Image

പഞ്ചരത്നങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അംഗമെത്തി; മുത്തശ്ശിയായ സന്തോഷത്തില്‍ രമാദേവി

Published on 01 August, 2021
പഞ്ചരത്നങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അംഗമെത്തി; മുത്തശ്ശിയായ സന്തോഷത്തില്‍ രമാദേവി



തിരുവനന്തപുരം: പോത്തന്‍കോട്ടെ പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അംഗം എത്തി. ഒറ്റപ്രസവത്തില്‍ പിറന്ന അഞ്ച് കണ്‍മണികളിലെ മൂന്നാമത്തെയാള്‍ ഉത്തരയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ധാര്‍മ്മിക് എന്നാണ് കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്. മുത്തശ്ശിയായതിന്റെ സന്തോഷവും നിര്‍വൃതിയും രമാദേവിയും മറച്ച് വയ്ക്കുന്നില്ല.

നിമിഷങ്ങളുടെ ഇടവേളയില്‍ ജനിച്ച അഞ്ച് മക്കളില്‍ ഉത്രയും, ഉത്രജയും,ഉത്തരയും, ഉത്തമയും കഴിഞ്ഞ വര്‍ഷമാണ് വിവാഹിതര്‍ ആയത്. ഏക മകന്‍ ഉത്രജന്‍ വിദേശത്ത് ജോലിയിലാണ്. ഉത്തരയാണ് കഴിഞ്ഞ ദിവസം അമ്മയായത്. മകനും അമ്മയും സുഖമായിരിക്കുന്നു.

1995 നവംബറിലാണ് പ്രേംകുമാറിനും രമാദേവിക്കും ഒറ്റപ്രസവത്തില്‍ അഞ്ച് മക്കള്‍ ജനിച്ചത്. അച്ഛന്‍ പ്രേകുമാറിന്റെ അപ്രതീക്ഷിത വിയോഗം, സഹകരണ ബാങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ജോലി കൊണ്ട് മക്കളെ വളര്‍ത്തിയ രമാദേവിയുടെ ജീവിതം, ഹൃദ്രോഗത്തിന്റെ രൂപത്തിലെത്തിയ വിധിയുടെ ക്രൂരതയെ പേസ്മേക്കറോടെ നേരിട്ടത്, എല്ലാം കേരളം നേരില്‍ കണ്ടതാണ്. 

പോത്തന്‍കോട്ടെ പഞ്ചരത്നം കുടുംബം വീണ്ടും വികസിക്കാനൊരുങ്ങുകയാണ്. അടുത്ത അതിഥിയും ഉടനത്തുമെന്നാണ് കുടുംബം പറയുന്നത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക