Image

കാനഡയില്‍ ബോട്ടപകടത്തില്‍ മലയാളി യുവാവ് മരിച്ചു

Published on 02 August, 2021
കാനഡയില്‍ ബോട്ടപകടത്തില്‍ മലയാളി യുവാവ് മരിച്ചു
ഒട്ടാവ: കാനഡയില്‍ ബോട്ടപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി ഡിജിത് ജോസ് (24) ആണ് മരിച്ചത്. കാനഡയിലെ ബ്രാസ് ഡി ഓര്‍ തടാകത്തില്‍ ശനിയാഴ്ചയാണ് അപകടം. ഡിജിത്തും മലയാളിയായ സുഹൃത്ത് ബിജോയും ഒരുമിച്ച് സ്പീഡ് ബോട്ടില്‍ യാത്ര ചെയ്യവെയാണ് ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്.

ബിജോ നീന്തി രക്ഷപെട്ടു. ഡിജിത് വെള്ളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. ദീര്‍ഘ നേരത്തെ തിരച്ചിലിനൊടുവില്‍ ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മുപ്പതു മിനിട്ട് ആയിരുന്നു ബോട്ട് യാത്രയ്ക്ക് അനുവദനീയമായ സമയം. യാത്ര തിരിച്ച്് ഏകദേശം ഇരുപത്തിയഞ്ച് മിനിട്ട് ആയപ്പോഴാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്.

ഡിജിത്തിന്റെ മൃതദേഹം നാട്ടിലേയ്ക്കു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു. കാനഡയിലെ മലയാളി സംഘടനയുടെ സഹകരണത്തോടെയാണ് ഇതിനായുള്ള ശ്രമങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

നിലവിലെ സാഹചര്യത്തില്‍ വിമാനസര്‍വ്വീസുകള്‍ പരിമിതമായതിനാല്‍ ഏകദേശം രണ്ടാഴ്ചയോളം സമയമെടുത്തേ മൃതദേഹം നാട്ടിലെത്തിക്കാന്‍ പറ്റൂ.

പഠനാവശ്യത്തിനു വേണ്ടി 2019ലാണ് ഡിജിത് കാനഡയിലേയ്ക്കു പോയത്. അടുത്തിടെ പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചിരുന്നു. കൊട്ടിയൂര്‍ ചുങ്കക്കുന്ന് ചിറക്കുഴിയില്‍ ജോസ്‌ഡെയ്‌സി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഡിജിന്‍, ഡിജിഷ.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക