Image

ഡിസിസി പുനസംഘടന: പട്ടിക നല്‍കി ഗ്രൂപ്പുകള്‍

ജോബിന്‍സ് Published on 03 August, 2021
ഡിസിസി പുനസംഘടന: പട്ടിക നല്‍കി ഗ്രൂപ്പുകള്‍
കേരളത്തിലെ ഡിസിസി അധ്യക്ഷന്‍മാരുടെ നിയമനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഗ്രൂപ്പുകളെ പരമാവധി ഒഴിവാക്കി കഴിവിന് പരമാവധി പ്രാമുഖ്യം നല്‍കി നിയമനങ്ങള്‍ നടത്താനാണ് സുധാകരന്റെ പദ്ധതി. 

എന്നാല്‍ ഗ്രൂപ്പുകള്‍ അനൗദ്യോഗിക ചര്‍ച്ചകളില്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള തങ്ങളുടെ പട്ടികകള്‍ കെപിസിസി അധ്യക്ഷന് നല്‍കിയതായാണ് സൂചന. ഇപ്പോള്‍ ഒരോ ഗ്രൂപ്പിന്റേയും കൈവശമുള്ള ജില്ലകള്‍ അവരവര്‍ക്കു തന്നെ നല്‍കണമെന്ന ആവശ്യവും ഗ്രൂപ്പുകള്‍ ഉന്നയിച്ചിട്ടുണ്ട്. 

എന്നാല്‍ ഈ രണ്ടാവശ്യവും നടക്കാനിടയില്ലെന്ന സൂചന സുധാകരന്‍ ഗ്രൂപ്പുകള്‍ക്ക് നല്‍കി കഴിഞ്ഞു. പട്ടികയിലുള്ളവരില്‍ കഴിവും അര്‍ഹതയുമുള്ളവരുണ്ടെങ്കില്‍ നിയമനം നല്‍കുമെന്നും എന്നാല്‍ ഒരു ഗ്രൂപ്പിന് ഇത്ര ജില്ല എന്ന ക്വാട്ട ഇനി ഉണ്ടാവില്ലെന്നുമാണ് ഗ്രൂപ്പുകള്‍ക്ക് ലഭിച്ചിരിക്കുന്ന മറുപടി. ഇതില്‍ ഗ്രൂപ്പുനേതാക്കള്‍ അസ്വസ്ഥരാണ്. 

ഗ്രൂപ്പുകളിലെ രണ്ടാം നിര നേതാക്കളാണ് ഇത്തരം ആവശ്യമുമായി രംഗത്തുള്ളത്. ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമടക്കമുള്ള നേതാക്കള്‍ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടില്ല. മികവും , നേതൃശേഷിയും കാര്യപ്രാപ്തിയുമുള്ളവരെ നേതൃസ്ഥാനങ്ങളിലേയ്ക്ക് കൊണ്ടുവരണമെന്നാണ് കുടുതല്‍ നേതാക്കളും അഭിപ്രായപ്പെട്ടത്. 

ഈ ഗുണങ്ങളുള്ള യുവനേതാക്കള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കും. കെപിസിസി രാഷ്ട്രീയകാര്യ സമതി അംഗങ്ങള്‍ , എംഎല്‍എമാര്‍, എംപിമാര്‍ എന്നിവരുമായാണ് സുധാകരന്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക