Image

മുഖംമൂടികൾ (ഫൈറൂസ റാളിയ എടച്ചേരി)

Published on 03 August, 2021
മുഖംമൂടികൾ (ഫൈറൂസ റാളിയ എടച്ചേരി)
കുഞ്ഞുന്നാളിലേ
വാശിയായിരുന്നു,
ഒരു മുഖംമൂടി
വാങ്ങിക്കാൻ
വാവിട്ടു
കരഞ്ഞിട്ടുണ്ട് ഞാൻ!

ആഗ്രഹങ്ങളുടെ
അഗ്നി
അകതാരിലെരിയവേ
അടുക്കളയിലെ
അരണ്ടവെളിച്ചത്തിൽ
ആഹ്ലാദത്തിന്റെ
മുഖംമൂടിയണിഞ്ഞവൾ!

"സംരക്ഷിച്ചോളാം
നിന്നെയെന്നും
ഞാനെന്ന്" പറഞ്ഞു-
ചേർത്തുപിടിച്ചോരാ
കരങ്ങളാലെന്നെ
പിച്ചിചീന്തിയവൻ
ധരിച്ചിരുന്നതും
മുഖംമൂടിയായിരുന്നു,
ചെകുത്താന്റേതെന്നു
മാത്രം!

"കുഞ്ഞേ..
നിന്റെ നീതിക്കുവേണ്ടി
ഞങ്ങൾ പോരാടുമെന്ന്"
വീമ്പിളക്കി
ലക്ഷങ്ങൾ എണ്ണിവാങ്ങി
അശേഷം ലജ്ജയില്ലാത്ത
അധികാരികളും
അണിഞ്ഞിതാവരുന്നു
മാലാഖമാരുടെ
മുഖംമൂടി!!

ഇന്നിപ്പോൾ
എനിക്കും നിനക്കും
നാം അടങ്ങുന്ന
ലോകത്തിനും
മുഖംമൂടിയാണ്,
കാപട്യത്തിന്റെ
നിഗൂഢതയുടെ
വെറുപ്പിന്റെ
വഞ്ചനയുടെ
വിദ്വേഷത്തിന്റെ
അങ്ങനെയങ്ങനെ
എത്രവർണങ്ങളാണീ
മുഖംമൂടികൾക്ക്.

അന്ന്
വാവിട്ടുകരഞ്ഞയെന്നെ
മാറോടുചേർത്ത്
"കാശില്ല മോളേ "യെന്ന്
അച്ഛൻ പറഞ്ഞതിന്നും
ഓർമയുടെ
കാതുകളിൽ നിറയുന്നു!

പാവം എന്റെ
അച്ഛനറിയില്ലല്ലോ
കാശില്ലാതെയും
മുഖംമൂടികൾ
അണിയാമെന്ന് !!!!


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക