Image

ഒളിമ്പിക്സ്: ബാലൻസ് ബീം ഫൈനലിൽ സിമോൺ ബയൽസ് പങ്കെടുക്കും

Published on 02 August, 2021
ഒളിമ്പിക്സ്: ബാലൻസ് ബീം ഫൈനലിൽ സിമോൺ ബയൽസ് പങ്കെടുക്കും
 
ടോക്കിയോ, ഓഗസ്റ്റ് 2:  അമേരിക്കൻ ജിംനാസ്റ്റിക് താരം സിമോൺ  ബയൽസ്(24)ടോക്കിയോ ഒളിമ്പിക്സിൽ  ചൊവ്വാഴ്ച നടക്കുന്ന വനിതകളുടെ ആർട്ടിസ്റ്റിക്  ജിംനാസ്റ്റിക്സിന്റെ ബാലൻസ് ബീം ഫൈനലിൽ ഭാഗമാകും.
മാനസികാരോഗ്യ പ്രശ്നങ്ങളെ  തുടർന്ന് മത്സരത്തിൽ നിന്ന് വിട്ടുനിന്ന താരത്തിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന പ്രകടനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.  
ബാലൻസ് ബീമിൽ നിലവിലെ ലോക ചാമ്പ്യനായ സിമോൺ, 2016 റിയോ ഒളിമ്പിക്‌സിൽ  ഈ ഇനത്തിൽ വെങ്കലം നേടിയിരുന്നു.  യുഎസ് ടീമിന്  സ്വർണ മെഡൽ നേടാനുള്ള തുറുപ്പുചീട്ടായ സിമോൺ വിട്ടുനിന്നപ്പോൾ കായികപ്രേമികൾ ആശങ്കയിലായിരുന്നു.
ഓൾറൗണ്ട് ഇവന്റിൽ സ്വർണ്ണ മെഡൽ നേടിയ സുനിസ ലീയെയും  തന്റെ പകരക്കാരിയായി കളത്തിലിറങ്ങിയ മൈകൈല സ്കിന്നറെയും  ചിയർ ചെയ്യാൻ കഴിഞ്ഞ മത്സരത്തിലും സിമോൺ സജീവമായിരുന്നു. വെള്ളി മെഡൽ കൊണ്ട് യു എസിന് തൃപ്തിപ്പെടേണ്ടി വന്നത് സിമോണിന്റെ അഭാവം കൊണ്ടാണെന്ന്ആരാധകർ  അഭിപ്രായപ്പെട്ടിരുന്നു.
 
സുനി ലീ, സിമോൺ  ബയൽസ് എന്നീ രണ്ട് യുഎസ് അത്‌ലറ്റുകളെ നാളെ നടക്കുന്ന ബാലൻസ് ബീം ഫൈനലിൽ  കാണാൻ കാത്തിരിക്കുക   എന്നാണ് യുഎസ്എ  ജിംനാസ്റ്റിക്സ്  ട്വീറ്റിലൂടെ തിങ്കളാഴ്ച ആരാധകരെ അറിയിച്ചത്.
ടോക്കിയോ ഒളിമ്പിക്‌സിൽ   സ്വർണ മെഡൽ  നേടാൻ മനസ്സുകൊണ്ട് ഉറപ്പിച്ച്  സിമോൺ എത്തിച്ചേർന്നിരുന്നെങ്കിലും പ്രതീക്ഷിച്ച രീതിയിൽ പ്രകടനം നടത്താൻ കഴിയാതെ വരുന്നു എന്ന തോന്നൽ മാനസിക പിരിമുറക്കം സൃഷ്ടിച്ചപ്പോൾ സ്വയം പിന്മാറുകയായിരുന്നു.
മത്സരത്തിൽ നിന്ന് വിട്ടുനിന്നത്  മനസ്സും ശരീരവും ഒരേ താളത്തിലല്ല സഞ്ചരിക്കുന്നതെന്ന് തോന്നിയ അവസ്ഥയിലാണെന്ന് സിമോൺ പറഞ്ഞു. ജിംനാസ്റ്റിക്സിൽ ആ സമന്വയം വളരെ പ്രധാനമാണെന്നും അവർ കൂട്ടിച്ചേർത്തു. വീണ്ടും ആത്മവിശ്വാസം കൈവരിച്ചതോടെയാണ് മടങ്ങിവരാൻ തീരുമാനിച്ചതെന്നും താരം വ്യക്തമാക്കി. 
2016 റിയോ ഒളിമ്പിക്സിൽ   4  സ്വർണ്ണ മെഡലുകൾ സ്വന്തമാക്കിയ  സിമോണിന് ടോക്കിയോയിൽ ആദ്യ സ്വർണം നേടാനുള്ള അവസരമാണ് നാളത്തെ മത്സരത്തിലൂടെ ഒരുങ്ങുന്നത്.. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക