Image

രാമം ദശരഥം വിദ്ധി (മൃദുല രാമചന്ദ്രൻ, രാമായണ ചിന്തകൾ 16)

Published on 01 August, 2021
രാമം ദശരഥം വിദ്ധി (മൃദുല രാമചന്ദ്രൻ, രാമായണ ചിന്തകൾ 16)
*രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവിം വിദ്ധി
ഗച്ഛ താത യഥാ സുഖം*

രാമായണത്തിലെ ഏറ്റവും വിഖ്യാതമായ വാക്ക് ഏത് എന്ന് തന്റെ സദസ്സിലെ മഹാപണ്ഡിതനായ വരരുചിയോട് ഭോജരാജാവ് ചോദിച്ചു.ഉത്തരം അറിയാതെ വിഷമിച്ച വരരുചിക്ക് ശരി ഉത്തരം കണ്ടെത്താൻ നാല്പത്തി ഒന്ന് ദിവസത്തെ സമയം നൽകി.ഉത്തരം ഒന്നും തോന്നാതെ മനസ് ഉരുകി നാൽപ്പതാം നാൾ ഒരു മരച്ചുവട്ടിൽ  കിടന്ന വരരുചി വനദേവതമാരുടെ വർത്തമാനത്തിൽ നിന്നുമാണ് രാമായണത്തിലെ ശ്രേഷ്ഠ പദം "മാം വിദ്ധി" എന്നാണ് എന്ന് മനസിലാക്കുന്നത്.

വെളിച്ചം പോലെ എഴുതി കൊളുത്തി വച്ച വാക്കുകളെക്കാൾ ,തെളിച്ചമുള്ള നിശബ്ദത വാക്കുകൾക്കിടയിൽ വിട്ടു വച്ചവർ ആയിരുന്നു വ്യാസനും, വാൽമീകിയും.
അതിഗംഭീരമായ കഥാപാത്രങ്ങളുടെ നിരയിൽ നിന്ന് രാമായണത്തിലെ ഏറ്റവും മഹനീയമായ പദം ഉച്ചരിക്കാൻ വാല്മീകി തിരഞ്ഞെടുത്തത് , അത്രയൊന്നും തിളക്കമില്ലാത്ത സുമിത്രയെ ആയത് കേവലം ഒരു ആകസ്മികതയല്ല.ത്യാഗത്തിന്റെയും, സഹനത്തിന്റെയും പരമമായ മന്ത്രം മകന് ഉപദേശിക്കാൻ സുമിത്രയേക്കാൾ മികച്ച ഒരു അമ്മ രാമായണത്തിൽ ഇല്ല.

ആ സന്ദർഭത്തിന്റെ ആഴം എത്രയെന്ന് നോക്കൂ..സീതാ രാമന്മാർക്ക് ഒപ്പം കാട്ടിലേക്ക് പുറപ്പെടുന്ന  ലക്ഷ്മണൻ അമ്മയെ കണ്ട് യാത്ര ചോദിക്കാൻ എത്തുമ്പോൾ അമ്മ മകനോട് ഇത്രയേ പറയുന്നുള്ളൂ.."ഏട്ടനെ അച്ഛനെ പോലെയും, ഏട്ടത്തിയെ അമ്മയെ പോലെയും, കാടിനെ അയോധ്യ പോലെയും കരുതി, സുഖമായി പോയി വരൂ എന്ന്".

രാമവിരഹം കൊണ്ട് തളർന്നു, തകർന്നു പോയ, നില മറന്നു വിലപിക്കുന്ന കൗസല്യയെയും, ദശരഥനേയും നമുക്ക് ഒരിടത്ത് കാണാം.മകന് വേണ്ടി ഒരു രാജ്യത്തിന്റെ മുഴുവൻ ശാപവും ശിരസിൽ വാങ്ങി, സ്വന്തം വാശിയിൽ ഉറച്ചു നിൽക്കുന്ന കൈകേയി എന്ന മറ്റൊരു അമ്മയെ അടുത്ത് കാണാം.

ഇവർക്കിടയിൽ ആണ് കരയാതെ, ശപിക്കാതെ സുമിത്ര സ്വന്തം മകനെ ഇങ്ങനെ ഉപദേശിക്കുന്നത്.

വനവാസം രാമന്റെ മാത്രം നിയോഗം ആയിരുന്നു. ഭർത്താവിനെ അനുഗമിക്കുന്നത് ആണ് ഭാര്യാ ധർമ്മം എന്നു പറഞ്ഞാണ് സീത കൂടെ ഇറങ്ങുന്നത്.കൊട്ടാരം വിട്ട് ഏട്ടനെ അനുഗമിക്കണം എന്ന് ലക്ഷ്മണനോട് ആരും പറഞ്ഞിട്ടില്ല. ആവുന്ന പോലെ ഒക്കെ പിന്തിരിപ്പിക്കാൻ രാമൻ ശ്രമിക്കുന്നുണ്ട്.പക്ഷെ രാമസേവയാണ് സ്വധർമം എന്ന് ലക്ഷ്മണൻ ഉറച്ചു നിൽക്കുന്നു. ഭർത്താവിനെ അനുഗമിക്കുന്നത് ആണ് സീതക്ക് ധർമ്മം ആയിരുന്നത് എങ്കിൽ, മാതാപിതാക്കളെ ശുശ്രൂഷ ചെയ്ത് കൊട്ടാരത്തിൽ കഴിയാൻ ആയിരുന്നു ലക്ഷ്മണ പത്നിയുടെ നിയോഗം.ഭാര്യാ ധർമ്മം പാലിച്ചു ലക്ഷ്മണന്റെ കൂടെ പോകണം എന്ന് ഊർമിള വാശി പിടിച്ചില്ല. കാഷായം ധരിച്ചു സീത രാമന്റെ കൂടെ പുറപ്പെട്ടപ്പോൾ നിലവിളിച്ച നഗരം, കൊട്ടാരത്തിന്റെ കരിങ്കൽ തൂണുകൾക്ക് പിന്നിൽ നിന്ന് ഏട്ടനെയും, ഏട്ടത്തിയെയും അനുയാത്ര ചെയ്യുന്ന ഭർത്താവിനെ നോക്കി നിൽക്കുന്ന ഊർമിള എന്ന ഭാര്യയെ കണ്ടതെ ഇല്ല.

യാതൊരു കാര്യവും ഇല്ലാതെ, നവവധുവായ ഭാര്യയെ വിട്ട് എന്തിന് രാമന്റെ കൂടെ പോകണം എന്ന് സുമിത്ര മകനോട് കലഹിച്ചില്ല, കരഞ്ഞു നിലവിളിച്ചു ഭീഷണിപ്പെടുത്തി വിലക്കിയില്ല. രാമന്റെ കൂടെ പോകുമ്പോൾ സ്വന്തം ആരോഗ്യവും, സുരക്ഷയും ശ്രദ്ധിക്കണം എന്ന് മകനെ ഉപദേശിച്ചില്ല. മറിച്ചു, നിർമമത്വത്തിന്റെ പരകോടിയിൽ നിന്ന് ഏതാനും വാക്കുകൾ.

ദശരഥ മഹാരാജാവിന്റെ ധർമപത്നിയായ കൗസല്യക്കും, ഇഷ്ട്ട പത്നിയായ കൈകേയിക്കും ഇടയിൽ ഏറ്റവും അവഗണിക്കപ്പെട്ടവൾ ആയിരുന്നു സുമിത്ര.ധർമ്മത്തിന്റെ മുറ കൊണ്ടോ, ഭർത്താവിനെ വരുതിയിൽ നിർത്തുന്ന സാമർഥ്യം കൊണ്ടോ തനിക്ക് വേണ്ടി ഒന്നും പറഞ്ഞു നേടാൻ കഴിയാതെ പോയ ഒരുവൾ.

പുത്രകാമേഷ്ടി യാഗത്തിന് ഒടുക്കം ലഭിച്ച പായസം രണ്ട് ഭാര്യമാർക്ക് ആയിട്ടാണ് ദശരഥൻ പങ്കു വച്ചത്.നിർദയം മാറ്റി നിർത്തപ്പെട്ടവൾ ആയിരുന്നു മഗധയുടെ രാജകുമാരി.സപത്നിമാരുടെ കനിവ് കൊണ്ടാണ് ഒടുക്കം അവൾക്ക് പായസം ലഭിച്ചത്.തനിക്ക് ജനിച്ച ഇരട്ടക്കുട്ടികളിൽ ഒരാളെ രാമനും, മറ്റേയാളെ ഭരതനും ആയി വിട്ട് കൊടുത്ത് കൊണ്ട് സുമിത്ര ആ ഋണം തീർക്കുകയായിരുന്നിരിക്കണം.

രാമനെ പിരിയുന്ന കൗസല്യയുടെ ദുഖത്തിനെക്കാൾ മാറ്റ് കുറഞ്ഞതൊന്നും ആവില്ല ലക്ഷ്മണനെ പിരിയുന്ന സുമിത്രയുടെ ദുഃഖം. പക്ഷെ ആ സങ്കടത്തെ അധികം ആരും പൊലിപ്പിച്ചു കാണിച്ചില്ല.

കാഷായം ഉടുത്ത് രാമന് ഒപ്പം സീത പോയപ്പോൾ , ശരീരത്തെയും, ഹൃദയത്തെയും അദൃശ്യമായ ഒരു വൽക്കലം കൊണ്ട് മൂടിയ ഊർമിളയെ മാത്രം, ആരും കാണാതെ അല്പനേരം അവർ മടിയിൽ കിടത്തി ആശ്വസിപ്പിച്ചിരിക്കും.

രാമ പട്ടാഭിഷേകത്തിന് വിഘ്നം നേരിട്ടത് അറിഞ്ഞു,കോപം കൊണ്ട് ജ്വലിച്ചും, കടൽ പോലെ ആർത്തും ലക്ഷ്മണൻ വന്നപ്പോൾ ,അനുജനെ ചേർത്ത് പിടിച്ചു രാമൻ ആശ്വസിപ്പിക്കുവാൻ തുടങ്ങുന്നത് "വത്സ സൗമിത്രേ, കുമാര നീ കേൾക്കണം" എന്ന് പറഞ്ഞാണ്.സുമിത്രയുടെ മകന് മാത്രം സാധ്യമാകുന്ന ചിലതുകൾ  രാമായണത്തിൽ ഉടനീളം ലക്ഷ്മണൻ ചെയ്യുന്നുണ്ട്.

ഇന്ദ്രനെയും തോൽപിച്ച ഇന്ദ്രജിത്ത് എന്ന രാവണപുത്രനോട് യുദ്ധം ചെയ്യുമ്പോൾ , പതിനാല് വർഷങ്ങൾ ഊണും, ഉറക്കവും ഉപേക്ഷിച്ച് ഏട്ടനും, ഏട്ടത്തിക്കും കാവൽ നിൽക്കുമ്പോൾ അമ്മയുടെ ഉപദേശത്തെ മകൻ ഹൃദയത്തിൽ തന്നെ വഹിച്ചു.

ലോകത്തിന് മുഴുവൻ കാണാൻ പാകത്തിൽ ചിലരെ സ്വന്തം ചുമലിൽ എടുത്ത് ഉയർത്തുക എന്ന കർമം ചെയ്യുന്നവർ ഉണ്ട് ചിലർ.അങ്ങനെ ചിലർ രാമായണത്തിലും ഉണ്ട്....ലക്ഷ്മണനെ പോലെ, സുമിത്രയെപ്പോലെ....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക