Image

പ്രശസ്ത പിന്നണി ഗായിക കല്യാണി മേനോന്‍ അന്തരിച്ചു

Published on 02 August, 2021
 പ്രശസ്ത  പിന്നണി  ഗായിക കല്യാണി മേനോന്‍ അന്തരിച്ചു
ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ പിന്നണി ഗായിക കല്യാണി മേനോന്‍ വിടവാങ്ങി. 80 വയസ്സായിരുന്നു. ചെന്നൈയിലെ സ്വാകാര്യാശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചുകാലങ്ങളായി പക്ഷാഘാത ബാധിതയായി ചികിത്സയിലായിരുന്നു.

എ.ആര്‍ റഹ്‌മാന്റേതുള്‍പ്പടെ മിക്ക ദക്ഷിണേന്ത്യന്‍ സംഗീത സംവിധായകരുടെയും ചിത്രങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള കല്യാണി മേനോന്‍ കൂടുതലായും മലയാളം, തമിഴ് ഗാനങ്ങളാണ് ആലപിച്ചിട്ടുള്ളത്. വിവിധ ഭാഷകളിലായി നൂറിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.വിവിധ കാലഘട്ടങ്ങളിലും ഹിറ്റുകള്‍ സമ്മാനിച്ച്‌ എല്ലാ തലമുറകളെയും തന്റെ ആസ്വാദകരാക്കാന്‍ ഈ ഗായികയ്ക്ക് കഴിഞ്ഞു.

ആദ്യഗാനം തൊട്ട് 76 ാം വയസ്സില്‍ പാടിയ 96 ലെ കാതലെ കാതലെ എന്ന പാട്ട് വരെ ഇതിന് ഉദാഹരണമാണ്.

എറണാകുളം കാരയ്ക്കാട്ട് മാറായില്‍ ബാലകൃഷ്ണ മേനോന്റെയും രാജമ്മയുടെയും ഏക മകളായി ജനിച്ച കല്യാണിക്കുട്ടി എന്ന കല്യാണി മേനോന്‍ കലാലയ യുവജനോത്സവത്തിലൂടെയാണ് പാട്ടിലേക്കു വരുന്നത്.അഞ്ചാം വയസില്‍ എറണാകുളം ടി.ഡി.എം ഹാളിലെ നവരാത്രി ഉല്‍സവത്തിന്റെ ഭാഗമായി നടക്കുന്ന കുട്ടികളുടെ സംഗീത മല്‍സരത്തില്‍ പാടി തുടങ്ങിയ കല്ല്യാണി കോവിഡ് കാലത്തു വരെ സജീവമായിരുന്നു. 1973 ല്‍ തോപ്പില്‍ ഭാസിയുടെ 'അബല'യില്‍ പാടിയാണു ചലച്ചിത്ര സംഗീതരംഗത്ത് എത്തിയത്.എന്നാല്‍ ആ ഗാനം ശ്രദ്ധിക്കപ്പെട്ടില്ല.

1977ല്‍ പുറത്തിറങ്ങിയ രാമു കാര്യാട്ട് സംവിധാനം ചെയ്ത 'ദ്വീപ്' എന്ന ചിത്രത്തിലെ കണ്ണീരിന്‍ മഴയത്തും എന്ന ഗാനം ആരാധക പ്രശംസ പിടിച്ചുപറ്റി. ശിവാജി ഗണേശന്റെ നല്ലതൊരു കുടുംബം(1979)ല്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ചു.

മംഗളം നേരുന്നു എന്ന ചിത്രത്തില്‍ യേശുദാസിനൊപ്പം പാടിയ 'ഋതുഭേദ കല്‍പന ചാരുത നല്‍കിയ' എന്ന ഗാനവും വിയറ്റ്നാം കോളനി എന്ന ചിത്രത്തിലെ 'പവനരച്ചെഴുതുന്നു കോലങ്ങളിന്നും' എന്ന ഗാനവും മലയാളികള്‍ക്കു സുപരിചതമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക