Image

മലക്കം മറിഞ്ഞ് ബാബുള്‍ സുപ്രിയോ; എംപി സ്ഥാനം രാജിവെക്കില്ല

Published on 02 August, 2021
മലക്കം മറിഞ്ഞ് ബാബുള്‍ സുപ്രിയോ; എംപി സ്ഥാനം രാജിവെക്കില്ല



കൊല്‍ക്കത്ത: മോദി മന്ത്രിസഭയുടെ പുനഃസംഘടനയില്‍ മന്ത്രിസ്ഥാനം നഷ്ടമായതിന് പിന്നാലെ രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച ബാബുള്‍ സുപ്രിയോ തീരുമാനം തിരുത്തി. എംപി സ്ഥാനം രാജിവെക്കുകയാണെന്ന് പറഞ്ഞ ഗായകന്‍ കൂടിയായ ബാബുള്‍ സുപ്രിയോ താന്‍ എംപിയായി തുടരുമെന്ന് ഇന്ന് പ്രഖ്യാപിച്ചു. പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ നിന്നുള്ള ബിജെപി എംപിയാണ് ബാബുള്‍ സുപ്രിയോ.

 'ഞാന്‍ ഭരണഘടനാപരമായി (എംപി എന്ന നിലയില്‍) അസന്‍സോളില്‍ പ്രവര്‍ത്തിക്കുന്നത് തുടരും. ഭരണഘടനാ പദവിക്ക് അപ്പുറം രാഷ്ട്രീയമുണ്ട്, ഞാന്‍ അതില്‍ നിന്ന് പിന്മാറുന്നു. ഞാന്‍ മറ്റൊരു പാര്‍ട്ടിയിലും ചേരില്ല. ഡല്‍ഹിയിലെ എംപി ബംഗ്ലാവ് ഒഴിപ്പിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ അവരുടെ ചുമതലകളില്‍ നിന്ന് ഉടന്‍ ഒഴിവാക്കുകയും ചെയ്യും' ബാബുള്‍ സുപ്രിയോ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.

രണ്ടു ദിവസം മുമ്പാണ് താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും ഉടന്‍ പാര്‍ലമെന്റ് അംഗത്വം രാജിവെക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചത്. മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതിന് തൊട്ടുപിന്നാലെ തന്നെ ബാബുള്‍ സുപ്രിയോ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പാര്‍ട്ടിയെ ഞെട്ടിപ്പിച്ചുകൊണ്ട് രാഷ്ട്രീയം ഉപകേഷിക്കുകയാണെന്ന പ്രഖ്യാപനം വന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക