്യാക്രമണത്തില്‍ മീനാക്ഷിയുടെ അമ്മാവനയച്ച ഗുണ്ടകള്‍ നാലുപാടും ചിതറിയോടി.

അതൊരിക്കല്‍, അതിന് ശേഷം എവിടെ പോയാലും കൈയിലൊരു കത്തി കരുതുമായിരുന്നു. ആത്മരക്ഷയ്ക്കായി. പിന്നീട് പല തവണ അമ്മാവമ്മാരുടെ ആളുകളെ കൊണ്ട് ഇങ്ങനെയുള്ള ഏറ്റുമുട്ടലുകള്‍ ഉണ്ടായി. ഒരോ അക്രമണത്തില്‍ നിന്നും ബാലചന്ദ്രന്‍ സാഹസികമായി രക്ഷപെട്ടുകൊണ്ടിരുന്നു.

ബാലു എല്ലാ കാര്യവും എന്നോട്  തുറന്നു പറയുമായിരുന്നു. എന്തു സംഭവിച്ചാലും മീനാക്ഷിയുടെ ജീവിത്തില്‍ കൂടെയുണ്ടാകുമെന്ന് ഉറപ്പുതരും. ആ ധൈര്യം എന്റെ മനസ്സിന് പ്രണയത്തിന്റെ ആഴങ്ങളിലേക്ക് കൂട്ടികൊണ്ടു പോയി. അനിഷ്ട സംഭവങ്ങള്‍ വീണ്ടും സംഭവിക്കാതിരിക്കാന്‍ ഭഗവാനൊരു പുഷ്പാജ്ഞലി കഴിക്കും. ചുറ്റമ്പലത്തിന്‍ അരികിലൂടെ നടക്കുമ്പോള്‍, ഒരോ മണ്‍ചിരാതുകളുടെ ദീപനാളങ്ങളിലും ബാലുവിനെ ഞാന്‍ കാണുമായിരുന്നു. ആ സ്വരങ്ങള്‍ എന്റെ കാതുകളിലായിരുന്നില്ല പതിച്ചത് മനസ്സിലായിരുന്നു. മനസ്സിന്റെ ആഴങ്ങളിലേക്ക്....

വീണ്ടും അമ്മാവനും മകന്‍ ശേഖരനും ബാലചന്ദ്രന്‍നോട് ലോഹ്യം നടച്ചു തുടങ്ങി. ഒരിക്കല്‍ അമ്മാവന്റെയും ശേഖരന്റെയും കൂടെ ഇല്ലത്തു വന്നു. ഏറെ സന്തോഷത്തോടെയാണ് അന്ന് കണ്ടത്. പിണക്കങ്ങളെല്ലാം മാറിയല്ലോ... എന്റെയും ബാലചന്ദ്രന്റെയും കാര്യത്തില്‍ ശുഭകരമായ എന്തോ ഒന്ന് സംഭവിക്കുകയാണന്നാ എന്റെ മനസ്സ് പറഞ്ഞത്. ആ സ്‌നേഹം ഒരു നാടകം മാത്രമെന്ന് അറിയാന്‍ ഏറെ വൈകിയിരുന്നു.

അന്നായിരുന്നു അവസാനമായി കണ്ടത്. ആ ദിവസത്തിന് ശേഷം പിന്നീടൊരിക്കലും ബാലചന്ദ്രനെ ആരും ഈ നാട്ടില്‍ കണ്ടിട്ടില്ല. രണ്ടു ദിവസത്തിന് ശേഷം കോളേജില്‍ പോയി വരുമ്പോഴാണ് പുഴയില്‍ ഒരു ജഡം പൊങ്ങിയ വിവരം അറിയുന്നത്. അത് ബാലചന്ദ്രന്‍ മാഷിന്റേതാണെന്ന് അറിഞ്ഞപ്പോള്‍ തകര്‍ന്നു പോയി. വ്യസനപ്പെട്ട മനസ്സുമായിട്ടാണ് കോളേജില്‍ നിന്ന് ഇല്ലത്തേയ്ക്ക് വന്നത്. ആ കണ്ഠത്തില്‍ നിന്ന് വരുന്ന സ്വരങ്ങള്‍ ഒരിക്കല്‍ കൂടി കേള്‍ക്കാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത് കിടന്നു. ജീവിതത്തിലെ ദുഃഖകരമായ നിമിഷങ്ങളിലൂടെയായിരുന്നു ഞാന്‍ കടന്നുപോയത്.

ഞാനിന്നീ ഡയറി താളുകളില്‍ എഴുതുമ്പോള്‍ മനസ്സിന്റെ സഞ്ചാരങ്ങള്‍ ആര്‍ത്തലച്ചു വരുന്ന സമുദ്രത്തിലെ തിരമാല പോലെയായിരുന്നു. ബാലചന്ദ്രനെ കണ്ട നാള്‍ മുതല്‍ മറ്റേതോ ലോകത്തായിരുന്നു ഞാന്‍. എന്നിലെ മിഴിനീര്‍കണങ്ങള്‍ ഉതിര്‍ന്ന് വീണ് ഡയറി താളുകളില്‍ മഷി പടര്‍ത്തിയിരുന്നു. ഇപ്പോള്‍ തോന്നും എന്തിനാണ് ഞാന്‍ ബാലചന്ദ്രനിലേക്ക് അടുത്തത്. എന്നില്‍ നിന്ന് അകറ്റാനാണ് നിയോഗമെങ്കില്‍, ഈശ്വരാ എന്തിനായിരുന്നു... എന്തിനായിരുന്നു ഇതെല്ലാം... എന്റെ മോഹങ്ങള്‍ ബാലചന്ദ്രനുമായി പങ്കുവച്ചത്. ഡയറി താളുകളില്‍ മുഖമമര്‍ത്തി പൊട്ടിക്കരഞ്ഞു. ആലോചിക്കുമ്പോള്‍ ഒന്നിനും ഒരുത്തരവും ഇല്ല. ചോദ്യങ്ങള്‍ മാത്രം. ജീവിതം അര്‍ത്ഥശൂന്യമായ നിമഷങ്ങളിലൂടെയായിരുന്നു കടന്നുപോയത്. ഡയറി അടച്ചുവെച്ച് ജനലഴികള്‍ക്കിടയിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ പൂമുഖത്ത് ചെമ്പകത്തിന്റെ ഇലകളെല്ലാം പൊഴിഞ്ഞു നില്‍ക്കുന്നു. വസന്തകാലം അടര്‍ന്നു വീണ പോലെ...
ഡയറിയിലെ ആ വാക്കുകള്‍ രാമകൃഷ്ണന്റെ കണ്ണുകള്‍ സജലങ്ങളാക്കി. താന്‍ എന്തിന് വേണ്ടിയായിരുന്നോ ഈ നാട്ടില്‍ വന്നത് അതിനുള്ള ഉത്തരം കിട്ടിയിരിക്കുന്നു. ആ ഉത്തരം കണ്ണുകളില്‍ ഈറനണിയിക്കുന്നതായിരുന്നു. ഒരു ദീര്‍ഘനിശ്വാസത്തോടെ കസേരയിലേക്ക് അയാള്‍ ചാരി ഇരുന്നു. ബാലചന്ദ്രന്‍ മരണപ്പെട്ടു എന്നല്ലാതെ എങ്ങനെ മരിച്ചു എന്ന് അതില്‍ കണ്ടില്ല. വീണ്ടും അയാള്‍ വായിച്ചു തുടങ്ങി.

വീട്ടുകാരെല്ലാവരും ചേര്‍ന്ന് അമ്മാവന്റെ മകന്‍ ശേഖരനുമായുള്ള വിവാഹം ഉറപ്പിച്ചിരുന്നു. അച്ഛന് ഈ ബന്ധത്തിന് ഒട്ടും തന്നെ താല്പര്യമില്ല. ഒരിക്കലും ഇഷ്ടം തോന്നാതെ, മനസ്സില്‍ എന്നും വെറുപ്പോടെ മാത്രം കണ്ടിരുന്ന ആളോടൊപ്പം ജീവിതകാലം മുഴുവനും കഴിയുക എന്നു വെച്ചാല്‍ ചിന്തിക്കാന്‍ പോലും എനിക്കാവുന്നില്ല. ഇല്ലത്തെ സ്വത്തിലും എന്റെ ശരീരത്തിലുമാണ് അയാളുടെ കണ്ണ്. അയാള്‍ക്ക് വേണ്ടതും അതു തന്നെ. വാര്യത്തെ ജാനകിയുമായി ചില രഹസ്യ ബന്ധങ്ങളുണ്ടെന്നും അതിലൊരു കുട്ടിയുണ്ടെന്നുമൊക്കെ നാട്ടില്‍ പരക്കെ സംസാരം ഉണ്ട്. അയാളെപ്പറ്റി ഓര്‍ക്കുന്നതു തന്നെ വെറുപ്പാണ്. എന്തെല്ലാം വൃത്തികേടുകളാണ് കാണിച്ചു കൂട്ടിയത്.
ബാലചന്ദ്രന്‍ ഇല്ലാത്ത നാള്‍ മുതല്‍ എഴുതിക്കൊണ്ടിരിക്കുന്ന ഈ ഡയറിയില്‍ കണ്ണുനീര്‍ വീഴാത്ത ഒരു താളു പോലും ഉണ്ടായിരുന്നില്ല. ഇന്നാണ് ധനു മാസത്തെ തിരുവാതിര. ബാലചന്ദ്രന്‍ ഇല്ലാതെ ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. നിറയെ ദീപാലകൃതമാക്കിയ ഇല്ലത്തെ പൂമുഖം. ദൂരെ നിന്ന് വന്ന ബന്ധുക്കളും കുട്ടികളുമായി നിറയെ ആളുകള്‍. തിരുവാതിര നാളിലെ ചടങ്ങുകള്‍ എല്ലാം കഴിഞ്ഞപ്പോള്‍ സന്ധ്യയോടടുത്തിരുന്നു. വെണ്ണക്കല്‍ ശില്‍പം പോലെയുള്ള ശരീരത്തില്‍ പച്ചനിറമുള്ള പട്ടുടയാടകളും വിലപിടിച്ച ആഭരണങ്ങളും അണിഞ്ഞ്  മീനാക്ഷി സുന്ദരിയായി മാറി. ഏറെ നാളുകള്‍ക്കു ശേഷമാണ് മീനാക്ഷി ഇത്രയും ഭംഗിയായി അണിഞ്ഞൊരുങ്ങിയത്.

സന്ധ്യയ്ക്ക് വിശേഷപ്പെട്ട തിരുവാതിരകളി കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നപ്പോഴാണ് പൂമുഖത്ത് അച്ഛന്റെയും അമ്മാവന്‍മ്മാരുടെയും മദ്യപസദസ്സ് നടക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ഇല്ലത്തെ സ്ത്രീകളെല്ലാം നിദ്രയിലാണ്ടു. ഉറങ്ങാന്‍ കിടന്നെങ്കിലും ഓര്‍മ്മകള്‍ വീണ്ടും വീണ്ടും എന്റെ ഹൃദയത്തിന്റെ വാതിലില്‍ മുട്ടി വിളിക്കുന്നു. ബാലചന്ദ്രനെപ്പറ്റിയോര്‍ത്തപ്പോള്‍ കണ്ണുകളില്‍ നനവു പടര്‍ത്തി. പൂമുഖത്ത് ഉച്ചത്തിലുള്ള സംസാരവും അട്ടഹാസവുമായി എല്ലാവരുമുണ്ട്. പലതും ഓര്‍ത്ത് കിടന്നപ്പോഴാണ് പൂമുഖത്തെ അവരുടെ സംസാരം ശ്രദ്ധയില്‍പ്പെട്ടത്. അവരുടെ സംസാരങ്ങളില്‍ കാതുകൂര്‍പ്പിച്ചിരുന്നു.
""ഏതായാലും ഒരുത്തന്റെ ശല്യം തീര്‍ന്നു. ഭാഗവതര് വല്ലോം ഇവിടെ വന്നു സംബന്ധം കൂടിയിരുന്നെങ്കില്‍ എന്തായിരിക്കും അവസ്ഥ..''
""ഏതായാലും ഗോവിന്ദേട്ടന്‍ അങ്ങനെ ചെയ്തതു നന്നായി. എവിടുന്നോ വന്നവനൊക്കെ ഇവിടുത്തെ സ്വത്ത് കൊണ്ടോന്നു വച്ചാല്‍ എന്താ ചെയ്ക. ഇല്ലത്തെ കുട്ടിയെ തന്നെ മോഹിച്ചുള്ളു... അതിമോഹമല്ലാതെന്തു പറയാന്‍.. അവസാനം അവളുടെ കൈ കൊണ്ടു തന്നെ മരിക്കാനായിരുന്നു അവന്റെ യോഗം...''എല്ലാവരും ഉച്ചത്തില്‍ അട്ടഹസിച്ചു.
""അന്ന് ലോഹ്യത്തില്‍ ബാലചന്ദ്രനെ ഇവിടെ വിളിച്ചു വരുത്തിയത് നന്നായി. ആഹാരം വിളമ്പി, ബാലചന്ദ്രനായി മാത്രം മാറ്റിവച്ച മദ്യത്തില്‍ വിഷം കലര്‍ത്തിയതു ഞാനായിരുന്നു.''
ഗോവിന്ദമാമന്റെ ആ വാക്കുകള്‍ ഇടിത്തീ പോലെ മീനാക്ഷിയില്‍ തറച്ചു.
""മീനാക്ഷിയെ വിളിച്ച് അവളെ കൊണ്ട് തന്നെയാണ് ബാലചന്ദ്രന് കൊടുത്തത്. അങ്ങനെ മീനാക്ഷിയുടെ കൈകൊണ്ട് തന്നെ മരിക്കാനായിരുന്നു അവന്റെ യോഗം.''
അവരുടെ സംസാരം കേട്ട മീനാക്ഷി ഒരു വേള സ്തബ്ധയായി. കണ്ണുകളില്‍ ഇരുട്ട് കയറി തുടങ്ങിയപ്പോഴേക്കും ജനലഴികളില്‍ പിടിച്ച് നിന്നു. ഏറ്റവും സ്‌നേഹിക്കുന്നയാളെ കൊടും ചതിയിലൂടെ ഇല്ലാതാക്കാന്‍ താനൊരു നിമിത്തം ആയല്ലോ ഈശ്വരാ... സ്വയമെ ശാപ വാക്കുകള്‍ ചൊരിഞ്ഞ് കട്ടിലില്‍ കിടന്ന് പൊട്ടിക്കരഞ്ഞു.
ഡയറിയിലെ ഒരോ താളുകള്‍ മറിക്കുമ്പോഴും രാമകൃഷ്ണന്റെ കണ്ണുകള്‍ ഈറനണിയിച്ചു കൊണ്ടിരുന്നു. മീനാക്ഷിയുടെ പിന്നീടുള്ള ഒരോ വാക്കുകളും എന്തോ ഒന്നുറപ്പിച്ച പോലെയായിരുന്നു.
എന്നിലെ സ്‌നേഹത്തെ അടര്‍ത്തിയെടുത്തവര്‍ക്ക് ഞാന്‍ തന്നെ ശിഷ വിധിക്കും. എന്റെ ശരീരവും മനസ്സും ഒരിക്കലും ഇനി അവര്‍ക്കു കിട്ടുകയില്ല. ഈ തിരുവാതിരനാളില്‍ ഏല്ലാവര്‍ക്കുമുള്ള എന്റെ സമ്മാനം. ഒരിക്കലും തിരിച്ചു വരാതെ ഞാന്‍ പോകുകയാണ്. എല്ലാവരോടുമുള്ള എന്റെ പ്രതികാരം. എന്നിലെ ജീവന്‍ ഈ രാത്രിയില്‍ സുന്ദരമായ മുറിയ്ക്കുള്ളില്‍ ഈ മുണ്ടിന്റെ തുമ്പില്‍ ജീവിതം അവസാനിപ്പിക്കുന്നു.

ഒരു ദീര്‍ഘ നിശ്വാസത്തിന് ശേഷം ഡയറി മടക്കുമ്പോള്‍, താന്‍ ഒരിക്കലും കണ്ടില്ലെങ്കില്‍ കൂടി, മീനാക്ഷി തന്റെ കുഞ്ഞനുജത്തിയെ പോലെ ആത്മബന്ധം  ഉടലെടുത്തിരുന്നു. കന്യകയുടെ ശാപം പേറി അനാഥമായിത്തീര്‍ന്ന നാലുകെട്ട്. രാമകൃഷ്ണന്‍ വീടു വിട്ടിറങ്ങുമ്പോള്‍ തന്നോട് തന്നെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയിരിക്കുന്നു. ഒരിക്കലും തിരിച്ചു വരാത്ത ബാലചന്ദ്രന്റെ ശബ്ദം സ്വരങ്ങളായി മുഴങ്ങിയ ക്ഷേത്രാങ്കണം. ഒരിക്കല്‍ക്കൂടി അവിടേയ്ക്ക് പോകണമെന്ന് തോന്നി. തന്റെ അനുജന്റെയും മീനാക്ഷിയുടെയും ജീവിതം തകര്‍ത്ത ഈ നാട്ടിലേക്ക് ഇനിയൊരിക്കലും ഇല്ലെന്ന് നിശ്ചയിച്ച് അയാള്‍ യാത്ര തിരിച്ചു. ഒരായിരം ഓര്‍മ്മകള്‍ ഉള്ളിലൊതുക്കി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക