Image

മൂന്നാം ലോക കേരള സഭയ്ക്ക് ഒരുകോടി; ബജറ്റ് വകയിരുത്തലിന്‍െറ തുടര്‍ച്ചയായി മാത്രമെന്ന് നോര്‍ക്ക

Published on 02 August, 2021
മൂന്നാം ലോക കേരള സഭയ്ക്ക് ഒരുകോടി; ബജറ്റ് വകയിരുത്തലിന്‍െറ തുടര്‍ച്ചയായി മാത്രമെന്ന് നോര്‍ക്ക
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും പ്രവാസിസംഗമത്തിനും സാംസ്കാരികോത്സവത്തിനും ഒന്നരക്കോടി അനുവദിച്ച് സര്‍ക്കാര്‍. മൂന്നാം ലോക കേരള സഭ നടത്തിപ്പിന് ഒരു കോടിയും ആഗോള സാംസ്കാരികോത്സവത്തിന് 50 ലക്ഷത്തിനുമാണ് ഭരണാനുമതി.

രണ്ട് തവണ സംഘടിപ്പിച്ച ലോക കേരളസഭയില്‍ ധൂര്‍ത്താക്ഷേപം നിലനില്‍ക്കെയാണ് കോവിഡ് സാഹചര്യത്തിലും മൂന്നാം ലോക കേരളസഭ നടത്തിപ്പിനുള്ള നീക്കങ്ങള്‍. ലോക കേരളസഭയുടെ നടത്തിപ്പിനായി ഒരു കോടി രൂപയുടെ പദ്ധതിക്കാണ് പ്രവാസികാര്യവകുപ്പ് അംഗീകാരം നല്‍കിയത്.

കലാകാരന്മാരെ എത്തിച്ചുള്ള സാംസ്കാരികോത്സവത്തിന് 50 ലക്ഷം രൂപയുടേതാണ് ഭരണാനുമതി. നോര്‍ക്ക റൂട്ട്‌സ് സമര്‍പ്പിച്ച ശിപാര്‍ശകള്‍ പരിഗണിച്ചാണ് പ്രവാസികാര്യവകുപ്പ് ഉത്തരവിറക്കിയത്. ആഗോള സാംസ്കാരികോത്സവത്തിന്‍െറ നടത്തിപ്പിന് 25 ലക്ഷവും പരസ്യത്തിനും മറ്റ് പ്രചാരണങ്ങള്‍ക്കും 25 ലക്ഷവുമാണ് ചെലവ് കണക്കാക്കുന്നത്.

കോവിഡ് നിയന്ത്രണം മൂലം കൂട്ടായ്മകള്‍ക്ക് വിലക്ക് നിലവിലുള്ളപ്പോഴാണ് ഭരണാനുമതി. എന്നാല്‍ ഇത് സ്വാഭാവിക നടപടിക്രമമെന്നും ബജറ്റ് വകയിരുത്തലിന്‍െറ തുടര്‍ച്ചയായാണ് ഉത്തരവെന്നും നോര്‍ക്ക റൂട്ട്‌സ് വിശദീകരിക്കുന്നു. കഴിഞ്ഞവര്‍ഷം ലോക കേരളസഭ നടത്തിപ്പിന് അനുവദിച്ച തുക കോവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രവാസിസഹായത്തിനാണ് ചെലവഴിച്ചതെന്നും ഇത്തവണയും സ്ഥിതിഗതികള്‍ കണക്കിലെടുത്ത് മാത്രമേ പ്രവാസിസംഗമത്തില്‍ തീരുമാനമുണ്ടാകൂവെന്നുമാണ് നോര്‍ക്ക പറയുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക