Image

എന്നെ പ്രേമിച്ചില്ലെങ്കില്‍ നീ ഇനി ജീവിക്കേണ്ട (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 01 August, 2021
എന്നെ  പ്രേമിച്ചില്ലെങ്കില്‍  നീ ഇനി  ജീവിക്കേണ്ട  (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
അനുഭവങ്ങളെ ഓര്‍മകളില്‍ സൂക്ഷിക്കാന്‍ കഴിയുന്ന  നമ്മള്‍ എത്ര ഭാഗ്യവാന്മാര്‍ അല്ലെ? നിഷ്കളങ്കതയുടെ ബാല്യകാലം ഇന്നും ഒരു കൗതുകമാണ്. നിറമുള്ള കുട്ടിക്കാലം സമ്മാനിച്ച ഒരുപിടി നല്ല ഓര്‍മ്മകള്‍  ഇന്നും  മായാതെ നില്‍ക്കുന്നു. ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലമായിരിക്കണം കുട്ടിക്കാലവും അതിന് ശേഷമുള്ള കൗമാരവും. അത്രയും നിഷ്കളങ്കവും വര്‍ണ്ണാഭവുമായാ ഒരു കാലം  നമുക്ക്  മറ്റൊരിക്കലും കിട്ടില്ല എന്നുതന്നെ പറയാം. അതിരുകളില്ലാതെ ഒരു പൂമ്പാറ്റയെ പോലെ  പാറി പറന്ന കാലം. ഓര്‍മയുടെ താളുകള്‍ പിന്നിലേക്ക് മറിക്കുമ്പോള്‍ ആ പഴയ കുട്ടിക്കാലം മനസ്സില്‍ മായാതെ  നില്‍ക്കുന്നു.

ഇപ്പോഴും ചിലപ്പോഴൊക്കെ കുട്ടിക്കാലത്തെ ചില നിറമുള്ള ഓര്‍മ്മകള്‍ മനസ്സിലേക്ക് കടന്നു വരാറുണ്ട് . പങ്കു വെച്ചു കഴിച്ച സ്കൂള്‍ ജീവിതവും, ഒരു നാരങ്ങാ മിഠായി വാതില്‍ പാളിക്കിടയില്‍ വെച്ച് പൊട്ടിച്ച് ഓരോ തരി പങ്കു വെച്ച് കഴിച്ച കുട്ടിക്കാലവുമൊക്കെ നമ്മളില്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ടാകും. സ്കൂളിലേക്കുള്ള യാത്രയ്ക്കിടയില്‍ വഴിവക്കിലെ മാവില്‍ കല്ലെറിഞ്ഞ് മാങ്ങാ കല്ലില്‍ ഇടിച്ച് പൊട്ടിച്ച് പങ്കുവെച്ചു കഴിച്ചതൊക്കെ ഏതോ സ്വപ്നത്തിലെന്നപോലെ കടന്നുവരാറുണ്ട്.

ഒരു അവധിക്കാലം ആയാല്‍  പിന്നെ  മാവിന് കല്ലെറിഞ്ഞും , മടല് മുറിച്ചു ബാറ്റുണ്ടാക്കി ക്രിക്കറ്റ് കളിച്ചും , മീന്‍ പിടിച്ചും, നീന്തിക്കളിച്ചും  ഒരു  പൂമ്പാറ്റയെ  പോലെ പാറിപ്പറന്നു  നടന്നിരുന്ന ഒരു കാലം. പിന്നെ
സ്കൂള്‍ തുറക്കുബോള്‍ ജൂണിലെ  പെഴുമഴയില്‍ നനഞ്ഞു ക്ലാസ്സ് മുറിയിലെക്കെത്തുന്ന ആ നിമിഷം ഒന്ന് കൂടിയൊന്നു പൊടി തട്ടി നോക്കിയാല്‍ മഴയാണെന്നു അമ്മ പലവട്ടം പറഞ്ഞിട്ടും , പുതിയ ഷൂ നനഞ്ഞു ചീത്തയാകും എന്ന് പറഞ്ഞിട്ടും കേള്‍ക്കാതെ വാശി പിടിച്ചു പുത്തന്‍ ഉടുപ്പുകളുമായി സ്കൂളിലേക്ക് പോയി  തിരികെ  നനഞ്ഞു കുളിച്ചുവരുന്ന ആ  കാഴ്ച  ഇന്നും മനസ്സിലുണ്ട്.

ഒപ്പം തന്നെ ചില കൗശലങ്ങളും കള്ളത്തരങ്ങളും കുറുമ്പുകളുമുണ്ട് ആ കാലത്തിന്. പ്രായത്തിന്റെ  കുട്ടിത്തരങ്ങളും കുറുമ്പുകളുമാണ്  അവ.

അന്ന് പാടവരമ്പത്തെ വെള്ളത്തില്‍ മീന്‍ പിടിച്ചത്  ഓര്‍ക്കുന്നു ,ചെറിയ തോര്‍ത്ത് മുണ്ട് വെച്ചാരുയിരുന്നു മീന്‍ പിടിത്തം, ചിലപ്പോള്‍ ഒന്നുരണ്ടു കുഞ്ഞു മീനുകളെ കിട്ടും. അത് കിട്ടിയാല്‍ വലിയ മീനെ  പിടിച്ച ഭാവം. മീന്‍ പിടിച്ചു കഴിഞ്ഞാ പിന്നെ ചെറിയ കവറില്‍ വെള്ളം നിറയ്ക്കും. പിന്നെ മീനെ അതിലാക്കും. ഞങ്ങളുടെ  അക്ക്വേറിയം രണ്ടു ദിവസം വരെയേ കാണു. രണ്ടു ദിവസം കഴിഞ്ഞാ മീന്‍ ഒക്കെ ചത്തു പോകും. എന്താ കാരണം എന്ന് ഞങ്ങള്‍ക്ക് അന്നൊന്നും പിടി കിട്ടിയിരുന്നില്ല. അതുപോലെ തന്നെയായിരുന്നു  രാത്രിയില്‍ മിന്നാമിങ്ങുകളെ പിടിച്ചു കുപ്പിയില്‍ ഇട്ട്  അടച്ചുവെക്കും , രാത്രിയില്‍  കുറച്ചുനേരമെക്കെ അവ പ്രകാശിക്കും പിന്നെ അവയുടെ പ്രകാശം പതിയെ  നിലക്കും.

തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുക, തുമ്പിയുടെ വാലില്‍ നൂലു കെട്ടിയിടുക, കുഴിയാനയെ പിടിച്ചു തീപ്പെട്ടിക്കൂടില്‍ ഇടുക, ചിത്രശലഭത്തിന്റെ പ്യൂപ്പയെ തപ്പിയിറങ്ങി അതിനെ കുപ്പിയിലോ തീപ്പട്ടിക്കൂടിലോ അടച്ചുവയ്ക്കുക, പട്ടിയെ കല്ലെറിയുക, കിളിക്കൂടുകള്‍ തേടിയിറങ്ങി മുട്ട കണ്ടെത്തുക, കവണ കൊണ്ട്  കിളികളെ എറിഞ്ഞുവീഴ്ത്തുക, വേട്ടാവളിയന്റെ കൂടു കുത്തിയിടുക, പൂച്ചയെ പിടിച്ചു പൊക്കത്തില്‍ നിന്നു താഴേക്കെറിയുക തുടങ്ങി എന്തൊക്കെ ക്രൂരതകളാണ് കുട്ടിക്കാലത്തു നമ്മള്‍ ചെയ്തിട്ടുള്ളത്.  ബാല്യത്തിന്റെ ശീലങ്ങളായി വിട്ടുകളഞ്ഞാണ് കൗമാരത്തിലേക്കും യൗവനത്തിലേക്കും നമ്മള്‍ കാടേറുന്നത്.

അവിടെയും ഈ ശീലങ്ങള്‍ തുടരുമ്പോഴാണ് നമ്മള്‍ മനസ്സിനു വിശേഷമുള്ള പലവിധം മനുജാതികളെ പ്പറ്റിയോര്‍ത്തു വിഷമിക്കുന്നത്. ഇത്  ഓരോ പ്രായത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ആണ് , അതാതു  പ്രായത്തിന്‍റെ  ചാപല്യങ്ങള്‍

ഓരോ പ്രായത്തിലും നമ്മുടെ മനസ്സിന് നാം അറിയാതെ തന്നെ മാറ്റങ്ങള്‍ ഉണ്ടാകുന്നു. കുട്ടികാലത്തു എങ്ങെനെ എങ്കിലും ഒന്ന് വലുതാകാന്‍ സ്വപ്നം കണ്ട   ഞാന്‍  ഇന്ന് എന്റെ  ബാല്യകാലം തിരിച്ചു കിട്ടാന്‍ കൊതിക്കുന്നു.
കൗമാരത്തില്‍  വലുതാവാന്‍ വേണ്ടി ഇല്ലാത്ത മീശ കറുപ്പിച്ചും വലിയ  ആളുകളുമായി  കൂട്ട്കുടി  അവരില്‍  ഒരാളാവാന്‍ ശ്രമിച്ച  ഞാന്‍ ഇന്ന്  വീണ്ടും ചെറുതാവാന്‍ ആഗ്രഹിക്കുന്നു. നഷ്ടപ്പെട്ട്  കഴിയുബോഴേ  നഷ്ടപ്പെട്ടതിന്റെ വില മനസ്സില്‍ ആവു.

നമ്മുടെ  രൂപത്തിലും ഭാവത്തിലും നാം അറിയാതെ   മാറ്റങ്ങള്‍  മാറി മാറി വരുന്നു.പക്ഷെ കാലം മുന്നോട്ട് കുതിച്ചപ്പോള്‍ ഗ്രാമങ്ങള്‍ നഗരങ്ങളായി ; ലോകത്തിന്‍റെ വലിപ്പം കുറഞ്ഞു ; എവിടെയും ചെന്നെത്താം എന്ന നിലയായി; കാണാദൂരത്തോളം ചെന്നെത്താനും കണ്ണെത്താ ദൂരത്തോളം പറക്കാനും എന്തിന് വിരല്‍ത്തുമ്പില്‍ ലോകം കാണാന്‍ കഴിഞ്ഞിട്ടും  ഇന്നത്തെ ബാല്യങ്ങള്‍ക്ക് പഴയ നിറമില്ല , സുഗന്ധമില്ല.   പല  കാര്യങ്ങളും  ഇപ്പോഴത്തെ കുട്ടികള്‍ക്ക് അന്യമാണ്.   പക്ഷേ അവര്‍  ഇലട്രോണിക്സ്  യുഗത്തില്‍  ആണ് ജീവിക്കുന്നത് .നാം അനുഭവിച്ച രീതിയില്‍ അല്ല എന്ന് മാത്രം. അടുത്ത ഒരു തലമുറ ഇതില്‍ നിന്നും വളരെ  വിഭിന്നമായിരിക്കും. കാലം മുന്നോട്ടാണ് പോകുന്നത് ...

തിരക്കിനിടയില്‍ എപ്പോഴോ നമ്മളൊക്കെ മറ്റാരോ ആയതു പോലെ.ചിലപ്പോഴെങ്കിലും മനസ്സു പറയുന്നു വലുതാവേണ്ടിയിരുന്നില്ല. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ.എന്നും ആ കുട്ടിക്കാലം തന്നെ മതിയായിരുന്നു എന്ന്  ഇപ്പോഴും ആഗ്രഹിച്ചു പോകുന്നു.

നാം  അനുഭവിച്ചെതെല്ലാം  നമുക്ക്  ജീവിതങ്ങള്‍  ആണ്  പക്ഷേ മറ്റുള്ളവര്‍ക്ക് അത്  വെറും കെട്ടുകഥകളായിരിക്കാം. അനുഭവിച്ചു  അറിഞ്ഞവര്‍ക്കേ   മാത്രമേ പറഞ്ഞാല്‍  മനസിലാവുകയുള്ളു

ഞാന്‍ ഇത്രയും  കുട്ടികാലത്തെ പറ്റി  പറഞ്ഞത് അന്നൊക്കെ  പങ്ക് വെയ്ക്കലിന്‍റെ ബാല്യമായിരുന്നു. ഇന്നത്തെ കുട്ടികളെ പോലെ  ആഗ്രഹിച്ചത് ഒന്നും നേടിയുള്ള  ജീവിതമായിരുന്നില്ല.

ഇന്നത്തെ കുട്ടികള്‍ക്ക്  അവര്‍ ആഗ്രഹിക്കുന്നത്  എന്തും  നേടിയെടുക്കണം എന്ന  വാശിയാണ്. അത് ആഗ്രഹിച്ചത്  കിട്ടാന്‍  ഏതറ്റംവരെയും പോകും. പ്രണയം പോലും   അവര്‍ക്ക്  ഇഷ്ടമുള്ളത്  കിട്ടിയില്ലെങ്കില്‍ പിന്നെ  അതിനെ വെച്ചിട്ടു കാര്യമില്ല  എന്ന മനോഭാവമാണ്.  ഈ  അടുത്തിടെയായി  വളരെ അധികം പെകുട്ടികളെ  പ്രണയം നിരസിച്ചതിന്റെ  പേരില്‍  കൊല്ലുന്നു. എന്നെ ഇഷ്ടമല്ല എങ്കില്‍ നീ ഇനി  ജീവിക്കേണ്ട  എന്ന മനോഭാവം  കുടി വരുന്നു. ഇഷ്ടമെന്താണ് ,  പ്രണയമെന്താണ്  എന്ന വ്യത്യസം പോലും അവര്‍
മനസിലാക്കുന്നില്ല.

നമുക്ക് ചില വസ്തുവിനോടോ  ചില വ്യക്തികളോടോ  പ്രതിഭാസത്തോടോ ഇഷ്ടമുണ്ടാകാം. അവ തരുന്ന സന്തോഷമോ ഇതിന്റെയൊക്കെ ഫലമായി ഉണ്ടാകുന്ന മാനസികാവസ്ഥയാണ്   ഇഷ്ടം. അത് മിക്കവാറും  ഒരു   ഭാഗം മാത്രമായിരിക്കും.

നമ്മള്‍ ഒരാളെ സ്‌നേഹിക്കുബോള്‍  അയാള്‍ക്ക് തിരിച്ചും നമ്മളോട് തോന്നുന്ന അനുഭൂതിയെ സ്‌നേഹം എന്ന് പറയാം. എന്നാല്‍ ആണ്‍ സുഹൃത്തും  പെണ്‍ സുഹൃത്തും തമ്മില്‍  തോന്നുന്ന  വികാരമാണ് പ്രേമം.

പക്ഷേ  ഇന്നത്തെ കേരളത്തിലെ യുവതലമുറ പലപ്പോഴും അവര്‍ക്ക്  ഇഷ്ടമുള്ളതിനെ സ്‌നേഹമാണെന്ന്  തെറ്റിധരിച്ചു  പ്രണയ അഭ്യര്‍ത്ഥന നടത്തുകയും  അത് നിരസിക്കുബോള്‍  ഇല്ലായ്മ  ചെയ്യുകയും  ചെയ്യുന്ന  മനോഭാവം  കൂടിവരികയാണ്. ഇത്  മാനസിക വിഭ്രാന്തിയില്‍ നിന്ന് ഉണ്ടാവുന്നതാണെങ്കില്‍ പോലും ജീവിന്‍ പൊലിയുന്നത്  നമ്മുടെ പെണ്‍കുട്ടികളുടെ ആണ്. പലപ്പോഴും  അവര്‍ നിസഹായരായിഇതിന്റെ  ഇരകളായി മാറുകയാണ്.   ഇത്  കേരളത്തിലെ മാത്രം ആണ്‍കുട്ടികളില്‍  ഒരു ട്രെന്‍ഡ് ആകുന്നു. എന്തുകൊണ്ടായിരിക്കാം   അക്രമ വാസന യുവതലമുറയില്‍ ഇത്രയും കൂടുതല്‍ ആയി കാണുന്നത് ?


Join WhatsApp News
Sheela Cheru 2021-08-01 17:04:25
Beautiful article Sreekumar! Thank You for taking us back to the childhood. Those are the best moments we love to cherish lifetime! Keep going 👏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക