Image

അന്താരാഷ്‌ട്ര മത സ്വാതന്ത്ര്യ അംബാസഡർ സ്ഥാനത്തേക്ക് ആദ്യമായി മുസ്ലീം ഇന്ത്യൻ-അമേരിക്കൻ

Published on 01 August, 2021
അന്താരാഷ്‌ട്ര മത സ്വാതന്ത്ര്യ അംബാസഡർ സ്ഥാനത്തേക്ക്  ആദ്യമായി  മുസ്ലീം ഇന്ത്യൻ-അമേരിക്കൻ
ന്യൂയോർക്ക്, ജൂലൈ 31:  അന്താരാഷ്‌ട്ര മത സ്വാതന്ത്ര്യ (ഇന്റർനാഷണൽ  റിലീജിയസ് ഫ്രീഡം) അംബാസഡർ സ്ഥാനത്തേക്ക്  മുസ്ലീമായ  ഇന്ത്യൻ-അമേരിക്കൻ റഷാദ് ഹുസൈനെ പ്രസിഡന്റ് ജോ ബൈഡൻ നാമനിർദ്ദേശം ചെയ്തു. സെനറ്റ് ഈ നോമിനേഷൻ അംഗീകരിച്ചാൽ , മതപരമായ പുരോഗതിക്കും സ്വാതന്ത്ര്യത്തിനും  യുഎസ് നയതന്ത്രത്തിന് നേതൃത്വം നൽകുന്ന ആദ്യ മുസ്ലീമാകും ഹുസൈൻ. 

ദേശീയ സുരക്ഷാ കൗൺസിലിന്റെ പാർട്ണർഷിപ്സ് ആൻഡ് ഗ്ലോബൽ എൻഗേജ്മെന്റ്  ഡയറക്ടറായ  ഹുസൈൻ,   നീതിന്യായ  വകുപ്പിന്റെ സീനിയർ കൗൺസലായി പ്രവർത്തിച്ചിട്ടുണ്ട്. ബൈഡൻ മുൻപ് നിയമിച്ച പലരെയും പോലെ, ഹുസൈനും  മുൻ പ്രസിഡന്റ് ബരാക്  ഒബാമയുടെ ഭരണകൂടത്തിൽ പ്രവർത്തിച്ചിരുന്ന ആളാണ്.

ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷനിലും  (OIC),  സ്ട്രാറ്റജിക് കൌണ്ടർ ടെററിസം കമ്മ്യൂണിക്കേഷൻസിലും യു എസിന്റെ  പ്രത്യേക പ്രതിനിധിയായാണ്  സേവനമനുഷ്ഠിച്ചത്.
മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിന് ഹുസൈൻ നേതൃത്വം നൽകിയിരുന്നതായി വൈറ്റ് ഹൗസ് പറഞ്ഞു.

യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ഹുസൈൻ, ഹാർവാർഡ്  യൂണിവേഴ്സിറ്റിയിൽ   നിന്ന്   അറബിഭാഷയിലും  ഇസ്ലാമിക് പഠനങ്ങളിലും മാസ്റ്റേഴ്സ് ചെയ്തു. ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് ജുഡീഷ്യറി കമ്മിറ്റിയുമായും  പ്രവർത്തിച്ചിട്ടുണ്ട്.

പാകിസ്ഥാനി അമേരിക്കൻ ഖിസർ ഖാനെ ബൈഡൻ  യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USICRF) അംഗമായി നിയമിക്കുമെന്ന്  വൈറ്റ് ഹൗസ് വെള്ളിയാഴ്‌ച പ്രഖ്യാപിച്ചു.
ലോകമെമ്പാടുമുള്ളവരുടെ  മതസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന  USICRF,  വാർഷിക റിപ്പോർട്ട്  പ്രസിദ്ധീകരിക്കും. നാഷണൽ യൂണിറ്റി പ്രോജക്ടിന്റെ സ്ഥാപകൻ കൂടിയായ  ഖാൻ, അഭിഭാഷകനാണ്.
ഇറാഖിൽ വച്ച് കൊല്ലപ്പെട്ട.യുഎസ് ആർമി ക്യാപ്റ്റൻ ഹുമയൂൺ ഖാന്റെ പിതാവാണ് ഖിസർ ഖാൻ. ട്രംപ് സ്ഥാനാര്ഥിയായിരിക്കുമ്പോൾ  ഖാൻ ഡമോക്രാറ്റിക് കൺവൻഷനിൽ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധ  നേടിയിരുന്നു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക