Image

കൊട്ടിയൂര്‍ പീഡനം; റോബിന്‍ വടക്കുംചേരിക്ക് ജാമ്യമില്ലെന്ന് സുപ്രീംകോടതി

Published on 02 August, 2021
കൊട്ടിയൂര്‍ പീഡനം; റോബിന്‍ വടക്കുംചേരിക്ക് ജാമ്യമില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി:  കൊട്ടിയൂര്‍ പീഡന കേസില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കാതെ സുപ്രീം കോടതി. ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന ആവശ്യവും കോടതി നിരാകരിച്ചു. ഹര്‍ജികളില്‍ ഇടപെടില്ലെന്ന്  വ്യക്തമാക്കിയ കോടതി റോബിന്‍ വടക്കുംചേരിക്കും പെണ്‍കുട്ടിക്കും വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും  പറഞ്ഞു. 

പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് റോബിന്‍ സുപ്രീംകോടതിയെ സമീപിച്ചത്. പ്രതിയെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയും ഹര്‍ജി നല്‍കിയിരുന്നു. ജസ്റ്റിസ് വിനീത് ശരന്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് റോബിന്‍ വടക്കുംചേരിയുടെ ജാമ്യാപേക്ഷ തള്ളിയത്. ഇരയെ വിവാഹം കഴിക്കാന്‍ അനുമതി തേടി പ്രതി റോബിന്‍ വടക്കുംചേരി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. 

പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള നീക്കം ഹൈക്കോടതിയെ കരുവാക്കി ശിക്ഷ കുറയ്ക്കാനുള്ള തന്ത്രമാണെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് വൈദികന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചത്. എന്നാല്‍, പ്രതിക്ക് ജാമ്യം ആവശ്യപ്പെട്ട് പീഡനത്തിന് ഇരയായ,  ഇപ്പോള്‍ 18 തികഞ്ഞ പെണ്‍കുട്ടി രണ്ട് ദിവസം മുമ്ബ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പ്രതിയെ വിവാഹം കഴിക്കുന്നതിന് ജാമ്യം അനുവദിക്കണമെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നുമാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയത്.

ഇതിനുപിന്നാലെ,കേസില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ വൈദികനും 51 കാരനുമായ റോബിന്‍ വടക്കുംചേരിയും വിവാഹം കഴിക്കുന്നതിന് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

 കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ 20 വര്‍ഷം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയുമാണ് തലശ്ശേരി പോക്‌സോ കോടതി ഫാദര്‍ റോബിന് ശിക്ഷ വിധിച്ചിരിക്കുന്നത്.
 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക